കോഴിക്കോട് : പതിനേഴ് വയസ് പ്രായമുള്ള ഷാഹുൽ ഹമീദ് എന്ന കുട്ടിയെ പോലീസ് അകാരണമായി കസ്റ്റഡിയിലെടുക്കുകയും, കോടതിയെ തെറ്റിദ്ധരിപ്പിച്ച് ജയിലിലടക്കുകയും ചെയ്തതായി പരാതി. കുട്ടിയെ കസ്റ്റഡിയിലെടുക്കുമ്പോൾ പാലിക്കേണ്ട നിയമങ്ങളൊന്നും പാലിച്ചിട്ടില്ലെന്ന് ദേശീയ ബാലതരംഗം സംസ്ഥാന കോ-ഓർഡിനേറ്റർ ജഗത്മയൻ ചന്ദ്രപുരി വാർത്താസമ്മേളനത്തിൽ പറഞ്ഞു. കുറ്റാരോപിതനായ വ്യക്തിയായാൽപോലും പ്രായപൂർത്തിയാകാത്തവരെ ജുവനൈൽ ഹോമിലേക്ക് അയക്കേണ്ടതാണ്. 10 ന് ചാത്തമംഗലത്തെ ടീംബി ചാരിറ്റബിൾ ട്രസ്റ്റിൽ റെയ്ഡിനിടെ കസ്റ്റഡിയിലെടുത്ത പതിനേഴുകാരനെ ഭീക്ഷണിപ്പെടുത്തിയെന്നും മർദിച്ചെന്നും പരാതിയിൽ പറയുന്നു. രണ്ടു പോലീസുകാരും മറ്റൊരാളും ഉപദ്രവിച്ചതായും പരാതിപ്പെട്ടു. പോലീസിന്റെ നടപടിക്കെതിരെ ബാലവകാശ കമ്മീഷന് പരാതി നൽകിയിട്ടുണ്ട്. പോലീസ് കംപ്ലയിന്റ് അതോറിറ്റിയെയും സമീപിക്കും. വാർത്താ സമ്മേളനത്തിൽ ഷാഹുൽ ഹമീദ്, ഷിഫാന.പി പങ്കെടുത്തു.