കോഴിക്കോട് : വിദേശ രാജ്യങ്ങളിൽ നിരവധി വർഷങ്ങൾ ജോലിയെടുത്ത് നാട്ടിലേക്ക് തിരിച്ചെത്തുന്ന പ്രവാസികളുടെ കഴിവുകൾ ഉപയോഗപ്പെടുത്താൻ നാം തയ്യാറാവണമെന്ന് എം.ടി വാസുദേവൻനായർ പറഞ്ഞു. ഇപ്പോൾ ഉണ്ടായിട്ടുള്ള പ്രതിസന്ധികാരണം പലരും നാട്ടിലേക്ക് മടങ്ങിവരികയാണ്. അവർക്ക് ഇവിടെ ഭാവിജീവിതം കെട്ടിപ്പടുക്കാൻ സൗകര്യമൊരുക്കണം. ഇതിനായി കേരള പ്രവാസി അസോസിയേഷൻ നടപ്പിലാക്കുന്ന ‘സ്വയം പര്യാപ്ത കേരളം പ്രവാസികളിലൂടെ’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മലയാളികൾ പ്രവാസികളായതിന് വലിയ ചരിത്രമുണ്ട്. ആദ്യകാലത്ത് ബർമ, മലയ, സിംഗപ്പൂർ എന്നിവിടങ്ങളിലേക്കും, പിന്നീട് പേർഷ്യയിലേക്കും മലയാളി ജോലി തേടിപോയി. പിന്നീട് ഗൾഫ് കുടിയേറ്റവും, ഇപ്പോൾ ലോകത്തെല്ലായിടത്തും മലയാളിയുണ്ട്. നമുക്ക് അഭിമാനിക്കാവുന്ന ഒന്നാണിത്. പ്രവാസലോകത്ത് ജോലിയും, ബിസിനസും ചെയ്ത് സ്വന്തമായി ജീവിതം കെട്ടിപ്പടുത്തവരാണ് പ്രവാസികൾ. ജാതി, മതം, രാഷ്ട്രീയം എന്നതിനുപരിയായി മനുഷ്യന് സേവനം ചെയ്യുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന കേരള പ്രവാസി അസോസിയേഷന്റെ പ്രവർത്തനം മാതൃകാപരമാണ്. മാനവികതയാണ് നമുക്ക് വേണ്ടത്. സംഘടനയുടെ സംസ്ഥാന ഓഫീസ് ഉദ്ഘാടനവും അദ്ദേഹം നിർവ്വഹിച്ചു. ചടങ്ങിൽ സംസ്ഥാന പ്രസിഡന്റ് രാജേന്ദ്രൻ വെള്ളപാലത് അധ്യക്ഷത വഹിച്ചു.