പി.ടി നിസാർ
കോഴിക്കോട് : കേന്ദ്ര സർക്കാർ സൗജന്യമായി നൽകുന്ന ഭക്ഷ്യധാന്യം സംസ്ഥാനത്തെ എൺപതിഒമ്പത് ലക്ഷം കാർഡുടമകൾക്കും ലഭ്യമാക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ആൾകേരള റീട്ടെയിൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി.മുഹമ്മദലി ആവശ്യപ്പെട്ടു. ഇപ്പോൾ ഈ ആനുകൂല്യം ലഭിക്കുന്നത് മുപ്പത്തിആറ് ലക്ഷം കാർഡുടമകൾക്ക് മാത്രമാണ്. അൻപതിമൂന്ന് ലക്ഷം വരുന്ന കാർഡുടമകൾ ആനൂകൂല്യത്തിന് പുറത്താണ്. അഞ്ച് അംഗങ്ങളുള്ള എ.എ.വൈ കാർഡിന് മുപ്പത്തിയഞ്ച് കിലോ ഭക്ഷ്യധാന്യവും ഓരോ അംഗത്തിന് അഞ്ച് കിലോ ഭക്ഷ്യധാന്യവും ലഭിക്കുമ്പോൾ ആ കുടുംബത്തിന് പ്രതിമാസം അറുപത് കിലോ ഭക്ഷ്യധാന്യം ലഭിക്കുന്നുണ്ട്. പിങ്ക് കളർ കാർഡുടമകൾക്ക് ഇരുപതിയഞ്ച് കിലോയും, കൂടെ അഞ്ച് അംഗങ്ങളുണ്ടെങ്കിൽ ഇരുപതിയഞ്ച് കിലോ കൂടിയാവുമ്പോൾ അൻപത് കിലോ ഭക്ഷ്യധാന്യം പ്രതിമാസം ലഭിക്കുന്നു. എന്നാൽ നീല കാർഡുടമകൾക്ക് പത്ത് കിലോയും, വെള്ള കാർഡുകാർക്ക് മൂന്ന് കിലോയുയാണ് ലഭിക്കുന്നത്. എ.എ.വൈ, പിങ്ക് കാർഡുടമകൾക്ക് നൽകുന്ന പ്രതിമാസറേഷൻ നിലനിർത്തി, സംസ്ഥാനത്തെ എൺപത്തിഒമ്പത് ലക്ഷം കാർഡിൽ അംഗങ്ങളായ മുഴുവനാളുകൾക്ക് രണ്ട് കിലോവീതം ഭക്ഷ്യധാന്യം നൽകണം. കേന്ദ്രസർക്കാറിന്റെ ആനുകൂല്യത്തിന് സംസ്ഥാനത്തെ മുഴുവൻ ആളുകൾ അർഹതയുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അധികമായി ലഭിക്കുന്ന ഭക്ഷ്യധാന്യം ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയുണ്ട്. ഇക്കാര്യത്തിന് പരിഹാരമുണ്ടാക്കണമെന്നാശ്യപ്പെട്ട് കേന്ദ്രസർക്കാറിനും, വിദേശകാര്യസഹമന്ത്രി വി.മുരളീധരനും, സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് ജോണി നെല്ലൂരും, ജനറൽ സെക്രട്ടറിയും കത്തയച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.