കോഴിക്കോട് : കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെയും, മറ്റ് അധികാരികളുടെയും നിർദേശങ്ങളിലെ വൈരുദ്ധ്യങ്ങൾ നിമിത്തം ഗൾഫ് മലയാളികൾക്ക് ജോലിക്കും, മറ്റാവശ്യങ്ങൾക്കും മടങ്ങിപോകാൻ പ്രയാസവും തടസ്സവും നേരിടുകയാണെന്ന് ബഹ്‌റൈൻ റിട്ടേണീസ് ജില്ലാ കമ്മറ്റിയും പ്രവാസി കോർഡിനേഷൻ കമ്മറ്റിയുടെയും സംയുക്തയോഗം ചൂണ്ടിക്കാട്ടി. ഓരോ ദിവസവും വ്യത്യസ്ത മാനദണ്ഡങ്ങൾ പുറപ്പെടുവിക്കുന്നത് ഗൾഫ് നാടുകളിലെ മലയാളികളുടെ സാധ്യതകൾ ഇല്ലാതാക്കും. ഇത് ഒഴിവാക്കാൻ കോവിഡ് സംബന്ധിച്ച് വ്യക്തമായ മാനദണ്ഡം ആവിഷ്‌കരിക്കണം. യോഗം ആറ്റക്കോയ പള്ളിക്കണ്ടി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.ടി വാസുദേവൻ അധ്യക്ഷം വഹിച്ചു. കെ.പി അബൂബക്കർ, പി.ടി നിസാർ, എം.ബാബു, പി.കെ അൻവർ ഹുസൈൻ, പി.കെ ജയചന്ദ്രൻ പ്രസംഗിച്ചു.