കോഴിക്കോട് : ജവാഹർലാൽ നെഹ്റുവിനും ജയപ്രകാശ് നാരായണനും ഒപ്പം കോൺഗ്രസ് പാർട്ടിക്ക് അകത്തു കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി രൂപീകരിച്ചു കോളനി ഭരണത്തിനെതിരെ ജനാധിപത്യ സോഷ്യലിസ്റ്റ് ഐക്യം വളർത്തിയെടുത്ത ഡോക്ടർ കെ ബി മേനോന്റെ ദർശനങ്ങൾ പ്രസക്തമാണെന്ന് എം.ജി.എസ് നാരായണൻ പറഞ്ഞു. ഡോക്ടർ കെ ബി മേനോന്റെ അമ്പതിമൂന്നാം ചരമദിനതോടനുബന്ധിച്ചു ഇന്ത്യൻ സോഷ്യലിസ്റ്റ് പാർട്ടി ഓൺലൈൻ ആയി നടത്തിയ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കയായിരുന്നു അദ്ദേഹം. സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന് വേണ്ടി തന്റെ ആരോഗ്യവും സമ്പത്തും എല്ലാം സമർപ്പിച്ച കെ ബി മേനോൻ, ചില സ്ഥാനമോഹികൾ കാണിച്ച വഞ്ചനയുടെ ഇരയായിരുന്നു എന്നും അതുകൊണ്ടാണ് എം.പിയും എം.എൽ.എയും ഒക്കെ ആയിരുന്ന അദ്ദേഹത്തിന് മെഡിക്കൽ കോളേജിലെ ജനറൽ വാർഡിൽ കിടന്നു മരിക്കേണ്ട ദൗർഭാഗ്യം ഉണ്ടായതെന്നും മുഖ്യ പ്രഭാഷണം നടത്തിയ പാർട്ടി ചെയർമാൻ അഡ്വ തമ്പാൻ തോമസ് അഭിപ്രായപ്പെട്ടു. ഡോക്ടർ കെ ബി മേനോൻ മുന്നോട്ടുവെച്ച ആശയങ്ങളുടെ അടിസ്ഥാനത്തിൽ ദേശീയതലത്തിൽ സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളുടെ ഏകീകരണത്തിന് തുടക്കം കുറിച്ചതായും അധികം വൈകാതെ ഫാസിസ്റ്റു കോർപ്പറേറ്റ് ഭരണത്തിനെതിരെ സോഷ്യലിസ്റ്റ് ജനാധിപത്യ പാർട്ടികളുടെ ഐക്യം രൂപപെടുമെന്നും അദ്ദേഹം വ്യക്തമാക്കി. സി പി ഐ അടക്കമുള്ള ഇടതു കക്ഷികളും ഇതിന്റെ ഭാഗമാകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ജീർണിക്കുന്ന രാഷ്ട്രീയത്തിന് സോഷ്യലിസ്റ്റ് ബദൽ എന്ന വിഷയത്തിൽ നടന്ന വെബ്ബിനറിൽ എൽ ജെ ഡി ദേശീയ ജനറൽ സെക്രട്ടറി ഡോ വര്ഗീസ് ജോർജ്, ജെ ഡി (എസ് ) സംസ്ഥാന സെക്രട്ടറി ജനറൽ ജോർജ് തോമസ്, സോഷ്യലിസ്റ്റ് പാർട്ടി ദേശീയ വൈസ് പ്രസിഡന്റ് അഡ്വ.രാജശേഖരൻ, സോഷ്യലിസ്റ്റ് ലോയേഴ്‌സ് സെന്റർ സംസ്ഥാന പ്രസിഡന്റ് അഡ്വ മാത്യു വെളങ്ങാടൻ, സി.പി ജോൺ, കായിക്കര ബാബു, എൻ റാം, മനോജ് ടി സാരംഗ്, കെ.ശശികുമാർ, ടോമിമാത്യു, അഡ്വ എൻ.എം വർഗീസ് ഡോ.ഗോകുൽദേവ്, റെജിനാർക്, കാട്ടുകുളം ബഷീർ, മുഹമ്മദ് മുണ്ടയ്ക്കൽ സംസാരിച്ചു.