മത്സ്യതൊഴിലാളികളുടെ പുനരധിവാസ തുക അദാനിയിൽ നിന്ന് ഇടാക്കണം
കോഴിക്കോട് : 1957 മുതൽ കേരളത്തിലെ ഗവൺമെന്റുകളുടെ ചരിത്രം എടുക്കുമ്പോൾ സംസ്ഥാനം കണ്ട ഏറ്റവും വലിയ അഴിമതിയാണ് വിഴിഞ്ഞം പദ്ധതിയെന്ന് പി.സി ജോർജ് പറഞ്ഞു. 7563 കോടി രൂപയുടെ പദ്ധതിയാണ് 2015 ഓഗസ്റ്റ് 17ന് അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡും, കേരള സർക്കാറും എഗ്രിമെൻ് വച്ചത്. 4898 കോടി രൂപയുടെ ആദ്യഘട്ടം 2019 ഡിസംബർ 31ന് പൂർത്തീകരിക്കുമെന്നായിരുന്നു ധാരണാപത്രം. 1460 ദിവസംകൊണ്ട് പൂർത്തീകരിക്കുമെന്ന് പ്രഖ്യാപിച്ച ഒന്നാംഘട്ട പദ്ധതി എങ്ങുമെത്തിയിട്ടില്ല. 3100 മീറ്റർ എൽ ആക്യതിയിൽ പുലിമുട്ട് നിർമ്മിക്കണമെന്ന് വ്യവസ്ഥയുണ്ടെങ്കിലും 2020 ഓഗസ്റ്റ് 18 ആയിട്ടും 600 മീറ്റർ മാത്രമാണ് നിർമ്മാണം നടന്നിട്ടുള്ളത്. ഇതിന്റെ ഭാഗമായി മത്സ്യതൊഴിലാളികളുടെ പുനരധിവാസം ഉറപ്പാക്കുമെന്ന് പറഞ്ഞെങ്കിലും ഒരു പൈസപോലും ചിലവഴിച്ചിട്ടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സർക്കാർ അദാനിക്ക് സൗജന്യമായി നൽകിയ 100 ഏക്കർ സ്ഥലത്ത് ട്രക്ക് ടെർമിനൽ, റസിഡൻഷ്യൽ സൗകര്യം, ഫിഷറീസ് ഹാർബർ, കണ്ടെയ്‌നർ ടെർമിനൽ, ഫിഷറീസ് ബെർത്ത് എന്നതുൾപ്പെടെ ചെയ്യാമെന്ന് അദാനി സമ്മതിച്ച കാര്യങ്ങൾ ചെയ്യ്തിട്ടില്ല. നാൽപ്പത് കൊല്ലത്തേക്ക് അദാനിക്ക് പദ്ധതി തീരെഴുതികൊടുത്തിരിക്കയാണ്. കേന്ദ്ര സർക്കാറിന്റെ 1635 കോടിയും സംസ്ഥാന സർക്കാറിന്റെ 3436 കോടിയും അദാനിയുടെ 2454 കോടിയും ചേർന്നതാണ് പദ്ധതി തുക. കടലിലേക്കിറങ്ങി നിർമ്മാണം നടത്തുമ്പോൾ തിരമാലകൾ രണ്ട് മുതൽ എഴരമീറ്റർ വരെ ഉയരത്തിൽ അടിച്ചുകയറുമെന്ന വിഴിഞ്ഞം പോർട്ടിന്റെ സാധ്യത പഠന റിപ്പോർട്ടിലെ നിർദേശങ്ങൾ അവഗണിച്ചതിനാൽ ശംഖുമുഖം ബീച്ച് പൂർണ്ണമായും കടലെടുത്തു കഴിഞ്ഞിരിക്കുകയാണ്. കുഴിത്തുറ മുതൽ തുമ്പവരെ 20 കിലോമീറ്റർ കടലോരം സി.എസ.്ആർ ഫണ്ട് ഉപയോഗിച്ച് സംരക്ഷിക്കാൻ അദാനി ഗ്രൂപ്പ് ബാധ്യസ്ഥമാണ്. ഈ രീതിയിൽ നിർമ്മാണം നടന്നാൽ കോവളം, പൂവാർ, എന്നീ തീരങ്ങൾകൂടി താമസിയാതെ കടലെടുക്കുമെന്നദ്ദേഹം ചൂണ്ടിക്കാട്ടി. പദ്ധതി നടപ്പിലായാൽ 15 വർഷത്തിനകം തിരുവനന്തപുരം നഗരം വെള്ളത്തിനടിയിലാകുമെന്ന് വിദഗ്ദ റിപ്പോർട്ടുകളുണ്ട്. തകർന്നടിഞ്ഞ ശംഖുമുഖം ബീച്ച് പുനർനിർമിക്കാനും ഈ തീരമേഖലയിൽ വീടും, ജീവനോപാധികളും നഷ്ടപ്പെട്ട മുഴുവൻ ആളുകൾക്കും പൂർണ്ണ നഷ്ടപരിഹാരം നൽകി പുനരധിവസിപ്പിക്കുന്നത് ആവശ്യമായ മുഴുവൻ തുകയും അദാനിയിൽ നിന്ന് ഇടാക്കാൻ സർക്കാർ അടിയന്തരനടപടി സ്വീകരിക്കണം. കാലാവധിക്കകം പദ്ധതി നിർമ്മാണം പൂർത്തിയാക്കാത്തതിനാൽ 4 മാസം കൊണ്ട് 14 കോടി 40ലക്ഷം രൂപ അദാനി പിഴയായി അടക്കേണ്ടതുണ്ട്. നിർമ്മാണം പൂർത്തിയാക്കാത്ത അദാനിക്ക് ഒരു നോട്ടീസ് പോലും സർക്കാർ നൽകിയിട്ടില്ല. ഇത് യുഡിഎഫ്-എൽഡിഎഫ് കൂട്ടുകച്ചവടമാണ്. 20 മുതൽ 30 കിലോമീറ്റർ തീരപ്രദേശം കടലെടുത്ത് ലക്ഷോപലക്ഷം മത്സ്യതൊഴിലാളികളുടെ ജീവിതം താറുമാറാക്കുന്ന വിഴിഞ്ഞം തുറമുഖ പദ്ധതി ഉടൻ നിർത്തിവെക്കാൻ നടപടിവേണമെന്നും പി.സി ജോർജ് പറഞ്ഞു.