ചേളാരി: സ്വർണ്ണക്കടത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് നടക്കുന്ന ചർച്ചകൾ മത സൗഹാർദ്ദം തകർക്കാനിടവരുന്ന തലത്തിലേക്ക് വരരുതെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളും ജനറൽ സെക്രട്ടറി പ്രൊഫ.കെ.ആലിക്കുട്ടി മുസ്ലിയാരും പറഞ്ഞു. നിയമ വ്യവസ്ഥകൾ ലംഘിച്ചുകൊണ്ട് ആരു പ്രവർത്തിച്ചാലും അവർക്കെതിരെ കർശന നടപടിയെടുക്കണം. എന്നാൽ ഇതിന്റെ മറവിൽ മത സ്ഥാപനങ്ങളെയും മതചിഹ്നങ്ങളെയും അവമതിക്കാൻ ഇടവരരുത്. വിശുദ്ധ ഖുർആൻ പുണ്യ ഗ്രന്ഥമാണ്. സ്വർണ്ണക്കടത്തുമായി ഖുർആനെ ബന്ധപ്പെടുത്തുന്നത് ഒട്ടും നീതികരിക്കാനാവില്ല. ഖുർആനെ മറയാക്കി വിഷയം തെരുവിലേക്ക് വലിച്ചിഴക്കപ്പെടുന്നത് ഉണ്ടാവാൻ പാടില്ലാത്തതാണ്. ഇക്കാര്യത്തിൽ എല്ലാവരും ജാഗ്രതപുലർത്തണം.