”കാലുകളെ സ്നേഹിക്കുക, നിങ്ങളുടെ ജീവിതത്തെ സ്നേഹിക്കുക”
കോഴിക്കോട്: പെരിഫറൽ ആർട്ടീരിയൽ ഡിസീസ് (പിഎഡി) ചികിത്സ നൽകുന്നതിനായി മേയ്ത്ര ഹോസ്പിറ്റലിൽ അഡ്വാൻസ്ഡ് ഫൂട്ട്കെയർ സെന്റർ ‘പ്രവർത്തനമാരംഭിക്കുന്നു.
പ്രമേഹരോഗികൾ നേരിടുന്ന ഗുരുതര പ്രശ്‌നമായ പിഎഡിയ്ക്കുള്ള അതിനൂതന ചികിത്സകൾ മേയ്ത്ര ഹാർട്ട് ആൻഡ് വാസ്‌ക്കുലാർ സംഘത്തിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഈ പ്രത്യേക കേന്ദ്രം ഉറപ്പു നൽകുന്നു. പ്രമേഹത്തിന്റെ ഗുരുതരമായ പല രോഗവസ്ഥകളാൽ വലയുന്ന രോഗികൾക്ക് അവയവഛേദനം ഒഴിവാക്കിക്കൊണ്ടുള്ള രോഗപ്രതിവിധി ലഭിക്കുന്നതിനാൽ പിഎഡിയ്ക്കുള്ള നൂതന ചികിത്സാരീതികൾ ഇതിനോടകം തന്നെ ആഗോളതലത്തിൽ അതിപ്രാധാന്യം നേടിക്കഴിഞ്ഞിരിക്കുകയാണ്. ഡിജിറ്റൽ സബ്ട്രാക്ഷൻ, ആൻജിയോഗ്രാഫി, സിടി ഇന്റഗ്രേഷൻ, കാർബൺഡൈഓക്‌സൈഡ് ആൻജിയോഗ്രാഫി എന്നിവയടങ്ങിയ റോബോട്ടിക്ക് കാത്ത് ലാബ് (ആർട്ടിസ്സീഗോ) തുടങ്ങിയ അതിനുതന സാങ്കേതിക ചികിത്സയിലൂടെ മേയ്ത്രയിൽ അഡ്വാൻസ്ഡ് ഫൂട്ട് കെയർ സെന്റർ ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റ്, വാസ്‌ക്കുലാർ ആൻഡ് ജനറൽസർജൻ, എൻഡോക്രൈനോളജിസ്റ്റ്, പോഡിയാട്രിസ്റ്റ്, ഫിസിയാട്രിസ്റ്റ് എന്നിവരടങ്ങുന്ന പ്രത്യേക സംഘം ചികിത്സ നൽകും.എല്ലാ ചൊവ്വാഴ്ചയും വ്യാഴാഴ്ചയും ഉച്ചയ്ക്ക് 2 മണി മുതൽ വൈകുന്നേരം 5 മണിവരെ ഫൂട്ട്‌കെയർ സെന്റർ പ്രവർത്തിക്കും. അത്യാധുനിക സാങ്കേതിക വിദ്യകളുടെ മികവിലും ലോകോത്തര നിലവാരത്തിലുള്ള സേവനത്തിലും പ്രമേഹരോഗ ചികിത്സാ രംഗത്ത് മേയ്ത്ര ഹോസ്പിറ്റൽ മികച്ച സേവനമാണ് നൽകികൊണ്ടിരിക്കുന്നത്. മേയ്ത്ര ഫൂട്ട്‌കെയർ സെന്റർ ഈ ദിശയിലേക്കുള്ള ഒരു ചുവടുവെപ്പാണെന്നും സിഇഒ ഡോ. പി മോഹനകൃഷ്ണൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പെരിഫറൽ ആർട്ടീരിയൽ രോഗങ്ങളെക്കുറിച്ചു പൊതുജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കുന്നതിനും ലഭ്യമായ ഏറ്റവും പുതിയ ചികിത്സാരീതികളെക്കുറിച്ച് അവരെ അറിയിക്കുന്നതിനുമാണ് ”കാലുകളെ സ്നേഹിക്കുക, നിങ്ങളുടെ ജീവിതത്തെ സ്നേഹിക്കുക’ എന്ന കാമ്പയിനിലൂടെ മേയ്ത്ര ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയിൽ ഏകദേശം 10 ലക്ഷം കാലുകൾ ഭാഗികമായി മുറിച്ചു മാറ്റപ്പെട്ട രോഗികൾ ഉണ്ടെന്നാണ് കണക്ക്. അതിൽ 60 ശതമാനവും പ്രമേഹരോഗികളാണ്. കാരണം, പ്രമേഹത്തിന്റെ മൂർദ്ധന്യാവസ്ഥയിൽ പിഎഡി എന്ന അസുഖം ഉണ്ടാകാൻ സാധ്യത ഏറെയാണ്. നാലിൽ ഒന്ന് പ്രമേഹ രോഗികൾക്ക് കാലിലെ വ്രണം ഉണങ്ങാത്ത അവസ്ഥ കണ്ടുവരുന്നു, ഇതിൽ 15ശതമാനം അസുഖം സുഖപ്പെടുന്നില്ല. എന്നുമാത്രമല്ല, അത് മൂർച്ഛിച്ച്, ഗാൻഗ്രീൻ (രക്തയോട്ടംനിലച്ച് കാല് നിർജ്ജീവം ആകുന്ന അവസ്ഥ ) ആയി പരിണമിക്കുന്നു. ഈ അവസ്ഥ ഒഴിവാക്കാൻ ശരിയായ സമയത്തെ ചികിത്സ ആവശ്യമാണ്. പുതിയ സാങ്കേതികതയിലൂടെ, രോഗിയുടെ കൈകാലുകളും ജീവനും രക്ഷിക്കാൻ കഴിയും. ഈ നടപടിക്രമത്തിനായി ഒരു പ്രത്യേക ചികിത്സാകേന്ദ്രം ഉണ്ടാവുകയെന്നത് സമൂഹത്തിന്റെ പ്രധാന ആവശ്യമാണ്. മേയ്ത്രയിലെ നൂതന ഫുട്ട്‌കെയർ സെന്റർ വഴി, നിരവധി പ്രമേഹരോഗികൾക്ക് പ്രതീക്ഷ നൽകാൻ കഴിയുമെന്നും ഹാർട്ട് ആൻഡ് വാസ്‌ക്കുലാർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഭാഗമായി പ്രവർത്തിക്കുന്ന ഫൂട്ട്കെയർ സെന്റർ തലവനും കാർഡിയോളജി വിഭാഗം ചെയർമാനുമായ ഡോ. എം. ആശിഷ്‌കുമാർ മണ്ഡലെ പറഞ്ഞു. ഡോ.നസീർ അലി (സീനിയർ കൺസൾട്ടന്റ് എൻഡോക്രൈനോളജി), ഡോ. സജി വർഗ്ഗീസ് (സീനിയർ കൺസൾട്ടൻറ് ജനറൽസർജറി), ഡോ. ഹഫീസ ടാംട്ടൺ (ഫിസിയാട്രിസ്റ്റ്) ഡോ. രഞ്ജിഷ് (വാസ്‌ക്കുലാർ സർജൻ ) പത്രസമ്മേളനത്തിൽ പങ്കെടുത്തു.