കോഴിക്കോട് : പാർലമെന്റ് പാസ്സാക്കിയ പുതിയ കാർഷിക നിയമം കൃഷി പൂർണമായും കോർപ്പറേറ്റുകളുടെ നിയന്ത്രണത്തിലാക്കുമെന്നും കൃഷി ചെയ്യേണ്ട വിളകളും ഉത്പന്നതിന്റെ വിലയും കോർപ്പറേറ്റുകൾ നിശ്ചയിക്കുന്ന ദുർഗതി വരുമെന്നും ഇന്ത്യൻ സോഷ്യലിസ്റ്റ് പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് കുറ്റപ്പെടുത്തി. കർഷകർക്ക് ന്യായ വില കിട്ടാതെ അവർ കോർപ്പറേറ്റുകളുടെ അടിമകളാകേണ്ടി വരും. ഇത് കർഷക ആത്മഹത്യയിലേക്കും പട്ടിണിയിലേക്കും രാജ്യത്തെ നയിക്കും. രാജ്യത്തെ കോർപ്പറേറ്റുകൾക്ക് അടിയറവെക്കുന്ന നയങ്ങൾക്കെതിരെ സോഷ്യലിസ്റ്റുകളും ഇടതുപക്ഷ കക്ഷികളും ജനാധിപത്യ പ്രസ്ഥാനങ്ങളും യോജിച്ചെങ്കിൽ മാത്രമേ രാജ്യത്തെ കോർപ്പറേറ്റുകളിൽ നിന്നും രക്ഷിക്കാനാവുകയുള്ളൂ എന്നും യോഗം വിലയിരുത്തി. ജയപ്രകാശ് നാരായണന്റെ ജന്മദിനമായ ഒക്ടോബർ 11 നു ജനാധിപത്യ ഇന്ത്യയുടെ വീണ്ടെടുപ്പിന് സോഷ്യലിസ്റ്റ് ഐക്യം എന്ന സന്ദേശമുയർത്തി ദേശീയ വെബ്ബിനാർ നടത്തും. പാർട്ടി ചെയർമാൻ അഡ്വ തമ്പാൻ തോമസ് അധ്യക്ഷത വഹിച്ചു. കായിക്കര ബാബു, മനോജ് ടി സാരംഗ്, കെ ശശികുമാർ, ടോമി മാത്യു, കാട്ടുകുളം ബഷീർ, സി.പി ജോൺ, എൻ റാം, ജോൺ പെരുവന്താനം, കെ.എസ് ജോഷി സംസാരിച്ചു.