കോഴിക്കോട് : ഓണക്കാലത്ത് ജനങ്ങൾ കൂട്ടമായ് തെരുവുകളിലും വ്യാപാര സ്ഥാപനങ്ങളിലും കയറി തിരക്ക് കൂട്ടാനും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കപ്പെടാതെ പോകാനുമുള്ള സാഹചര്യം നിലനിൽക്കുകയാണെന്നും കേരളത്തിലെ ഗ്രാമ, നഗര പ്രദേശങ്ങളിലെ ഓണത്തിരക്ക് പ്രവചനങ്ങൾക്കുമപ്പുറമാകുകയും രോഗവ്യാപനത്തിന് ആക്കം കൂട്ടുകയും ചെയ്യാനുള്ള സാധ്യത നിലനിൽക്കുന്നത് കൊണ്ട് കടകളുടെ പ്രവർത്തന സമയം ദീർഘിപ്പിച്ച് നൽകണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്‌സര ആവശ്യപ്പെട്ടു. വൈകീട്ട് ആറ് മണിക്കും ഏഴ് മണിക്കുമിടയിലുള്ള കൂട്ടത്തിരക്ക് ഒഴിവാക്കാൻ, ഓണക്കാലത്ത് മാത്രമായി വൈകീട്ട് ഏഴ് മണി എന്ന നിശ്ചിത സമയം രാത്രി 10 മണി വരെ ദീർഘിപ്പിച്ച് നൽകിയാൽ ഒരു പരിധി വരെ ഈ പ്രശ്‌നത്തിന് പരിഹാരം കാണാൻ കഴിയുമെന്നും മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. രോഗവ്യാപനം തടയുന്ന എല്ലനടപടികളിലും വ്യാപാരികളുടെ പൂർണ്ണ സഹകരണം ഉണ്ടാകുമെന്ന് രാജു അപ്‌സര മുഖ്യമന്ത്രിക്ക് ഉറപ്പ് നൽകി.