കോഴിക്കോട് : സൗത്ത് ഇന്ത്യൻ ബാങ്കിന്റെ മാനേജിങ് ഡയറക്ടറും സി.ഇ.ഒ.യുമായി മുരളി രാമകൃഷ്ണനെ നിയമിച്ചു. 2020 ഒക്ടോബർ 1 മുതൽ 3 വർഷത്തേക്കാണ് നിയമനം. നിലവിലെ മാനേജിങ് ഡയറക്ടർ വി.ജി. മാത്യുവിന് പിൻഗാമിയായാണ് മുരളി രാമകൃഷ്ണൻ ചുമതലയേൽക്കുന്നത്. ഐ.സി.ഐ.സി.ഐ. ബാങ്കിന്റെ സീനിയർ ജനറൽ മാനേജരായിരുന്ന മുരളി രാമകൃഷ്ണൻ ബാങ്കിന്റെ സ്ട്രാറ്റജിക് പ്രൊജക്ട്
ഗ്രൂപ്പിന്റെ ഭാഗമായിരുന്നു. ഹോംങ്കോഗിൽ ഐ.സി.ഐ.സി.ഐ.യുടെ ചീഫ് എക്സിക്യുട്ടീവായും, ഐ.സി.ഐ.സി.ഐ.യുടെ വടക്കൻ ഏഷ്യ, ശ്രീലങ്ക, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക എന്നീ മേഖലകളുടെ മേധാവിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ദേശീയ-അന്താരാഷ്ട്ര ബാങ്കിങ് രംഗത്ത് 34 വർഷത്തെ അനുഭവസമ്പത്തുണ്ട്. ജൂലൈ ഒന്നുമുതൽ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ അഡൈ്വസറായി പ്രവർത്തിച്ചു വരികയായിരുന്നു. റീട്ടെയിൽ, എസ്.എസ്.എം.ഇ രംഗത്ത് വലിയ നേട്ടങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്. വിദേശരാജ്യങ്ങളിൽ ബാങ്കിൽ പ്രവർത്തനങ്ങൾക്ക് ചുക്കാൻപിടിച്ച മുരളി രാമക്യഷ്ണൻ, സ്വകാര്യ ബാങ്കിൽ നിന്നും സൗത്ത് ഇന്ത്യൻ ബാങ്കിന്റെ മേധാവിയായി എത്തുന്ന പ്രഥമ വ്യക്തികൂടിയാണ്. ഇദ്ദേഹത്തിന്റെ നിയമനത്തിന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ.ബി.ഐ)യുടെ അനുമതി ലഭിച്ചിട്ടുണ്ട്. കെമിക്കൽ എഞ്ചിനീയറിംഗ് ബിരുദധാരിയാണ്. ഐ.ഐ.എം. ബാംഗ്ലൂരിൽ നിന്നും ഫിനാൻസ് ആൻഡ് മാർക്കറ്റിംഗിൽ ബിരുദാനന്തര ഡിപ്ലോമ നേടിയിട്ടുമുണ്ട്. ഐ.സി.ഐ.സി.ഐ. ബാങ്ക് ലിമിറ്റഡിൽ എത്തുന്നതിന് മുൻപ് ജി.ഇ. കാപ്പിറ്റൽ, ടി.എഫ്.എസ് ലിമിറ്റഡ്, എസ്.ആർ.എഫ് ഫൈനാൻസ് ലിമിറ്റഡ്, സ്പാർടെക്എമർജിങ് ഫണ്ട്, കാൻബാങ്ക് വെഞ്ച്വർ കാപ്പിറ്റൽ ഫണ്ട്, സ്പിക് ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.