കോഴിക്കോട് : സർക്കാർ ജീവനക്കാരുടെ ശമ്പളത്തിൽ നിന്നും 20 ശതമാനം തുക പിടിക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്നും ഇതിൽ നിന്നും എല്ലാ ആരോഗ്യ വകുപ്പ് ജീവനക്കാരെയും ഒഴിവാക്കണമെന്നും കേരള സ്റ്റേറ്റ് ഹെൽത്ത് ഇൻസ്പെക്ടേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. ഇനിയൊരു ശമ്പളത്തുക ഉടനെ പിടിക്കില്ലെന്ന വിശ്വാസത്തിലാണ് ഭൂരിഭാഗം ജീവനക്കാരും ഓണം അഡ്വാൻസ് വാങ്ങിയത്. വരുന്ന മാസങ്ങളിൽ ഈ തുകയും ശമ്പളത്തിൽ നിന്നും കുറവ് ചെയ്യും. ഒരാൾക്ക് മാത്രം വരുമാനമുള്ള കുടുംബങ്ങൾക്ക് സർക്കാർ തീരുമാനം ഏറെ ബുദ്ധിമുട്ടുണ്ടാക്കുമെന്നും കോവിഡ് -19 രോഗ പ്രതിരോധ പ്രവർത്തനങ്ങളുമായി ആത്മാർത്ഥമായി ജോലി ചെയ്യുന്ന ജീവനക്കാരെയെങ്കിലും ഇതിൽ നിന്നും ഒഴിവാക്കണമെന്നും കെ.എസ്.എച്ച്.ഐ.എ. സംസ്ഥാന പ്രസിഡൻറ് ഡി. സുഷമയും സംസ്ഥാന ജനറൽ സെക്രട്ടറി പി.ആർ. ബാലഗോപാലും ആവശ്യപ്പെട്ടു.