വയലാർരാമവർമ്മ – ദേവരാജൻമാഷ് ഒരു കാലഘട്ടത്തിന്റെ വിസ്മയം

വയലാർരാമവർമ്മ – ദേവരാജൻമാഷ് ഒരു കാലഘട്ടത്തിന്റെ വിസ്മയം

ചലച്ചിത്രഗാനരചയിതാക്കളുടെ തലതൊട്ടപ്പൻ എന്ന് വിശേഷിപ്പിക്കാവുന്ന രാമവർമ്മതിരുമുൽപ്പാട് മലയാളത്തിന്റെ വിപ്ലവകവിയും മലയാളിയുടെ എക്കാലത്തെയും ഗാനരചയിതാവും കൂടിയായ വയലാർ രാമവർമ്മ ആലപ്പുഴ ജില്ലയിലെ വയലാറിൽ 1928 മാർച്ച് 28 – ന് വെള്ളാരപ്പള്ളി കേരളവർമ്മ തിരുമുൽപ്പാടിന്റെയും, വയലാർ രാഘവപ്പറമ്പിൽ അംബാലിക തമ്പുരാട്ടിയുടെയും മകനായി ജനിച്ചു. മലയാളത്തിൽ പാട്ടിന്റെ പാലാഴി തീർത്ത ഗാനരചയിതാക്കളിൽ മലയാളികൾക്ക് എന്നും പ്രിയപ്പെട്ടവനാണ് വയലാർ. ചലച്ചിത്രങ്ങൾക്കും നാടകങ്ങൾക്കുമായി രണ്ടായിരത്തോളം പാട്ടുകൾ വയലാർ എഴുതിയിട്ടുണ്ട്. എത്ര കേട്ടാലും മതിവരാത്ത ഒട്ടേറെ പ്രണയഗാനങ്ങൾ രചിച്ച വയലാർ ശ്രദ്ധേയമായ വിപ്ലവഗാനങ്ങളും മലയാള ചലച്ചിര്രത്തിലെ ഏറ്റവും മികച്ച ഈശ്വരസ്തുതികളും രചിച്ചു. 223 ചലച്ചിത്രങ്ങൾക്കും നിരവധി നാടകങ്ങളുമായി ധാരാളം ഗാനങ്ങൾ എഴുതി.

പാട്ടിന്റെ പാലാഴി തീർത്ത കവിയാണ് രാമവർമ്മ. കേരളത്തിന്റെ സാമൂഹിക – രാഷ്ട്രീയ ചരിത്രത്തിൽ ഇടം നേടിയ ഒരു ചെറിയ ഗ്രാമത്തിന്റെ പേരാണ് വയലാർ.

കാലം മായ്ക്കാത്ത നിരവധി കവിതകളും ഗാനങ്ങളും വയലാർ മലയാളികൾക്ക് നൽകി. കവിതയുടെയും പാട്ടിന്റെയും അർത്ഥതലങ്ങൾക്കപ്പുറം ചിലതുകൂടി കരുതിവെച്ച രചനകളും അക്കൂട്ടത്തിലുണ്ട്. ജയജയ ജന്മഭൂമി, ഈശ്വരൻ ഹിന്ദുവല്ല ക്രിസ്ത്യാനിയുമല്ല ഇസ്ലാമല്ല, പ്രവാചകന്മാരെ തുടങ്ങിയ അനശ്വരഗാനങ്ങൾ മറക്കാനാകുമോ? പെരിയാറേ പെരിയാറേ പർവ്വതനിരയുടെ പനിനീരേ എന്ന ഗാനത്തിലൂടെ കേരളത്തിലെ മറ്റൊരു നദിക്കും ലഭിക്കാത്ത ഒരു അപൂർവ്വഭാഗ്യമാണ് പെരിയാറിന് കവി സമ്മാനിച്ചത്. പുഴയോടും കാറ്റിനോടും കടലിനോടും തിരയോടും തീരത്തിനോടും പ്രകൃതിയോടുമുള്ള സല്ലാപമായിരുന്നു വയലാറിന്റെ ഗാനങ്ങൾ…. മലയാളിക്ക് ഒരിക്കലും മറക്കാനാവാത്ത കാവ്യമായിരുന്നു ആയിഷ.

മലയാള ചലച്ചിത്രഗാനങ്ങളിൽ ഏറ്റവും കൂടുതൽ രാഗങ്ങൾ ഉപയോഗിച്ച അനശ്വരനായ സംഗീതപ്രതിഭയാണ് ദേവരാജൻ മാഷ്. ഇവർ രണ്ടുപേരും കൂടി ചേർന്ന് മലയാളത്തിന് സമ്മാനിച്ചത് ഒത്തിരി ഒത്തിരി നിത്യഹരിതങ്ങളായ മനോഹര ഗാനങ്ങളായിരുന്നു. എണ്ണമല്ലാത്ത ധാരാളം ഗാനങ്ങൾ അവർ മലയാളത്തിനായി സമ്മാനിച്ചിട്ടുണ്ട്. രണ്ടുപേരും മലയാളികളുടെ മനസ്സിനെ തഴുകി ഉണർത്തുന്ന മഹാപ്രതിഭകൾ

ചിത്രം നദി – യേശുദാസ് പാടിയഗാനം 1969ൽ വിൻസെന്റ് സംവിധാനം ചെയ്ത് ദേവരാജൻ മാഷ് ഈണം പകർന്ന ഗാനം.

കായാം പു കണ്ണിൽ വിടരും
കമലദളം കവിളിൽ വിരിയും
അനുരാഗവതീ നിൻ ചൊടികളിൽ നി
ന്നാലിപ്പഴം കൊഴിയും
പൊന്നരഞ്ഞാണം ഭൂമിക്ക് ചാർത്തും
പുഴയുടെ ഏകാന്ത പുളിനത്തിന്
നിൻമൃദുസ്‌മേരത്തിൽ ഇന്ദ്രജാലം കണ്ടു…………
നിത്യവിസ്മയവുമായ് ഞാനിറങ്ങി………… സഖീ ഞാനിറങ്ങി……….

പച്ചമനുഷ്യന്റെ കഥകൾ പറഞ്ഞ് ആ കഥകളിലൂടെ അവയ്ക്കിണങ്ങുന്ന ഗാനങ്ങൾ വളരെ മനോഹരമായ വരികളിലൂടെ കോർത്തിണക്കിയ മഹാകവി തന്നെയാണ് വയലാർ രാമവർമ്മ. കവിയായതുകൊണ്ടാവാം അദ്ദേഹത്തിന്റെ ഗാനങ്ങളിലെല്ലാം കവിത്വം തുളുമ്പുന്ന വരികൾ സൃഷ്ടിച്ചെടുക്കാൻ അദ്ദേഹത്തിന് അനായാസം കഴിഞ്ഞിരുന്നു. കവിത്വമുള്ള വരികൾ ചേർത്ത് വെച്ച് ഭംഗിയുള്ള അതിന് സുന്ദരമായ ഈണം നൽകാൻ ദേവരാജൻമാഷ് ഉണ്ടായിരുന്നു. രണ്ട് പേരും കൂടി ഒത്ത് ചേർന്നപ്പോൾ മലയാളത്തിന് ലഭിച്ചത്. ഒരു ചരടിൽ കോർത്ത മുല്ലമൊട്ടുകൾ പോലത്തെ ഒരുപാട് മാലകളുയിരുന്നു- പൂമാലകൾ.
അദ്ദേഹത്തിന്റെ പേര് പരവൂർ ഗോവിന്ദൻദേവരാജൻ എന്നായിരുന്നു. മലയാളത്തിലെ പ്രശസ്ത ചലച്ചിത്ര സംഗീതസംവിധായകനായി അദ്ദേഹം മാറിയത് ഒരുപാട് നല്ല ചിത്രങ്ങൾ ചെയ്തതിന് ശേഷമായിരു
ന്നു. കുറെയധികം പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങാൻ സാധിച്ചു.
ചിത്രം – അശ്വമേധം പി.സുശീല ആലപിച്ച ഗാനം. സത്യൻ, പ്രേംനസീർ, മധു, അടൂർഭാസി, ബഹദൂർ,സുകുമാരി, ഷീല തുടങ്ങയവർ അണിനിരന്ന ഈ ചിത്രം എ. വിൻസെന്റ് സംവിധാനം ചെയ്തു. സംഗീതത്തിന്റെ രാജശില്പി ജി. ദേവരാജനായിരുന്നു സംഗീത സംവിധാനം നിർവ്വഹിച്ചത്. വയലാർ – രചന.

ഏഴുസുന്ദരരാത്രികൾ
ഏകാന്തസുന്ദരരാത്രികൾ
വികാരതരളിതഗാത്രികൾ
വിവാഹപൂർവ്വരാത്രികൾ

വയലാർ രാമവർമ്മ ചെറുപ്പകാലം മുതലേതന്നെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നു. അതുകൊണ്ട് തന്നെയാണ് അത്തരത്തിലുള്ള ഗാനങ്ങൾ എഴുതുവാനും കാരണം. അദ്ദേഹത്തിന്റെ ഗാനങ്ങളോരോന്നും. സമരോജജ്വലവും ധീരവുമായിരുന്നു. അതുകൊണ്ട് തന്നെ അദ്ദേഹം പാവപ്പെട്ടവർക്ക് വേണ്ടി ഒരുപാടു പാട്ടുകൾ എഴുതി. അതിനാൽ അദ്ദേഹം പാവപ്പെട്ടവരുടെ പാട്ടുകാരൻ എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്നു. ശരിക്കും ഒരു വ്യാഴവട്ടക്കാലത്തോളം തന്നെ കാവ്യരംഗത്ത് സജീവമായി വ്യപാരിക്കയും കേരളീയരുടെ സാംസ്‌കാരിക പൈതൃകത്തെ അതിന്റെ അംശമാക്കി മാറ്റുകയും ചെയ്ത കവിയായിരുന്നു വയലാർ. അദ്ദേഹം ഗാനങ്ങളെ കവിതകളാക്കുകയും കാവ്യകലയെ സംഗീതത്തോടുടുപ്പിക്കുകയും ചെയ്ത് നമുക്ക് മുന്നേ നടന്നുപോയ സ്‌നേഹധനനായ ഒരു മനുഷ്യസ്‌നേഹിയായിരുന്നു വയലാർ രാമവർമ്മ.

ചിത്രം – താര, രചന – വയലാർ, പാടിയത് : പി.ജയചന്ദ്രൻ
സംവിധാനം – എം.കൃഷ്ണൻനായർ, സംഗീതം — ദേവരാജൻ

നുണക്കുഴികവിളിൽ നഖചിത്രമെഴുതും.
താരെ – താരെ
ഒളികൺമുനകൊണ്ട് കുളിരമ്പെയ്യുന്ന
താരേ – താരെ താരെ താരെ …………………
അനുരാഗ മലർപൊയ്കയിൽ അമൃതമായെത്തിയ താരേ………….

ദേവരാജൻ മാസ്റ്ററുടെ ജനനം 1925 ഒക്ടോബർ 25നായിരുന്നു. ദേവരാജൻ മാസ്റ്ററുടെ പിതാവ് സംഗീത വിദ്വാനും മൃദംഗവിദ്വാനുമായിരുന്നു. കൊച്ചുഗോവിന്ദനാശാനെന്നായിരുന്നു വിളിച്ചിരുന്നത്. അമ്മയുടെ പേര് കൊച്ചകുഞ്ഞ് എന്നായിരുന്നു. പ്രാഥമിക വിദ്യാഭ്യാസം തിരുവനന്തപുരം ശ്രീമൂല വിലാസം സ്‌കൂളിലായിരുന്നു. പിന്നീട് ആർട്‌സ് എടുത്തു. എം.ജി. കലാലയത്തിൽ സാമ്പത്തിക ശാസ്ത്രം എടുത്തു പഠിക്കുകയായിരുന്നു. 18-ാമത്തെ വയസ്സിലാണ് ആദ്യത്തെ ശാസ്ത്രീയ സംഗീത കച്ചേരി നടത്തുന്നത്. എപ്പോഴും സംഗീതമായിരുന്നു അദ്ദേഹത്തിന്റെ ഉപാസനമൂർത്തി. സംഗീതത്തെ മാത്രം ഉപാസിച്ചുകൊണ്ട് തന്നെ ദേവരാജനെ അടിമുടി സൃഷ്ടിച്ചതെന്ന് പറയാം.

ചിത്രം – ജ്വാല
പ്രേംനസീർ, ഷീല, ശാരദ, കൊട്ടരക്കര എന്നിവർ അഭിനയിച്ച ചിത്രം. രചന – വയലാർ, സംഗീതം – ദേവരാജൻ

കുടമുല്ലപ്പുവിനും മലയാളിപെണ്ണിനും
ഉടുക്കാൻ വെള്ളപുടവാ ………… കുളിക്കാൻ
പനിനീർച്ചോലാ……….
കൂന്തൽ മിനുക്കാൻ ഞാറ്റുവേലാ…………..
കൂന്തൽ മിനുക്കാൻ ഞാറ്റുവേലാ…………….

യേശുദാസും, ബി. വസന്തയും ചേർന്നാലപിച്ച ഈ പ്രണയഗാനം എല്ലാപേരുടെയും മനസ്സിൽ ഒരു നിത്യപ്രണയഗാനം തന്നെയായിരുന്നു. ദേവരാജൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവുമായി വളരെ അടുത്തുപ്രവർത്തിച്ചിരുന്നു. സർഗ്ഗാത്മക സംഗീതം ജനകീയനന്മയ്ക്കായി മാറ്റിവെക്കുകയായിരുന്നു. പ്രശസ്ത നാടകവേദിയായ കെ.പി.എ.സിയിൽ ചേർന്ന് പ്രവർത്തിക്കുകയും ചെയ്തു. അദ്ദേഹത്തെ പ്രശസ്തനാക്കിയ നാടക ഗാനമേതെന്നു ചോദിച്ചാൽ….പൊന്നരിവാളമ്പിളിയിൽ കണ്ണെഴുതുന്നോളെ… ഈ ഗാനം ദേവരാജൻ മാസ്റ്റർക്ക് നൽകിയത് വലിയൊരു നേട്ടവും വിജയവുമായിരുന്നു. അങ്ങനെ കെ.പി.എസി.യുടെ നാടകങ്ങളിലൂടെ കമ്മ്യൂണിസ്റ്റ് തത്വശാസ്ത്രങ്ങളെ മലയാളികളുടെയിടയിൽ പ്രചരിപ്പിക്കുന്നതിനും പ്രധാന പങ്കുവഹിച്ചു. തന്റെ ഗാനങ്ങളിലൂടെ തന്നെ മലയാളനാടക വേദിയിൽ ഒരു മായാത്ത മുദ്രതന്നെ പതിപ്പിക്കാൻ ശ്രമിച്ചു. പിന്നീട് തോപ്പിൽഭാസി രചിച്ച നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എന്ന നാടകം അദ്ദേഹത്തിന്റെ ജീവിതത്തിലും ഒരു വലിയ വഴിത്തിരിവായി മാറി. 1955ൽ കാലംമാറുന്നു എന്ന ചലച്ചിത്രത്തിന് സംഗീത സംവിധാനം നിർവ്വഹിച്ചു. അതിന് ശേഷം പ്രശസ്തഗാനരചയിതാക്കളായ വയലാറുമായി ചേർന്ന് ചതുരംഗം എന്ന ചിത്രത്തിൽ സംഗീത സംവിധാനം ചെയ്തു.
1959 ൽ വയലാറുമായി ചേർന്ന് ഭാര്യ എന്ന ചിത്രത്തിൽ ദേവരാജൻ (വയലാർ ദേവരാജൻ ജോഡിയെ) ജനപ്രിയമാക്കിയ ഒരു ചിത്രം കൂടിയാണിത്. കുഞ്ചാക്കോ സംവിധാനം സത്യൻ – രാഗിണി അഭിനയിച്ച എ.എം. രാജയും, പി.സുശീലയും ചേർന്നാലപിച്ച ഗാനം.

പെരിയാറെ പെരിയാറെ പർവ്വതനിരയുടെ പനിനീരെ
കുളിരുംകൊണ്ട് കുണുങ്ങി നടക്കുന്ന മലയാളിപെണ്ണാണു നീ
ഒരു മലയാളിപെണ്ണാണു നീ………..
മയിലാടും കുന്നിൻ പിറന്നു പിന്നെ
നഗരം കാണാത്ത നാണം മാറാത്ത നാടൻ പെണ്ണാണു നീ……….

ദേവരാജൻ മാസ്റ്ററുടെ സംഗീത മാന്ത്രികതയിൽ ആ കാലഘട്ടത്തിലെ മിക്കഗായകരുടേയും പലഗാനങ്ങൾ പുറത്തുവന്നിരുന്നു.അതുകൊണ്ട് തന്നെ യേശുദാസ്, ജയചന്ദ്രൻ എന്നിവരൊക്കെ ദേവരാജൻ മാസ്റ്ററുടെ തലതൊട്ടപ്പൻ തന്നെയായിരുന്നു. വയലാർ, ദേവരാജൻ ടീമിന്റെ കൂട്ടുകെട്ട് മലയാള സിനിമാ സംഗീതത്തിന്റെ സുവർണ്ണകാലഘട്ടമായിരുന്നു.

അമ്പലപ്പറമ്പിലെ ആരാമത്തിലെ
ചെമ്പരത്തിപ്പുവേ……..
തങ്കച്ചമയത്തിനണിയാനിത്തിരി
സിന്ദുരമുണ്ടോ സിന്ദൂരം….

വയലാറിന്റെ ഓരോ ഗാനത്തിലേയും പദഭംഗി ഓരോ മലയാളിയും മനസ്സിൽ കാത്തുസൂക്ഷിക്കും. ഒരു വിപ്ലവ കവിയായി ഉയർന്ന അദ്ദേഹം എത്ര ലളിതമായ വരികൾ ചേർത്താണ് മലയാളസിനിമാ ഗാനങ്ങൾ രചിച്ചത്. ആ ഗാനങ്ങളെല്ലാം തന്നെ നിത്യഹരിതഗാനപട്ടികയിൽ മികച്ച ഗാനങ്ങളായി നിലകൊള്ളുന്നു. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഈറ്റില്ലമായ വയലാറിൽ ജനിച്ച രാമവർമ്മ കുട്ടിക്കാലത്ത് തന്നെ അവിടെ നടന്ന തൊഴിലാളി സമരങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചു. തൊഴിലാളികളെപ്പറ്റി അക്കാലത്ത് കവിതകളെഴുതി. അദ്ധ്വാനിക്കുന്ന വർഗ്ഗത്തിന്റെ ഹൃദയതുടിപ്പുകൾ വയലാർ തന്റെ കൃതികളിലൂടെ തുറന്നുകാട്ടി.

സ്‌നേഹിക്കയില്ല ഞാൻ നോവുമാത്മാവിനെ
സ്‌നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തെയും
എന്നദ്ദേഹം പാടി.

വയലാറിന്റെ കവിതകളും ഗാനങ്ങളുമെല്ലാം. തന്നെ ജീവിതഗന്ധം തുളുമ്പുന്നതായിരുന്നു. ഈണവും താളവും പുതുമയുള്ളതായിരുന്നു. കാപട്യങ്ങളെ ആക്ഷേപിച്ചുകൊണ്ട് അദ്ദേഹം ധാരാളം കവിതകളെഴുതി. അവാർഡുകൾ വാരിക്കൂട്ടി. 1974ൽ ഇന്ത്യയിലെ ഏറ്റവും നല്ല സിനിമാഗാനരചയിതാവിനുള്ള രാഷ്ട്രപതിയുടെ സ്വർണ്ണമെഡൽ വയലാറിന് ലഭിച്ചു. പക്ഷേ അദ്ദേഹത്തിന്റെ കവിതകൾ മരിച്ചിട്ടില്ല-മരിക്കുകയുമില്ലാ. അദ്ദേഹത്തിന്റെ മരണശേഷം ഏർപ്പെടുത്തിയ വയലാർ അവാർഡ് -മലയാള സാഹിത്യത്തിലെ ഏറ്റവും വിലപ്പെട്ട ഒരു സമ്മാനമാണ്. 1951-ൽ ജനാധിപത്യം എന്ന പേരിൽ ഒരു മാസിക തുടങ്ങിയെങ്കിലും മുന്നോട്ടുകൊണ്ടുപോകാനായില്ല. പാദമുദ്രകൾ, കൊന്തയും പൂണൂലും, എനിക്ക് മരണമില്ലാ,സർഗ്ലസംഗീതം, മുളങ്കാട് തുടങ്ങിയ കാവ്യസമാഹാരങ്ങളും ആയിഷ എന്ന ഖണ്ഡകാവ്യവും രചിച്ചു. രക്തം കലർന്ന മണ്ണ്, വെട്ടും തിരുത്തും എന്നിവ ചെറുകഥാസമാഹാരങ്ങളാണ്. മലയാള ചലച്ചിര്രഗാനങ്ങളെ അനിർവചീനയമായ സംഗീതത്തിന്റെ താഴ്‌വരയിലേക്ക് കൂട്ടികൊണ്ടുപോയ രണ്ട് പ്രതിഭാധനന്മാർ.

ഈ സമൂഹത്തിലെ പലപ്രശ്‌നങ്ങൾക്കും നേരെ പ്രതികരിക്കുന്ന പടവാൾ തന്റെ കവിതയായിട്ടുതന്നെ ഉയർത്തിയിരുന്നു. ഒരു പടവാളിന്റെ മൂർച്ച അദ്ദേഹം ചേർത്തുവെച്ചിരുന്നു. പ്രണയഗാനങ്ങളിൽ ഇത്രയും മനോഹാരിതതുളുമ്പുന്ന പദശില്പങ്ങൾ ഒരുക്കിയിട്ടുള്ള മറ്റൊരു കവിയില്ല. മലയാളികളായ ശ്രോതാക്കൾക്ക് ഇന്നും പെയ്‌തൊഴിയാത്തനൊമ്പരമാണ് ആ ഓർമ്മ. ഭാര്യ എന്ന ചിത്രത്തോടെയാണ് അദ്ദേഹം സിനിമാലോകത്ത് സജീവമാകുന്നത്. പ്രതിഭയുടെ തേജസ്സിൽ അദ്ദേഹം പ്രശസ്തിയുടെ പടവുകൾ കയറി. വയലാറിന്റെ മനോഹരമായ കല്പനകൾ പില്ക്കാലത്ത് കവികളെയും ഗാനരചയിതാക്കളെയും ഏറെ സ്വാധീനിച്ചും കാല്പനിക ഭാവനയുടെ വശ്യതയാൽ മലയാളിയെ ഏറെ ആകർഷിച്ച വയലാർ നമ്മെ വിട്ടുപിരിഞ്ഞിട്ട് 4 പതിറ്റാണ്ട് ആകുന്നു. എല്ലാ വർഷവും ഒക്ടോബർ 27 മലയാളികൾ തങ്ങളുടെ പ്രിയപ്പെട്ട കവിയെ അനുസ്മരണകുറിപ്പുകളിലൂടെയും മറ്റും സ്മരിക്കപ്പെടുന്നു. അദ്ദേഹത്തിന്റെ മകൻ വയലാർ ശരത്ചന്ദ്രവർമ്മ ഇപ്പോൾ അച്ഛന്റെ കാല്പാടുകൾ പിന്തുടരുന്നു. ധാരാളം ഗാനങ്ങൾ എഴുതി.

രചന – വയലാർ

ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം
ഇന്ദ്രധനുസ്സിൻ തൂവൽകൊഴിയും തീരം
ഈ മനോഹര തീരത്തു തരുമോ ഇനിയൊരു ജന്മം കൂടി
എനിക്കിനിയൊരു ജന്മം കൂടി
ഈ വർണ്ണ സുരഭിയാം ഭൂമിയിലല്ലാതെ കാമുകഹൃദയങ്ങളുണ്ടോ
സ്വപ്നങ്ങളുണ്ടോ സന്ധ്യകളുണ്ടോ ഗന്ധർവൃഗീതങ്ങളുണ്ടോ
വസുന്ധരേ. കൊതിതീരു വരെ ഇവിടെ സ്‌നേഹിച്ചു
മരിച്ചവരുണ്ടോ…….ഓഹോ………… ഓഹോ…………

മലയാളം ഉള്ളിടത്തോളം കാലം വയലാറും വയലാറിന്റെ ഗാനങ്ങളും ആരും മറക്കുകയില്ല… ഈ മനോഹരതീരത്ത് തരുമോ ഇനിയൊരു ജന്മം കൂടി എന്ന് അദ്ദേഹംഅവസാനകാലത്ത് എഴുതി……. കൊതിതീരും വരെ ആരും ഈ ഭൂമിയിൽ ജീവിച്ചിട്ടുമില്ല.

 

തയ്യാറാക്കിയത്

കടയ്ക്കാവൂർ പ്രേമചന്ദ്രൻനായർ
Share

Leave a Reply

Your email address will not be published. Required fields are marked *