കോഴിക്കോട് : മുസ്ലീംലീഗ് കോഴിക്കോട് ജില്ലാ കമ്മറ്റിയിലെയും കോഴിക്കോട് നോർത്ത് നിയോജകമണ്ഡലം കമ്മറ്റിയിലെയും വിഭാഗീയ പ്രവർത്തനങ്ങളിൽ പ്രതിഷേധിച്ച് പാർട്ടിയിൽ നിന്ന് രാജിവെയ്ക്കുന്നതായി കോർപ്പേഷൻ 16-ാം വാർഡ് കമ്മറ്റി ചെയർമാനും, മേഖല കൗൺസിൽ മെമ്പറും,റിലീഫ് കമ്മറ്റി ജനറൽ സെക്രട്ടറിയും, ശാഖാ മുസ്ലീംലീഗ് ജനറൽ സെക്രട്ടറിയുമായ വി.പി മുഹമ്മദ് അഷ്‌റഫ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. നേതാക്കൻന്മാരുടെ ഇടയിലുള്ള ഗ്രൂപ്പ് പ്രവർത്തനവും, കുടിപ്പകയും കാരണം മേൽകമ്മറ്റികൾ എടുക്കുന്ന തീരുമാനങ്ങൾ ഫലപ്രദമായി കീഴ്ഘടകങ്ങളിൽ നടപ്പിലാക്കാൻ സാധിക്കുന്നില്ല. ജില്ലാ കമ്മറ്റി ഓഫീസ് നിർമ്മാണത്തിന് വേണ്ടി പിരിച്ച ഫണ്ടിൽ നിന്ന് ഏഴരലക്ഷം രൂപ വഴിവിട്ട് ചിലവഴിച്ചത് മാധ്യമവാർത്തയായതാണെന്നും അഷ്‌റഫ് ചൂണ്ടിക്കാട്ടി. കോഴിക്കോട് നോർത്ത് മണ്ഡലം കമ്മറ്റി നിലവിൽ വന്നത് മുതൽ പ്രശ്‌നങ്ങൾ ഉണ്ടായതിനാൽ ഭാരവാഹിത്വത്തിൽ നിന്ന് പലരും രാജിവെച്ചിരുന്നു. ജില്ലാ കമ്മറ്റിയുടെ തീരുമാനങ്ങൾ അട്ടിമറിക്കുന്നത് ജില്ലാ ഓർഗനൈസിംഗ് സെക്രട്ടറിയും, മണ്ഡലം ജനറൽ സെക്രട്ടറിയുമാണ്. ഇവർക്ക് പാർട്ടിയിലെ പ്രഗൽഭനായ നേതാവിന്റെ പിന്തുണയുമുണ്ട്. ലീഗിന്റെ സംസ്ഥാന കമ്മറ്റി ഓഫീസിന്റെ ചുമതലകളിൽ നിന്ന് മാറ്റി നിർത്തപ്പെട്ട വ്യക്തി വീണ്ടും ആ സ്ഥാനത്ത് എത്തിയിരിക്കുകയാണ്. റിയൽ എസ്റ്റേറ്റ് ബിനാമി ഇടപാടുകൾ നടത്തുന്നവരെ നേതൃത്വം സംരക്ഷിക്കുകയാണ്. കോഴിക്കോട് കോർപ്പറേഷനിൽ പ്രമുഖ കക്ഷിയായിട്ടും ലീഗിന് വേണ്ടത്ര കൗൺസിലർമാരെ വിജയിപ്പിക്കാനാവാത്തത് ഈ നേതൃത്വം പിന്തുണയില്ലാത്ത പാർശ്വവർത്തികളെ മത്സരിപ്പിക്കുന്നത് മൂലമാണ്. പാണക്കാട് തങ്ങളുടെ ശ്രദ്ധയിൽ വിഷയം കൊണ്ട്‌വന്നിട്ടും പരിഹാരമായിട്ടില്ല. കഴിഞ്ഞ മാസം 40 ഓളം പേർ രാജിവെച്ചിട്ടുണ്ട്. അവർക്ക് ധാർമ്മിക പിന്തുണ നൽകിയാണ് തന്റെ രാജിയെന്നും മുഹമ്മദ് അഷ്‌റഫ് പറഞ്ഞു. വാർത്താ സമ്മേളനത്തിൽ യു.പി അബൂബക്കർ, കെ.അബ്ദുൾനാസർ, പി.കാസിം പങ്കെടുത്തു.