കോഴിക്കോട്: ഗവൺമെൻറ്/ എയ്ഡഡ് കോളേജുകളിൽ പുതിയ കോഴ്‌സുകൾ അനുവദിക്കുന്നതിന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മുന്നോട്ടുവെച്ച നിർദ്ദേശങ്ങൾ, ഉന്നതവിദ്യാഭ്യാസ രംഗത്തു ഏറെ പിന്നോക്കം നിൽക്കുന്ന മലബാർ ജില്ലകളെ കൂടുതൽ പിന്നിലാക്കുമെന്ന് കോളേജ് പ്രിൻസിപ്പൽമാരും അധ്യാപകരും അഭിപ്രായപ്പെട്ടു. സെൻറർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ (സിജി), ‘മിഷൻ ഹയർ എജ്യുക്കേഷന്റെ ‘ ഭാഗമായി സംഘടിപ്പിച്ച ഓൺലൈൻ ചർച്ചയിലാണ് പ്രിൻസിപ്പൽമാരും അധ്യാപകരും ഈ ആശങ്ക പങ്കുവെച്ചത്. നിലവിൽ ഉന്നത വിദ്യാഭ്യാസ പഠന അവസരങ്ങൾ വടക്കൻ കേരളത്തിൽ പൊതുവിലും,കാസർകോട്, വയനാട്, മലപ്പുറം, പാലക്കാട് ജില്ലകളിൽ പ്രത്യേകിച്ചും വളരെ കുറവാണ്. പ്ലസ് ടു പൂർത്തിയാക്കുന്ന ആയിരക്കണക്കിന് വിദ്യാർത്ഥികൾ നാട്ടിൽ ഉന്നത പഠന അവസരങ്ങൾ ഇല്ലാത്തതിനാൽ വിദൂര വിദ്യാഭ്യാസത്തെയും മറ്റും ആശ്രയിക്കുകയോ അല്ലെങ്കിൽ പഠനം അവസാനിപ്പിക്കുകയോ ആണ് പതിവ്. ഈ സാഹചര്യത്തിൽ കേരളത്തിലെ ഗ്രോസ് എൻറോൾമെൻറ് റേഷ്യോ വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിക്കാൻ ഉദ്ദേശിക്കുന്ന കോഴ്‌സുകൾ സ്വാഭാവികമായും സീറ്റുകളുടെ അപര്യാപ്തത അനുഭവിക്കുന്ന ജില്ലകളിൽ ആയിരിക്കണം നൽകേണ്ടത്. പക്ഷേ, പുതിയ മാനദണ്ഡമനുസരിച്ച് നാക് അക്രഡിറ്റേഷൻ ഉള്ള കോളേജുകൾക്ക് മാത്രമാണ് കോഴ്‌സുകൾക്ക് അപേക്ഷിക്കാൻ സാധിക്കുക. കേരളത്തിലെ ഗവൺമെൻറ് കോളേജുകളിൽ പകുതിയും നാക് അക്രെഡിറ്റേഷൻ ഇല്ലാത്തവയാണ്. അറബിക് കോളേജുകൾ, പുതുതായി ആരംഭിച്ച എയ്ഡഡ് കോളേജുകൾ, പിന്നോക്ക പ്രദേശങ്ങളിലെ കോളേജുകൾ എന്നിവയൊക്കെ ആവശ്യമായ കോഴ്‌സുകൾ ഇല്ലാത്തതിനാൽ നാക് അക്രഡിറ്റേഷൻ ലഭിക്കാത്തവരാണ്. ഈ സാഹചര്യത്തിൽ ഇത്തരം കോളേജുകളെ പുറന്തള്ളുന്നത് യുക്തിരഹിതവും നീതിനിഷേധവും ആണ്. നാലും അഞ്ചും വർഷ കോഴ്‌സുകൾക്ക് നാക് സ്‌കോർ 3.25 ന് മുകളിൽ വേണമെന്ന മാനദണ്ഡം, മലബാർ ജില്ലകളിലെ അക്രഡിറ്റേഷൻ ഉള്ള കോളേജുകൾ ഇത്തരം കോഴ്‌സുകൾ ആരംഭിക്കുന്നത് തടയുന്നു. ഈ സാഹചര്യത്തിൽ സർക്കാർ അടിയന്തരമായി ഇടപെട്ട് ഈ നിർദേശങ്ങളിൽ മാറ്റം വരുത്തണമെന്ന് യോഗം ആവശ്യപ്പെട്ടു. ഡോ. ടിപിഎം ഫരീദ്, ഡോ. അബ്ദുൽ അസീസ്, ഡോ. സൈതലവി, ഡോ. ബിജു, ഡോ. അബ്ദുൽ നാസർ, ഡോ. അനസ് എടാരത്തു, ഡോ. സി. അഷറഫ് , ടി. സലീം, ഡോ. കെ.ടി. അഷ്‌റഫ് , അക്ഷയ് കുമാർ സംസാരിച്ചു. ഡോ. ഇസഡ്. ഏ. അശ്‌റഫ് അധ്യക്ഷത വഹിച്ചു. അനസ് ബിച്ചു സ്വാഗതവും ഹക്കീം നന്ദിയും പറഞ്ഞു.