ആറു വയസ്സുകാരിയെ പത്തു തവണ ചോദ്യം ചെയ്‌തെന്ന് പരാതി

പൊലീസുകാരെ ആസ്ഥാനത്തേയ്ക്ക് വിളിച്ചുവരുത്താൻ ഉത്തരവ് നൽകി – ബാലാവകാശ സംരക്ഷണ കമ്മീഷൻ

 

തിരുവനന്തപുരം : ആറു വയസ്സുകാരിയെ നിർബന്ധിച്ച് മദ്യം കുടിപ്പിച്ചതുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണോദ്യോഗസ്ഥർ നേരിട്ട് ഹാജരായി മൊഴി നൽകണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ഉത്തരവായി. ആലുവ എടത്തല പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ സുബൈർ, ചൈൽഡ് വുമൺ പൊലീസ് ഓഫീസർ മഞ്ജു എന്നിവർ 22-ാം തീയതി തിരുവനന്തപുരത്ത് കമ്മീഷൻ മുമ്പാകെ ഹാജരാകണം. കുട്ടിയെ പത്തിലധികം പ്രാവശ്യം ചോദ്യം ചെയ്ത പൊലീസ് പ്രതിയായ ഭർതൃസഹോദരിയെ ഒരിക്കൽ പോലും ചോദ്യം ചെയ്യുകയോ കസ്റ്റഡിയിൽ എടുക്കുകയോ ചെയ്തില്ലെന്ന് കാണിച്ച് കുട്ടിയുടെ മാതാവ് നൽകിയ പരാതിയിന്മേലാണ് നടപടി. പ്രതിയെ സംരക്ഷിക്കുന്ന നിലപാടാണ് തുടക്കം മുതൽ പൊലീസ് സ്വീകരിക്കുന്നതെന്ന് പരാതിയിൽ പറയുന്നു.

ആഗസ്റ്റ് 29-ന് എസ്.എഛ്.ഒ ഫുൾ യൂനിഫോമിൽ പൊലീസ് വാഹനത്തിൽ യൂനിഫോമിലുള്ള മറ്റു പൊലീസുകാരുമായി വീട്ടിലെത്തി കുട്ടിയെ ചോദ്യം ചെയ്തു. 24-ാം തീയതി എടത്തല എസ്.എഛ്.ഒയും സർക്കിൾ ഇൻസ്‌പെക്ടറും രണ്ടു വണ്ടി പൊലീസുമായി വീട്ടിലെത്തി കുട്ടിയെയും മാതാപിതാക്കളെയും ചോദ്യം ചെയ്തു. കുട്ടിയുമായി ബന്ധപ്പെട്ട് നിലവിലുള്ള പോക്‌സോ കേസന്വേഷണം എടത്തല സ്റ്റേഷനിൽ നിന്ന് മാറ്റി ആലുവ ഈസ്റ്റ് എസ്.എഛ്.ഒയെ ഏൽപ്പിച്ചിരിക്കുകയാണ്. അതിനുശേഷം മദ്യം കുടിപ്പിച്ച കേസ് അന്വേഷിക്കാൻ എന്ന് പറഞ്ഞാണ് പൊലീസ് വീണ്ടും എത്തിയതെന്ന് പരാതിക്കാരി ബോധിപ്പിച്ചു.
പ്രതിക്കെതിരേ പോക്‌സോ, ബാലനീതി നിയമങ്ങൾ പ്രകാരം ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി രണ്ട് കേസുകൾ ചാർജ് ചെയ്‌തെങ്കിലും ഇതുവരെ നടപടി എടുത്തിട്ടില്ല. അതേസമയം, പൊലീസ് വാഹനത്തിൽ യൂണിഫോമിൽ കുട്ടിയെ ചോദ്യം ചെയ്യരുതെന്ന നിയമം ലംഘിക്കപ്പെട്ടതായും പരാതിയിൽ ആരോപിച്ചു. കുട്ടിയെ തനിച്ച് മുറിയിലിരുത്തി നാലു മണിക്കൂർ തുടർച്ചയായി ഉദ്യോഗസ്ഥൻ ചോദ്യം ചെയ്തതായും പരാതിയിൽ പറയുന്നു. വനിത പൊലീസ് സിവിൽ വേഷത്തിൽ സൗമ്യമായി മാത്രമേ കുട്ടിയോട് കാര്യങ്ങൾ ചോദിച്ച് മനസ്സിലാക്കാവൂ എന്ന വ്യവസ്ഥയും ലംഘിക്കപ്പെട്ടതായും ഇത്തരം കേസുകളിൽ പുലർത്തേണ്ട രഹസ്യസ്വഭാവം ഇല്ലാതാക്കിയതായും പൊലീസ് സന്നാഹം മാനഹാനിക്ക് ഇടയാക്കിയതായും പരാതിക്കാരി കമ്മീഷന് മുമ്പാകെ ബോധിപ്പിച്ചിട്ടുണ്ട്.

Share

Leave a Reply

Your email address will not be published. Required fields are marked *