പ്രവേശന പരീക്ഷകളുടെ ഒരേ തിയ്യതികളിലുള്ള നടത്തിപ്പ് പുനഃപരിശോധിക്കണം: എം.എസ്.എം

കോഴിക്കോട്: പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയിലേക്കുള്ള പ്രവേശന പരീക്ഷയും സെൻട്രൽ യൂണിവേഴ്സിറ്റികളിലേക്കുള്ള പൊതു പ്രവേശന പരീക്ഷയും (സിയുസിഇടി) ഒരേ തിയതിയിൽ നടത്തി കൊണ്ട് വിദ്യാർഥികളുടെ അവസരം നഷ്ടപ്പെടുത്തുന്നത് നിർത്തലാക്കണമെന്ന് എം.എസ്.എം ദേശീയ ക്യാമ്പസ് വിംഗ് നേതൃസംഗമം ആവശ്യപ്പെട്ടു. നിലവിലെ പരീക്ഷകളുടെ സമയ ക്രമമനുസരിച്ച് വിദ്യാർഥികൾക്ക് ഏതെങ്കിലും ഒരു പരീക്ഷ മാത്രം എഴുതേണ്ട അവസ്ഥയാണുള്ളത്. എം.എസ്.സി കെമിസ്ട്രി, ഫിസിക്‌സ് എന്നീ പരീക്ഷകൾ എഴുതുന്ന വിദ്യാർഥികൾക്കാണ് ഈ പ്രശ്‌നം നേരിടേണ്ടി വരുന്നത്.പോണ്ടിച്ചേരി സർവകലാശാല യുടെ എം.എസ്.സി കെമിസ്ട്രി പരീക്ഷ ഈ മാസം 20 ന് രാവിലെ 9 മുതൽ 11 വരെയാണ്. അതേ ദിവസം രാവിലെ 10 മുതൽ 12 വരെയാണ് കേന്ദ്ര സർവകലാശാലകളുടെ എം.എസ്.സി പ്രവേശന പരീക്ഷയും. കേരളത്തിലെ വിദ്യാർഥികൾക്ക് അയൽ സംസ്ഥാനങ്ങളിലാണ് പരീക്ഷ സെന്റർ ലഭിച്ചിരിക്കുന്നത്. കോവിഡിന്റെ പശ്ചാത്തലത്തിൽ ദൂര യാത്ര പരീക്ഷാർത്ഥികൾക്ക് അസൗകര്യം ഉണ്ടാക്കുമെന്നും ഇത് മൂലം ഒട്ടനവധി വിദ്യാർഥികൾ പരീക്ഷ എഴുതാതിരിക്കാൻ കാരണമാവുമെന്നും വിദ്യാർഥികളെ പ്രയാസപ്പെടുത്തുന്ന ഇത്തരം നടപടികൾ പരീക്ഷ അധികൃതർ പുനഃപരിശോധിക്കണമെന്നും എം.എസ്.എം ആവശ്യപ്പെട്ടു. സംഗമം എം.എസ്.എം സംസ്ഥാന ട്രഷറർ ജാസിർ രണ്ടത്താണി ഉദ്ഘാടനം ചെയ്തു.ദേശീയ ചെയർമാൻ സൈദ് മുഹമ്മദ് പോണ്ടിച്ചേരി അധ്യക്ഷത വഹിച്ചു.നാസിം ചെന്നൈ,അദ്‌നാൻ ഡൽഹി,ഷിജാസ് മൈസൂർ,മുജീബ് തൃച്ചി, ആദിൽ ബാംഗ്ലൂർ, മുജീബ് പഞ്ചാബ്, അനസ് കർണാടക,ഫാസിൽ കോയമ്പത്തൂർ,അദീൽ പൂനെ സംസാരിച്ചു. കൺവീനർ ഫർഹാൻ ഹൈദരാബാദ് സ്വാഗതവും ഡാനിഷ് നന്ദിയും പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *