കോഴിക്കോട് : സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ച സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ഉൽപാദിപ്പിക്കുന്ന കർഷകരുടെ പച്ചക്കറികൾക്ക് വിപണി കണ്ടെത്താൻ ഹോർട്ടികോർപ്പ് കോഴിക്കോട് ജില്ലയിൽ പുതുതായി 5 സ്റ്റാളുകൾ ഓണത്തിനു മുമ്പായി തുറക്കും. കർഷകരുടെ ഉൽപ്പന്നങ്ങൾക്ക് ന്യായവില ലഭ്യമാക്കുന്നതോടൊപ്പം, ഉപഭോക്താക്കൾക്ക് മിതമായ വിലയിൽ പച്ചക്കറി ലഭ്യമാക്കുക എന്നതാണ് സർക്കാർ ലക്ഷ്യമിടുന്നത്. ചേവരമ്പലം, നരിക്കുനി പഞ്ചായത്തിൽ നരിക്കുനി, പേരാമ്പ്ര പഞ്ചായത്തിൽ പേരാമ്പ്ര, വില്ല്യാപ്പള്ളി പഞ്ചായത്തിൽ വില്യാപ്പള്ളി, ആയഞ്ചേരി പഞ്ചായത്തിലെ തണ്ണീർപന്തൽ എന്നിവിടങ്ങളിലാണ് ഹോർട്ടികോർപ്പ് പുതിയ സ്റ്റാളുകൾ തുറക്കുന്നത്. നിലവിൽ ഹോർട്ടികോർപ്പിന് വേങ്ങേരി, കക്കോടി, അത്തോളി, എലത്തൂർ, കൊയിലാണ്ടി, തോടന്നൂർ, മൊകേരി എന്നിവിടങ്ങളിലാണ് സ്റ്റാളുകൾ ഉള്ളത്. ഇതിൽ കുന്നുമ്മൽ പഞ്ചായത്തിൽ ആരംഭിച്ച മൊകേരി സ്റ്റാൾ ലോക്ക്ഡൗൺ കാലയളവിൽ തുടങ്ങിയതാണ്. ഇതോടെ ജില്ലയിലെ ഹോർട്ടികോർപ്പിന്റെ വിൽപ്പന കേന്ദ്രങ്ങളുടെ എണ്ണം 12 ആയി ഉയരും.പേരാമ്പ്ര പഞ്ചായത്തിൽ ഹോർട്ടികോർപ്പിന് വിൽപ്പന കേന്ദ്രം വേണമെന്ന് പേരാമ്പ്ര എം.എൽ.എ യും, തൊഴിൽ എക്‌സൈസ് വകുപ്പ് മന്ത്രിയുമായ ടി.പി. രാമകൃഷ്ണൻ ലോക്ക്ഡൗൺ കാലയളവിൽ തന്നെ കൃഷി വകുപ്പ് മന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. ഹോർട്ടികോർപ്പിന്റെ സ്ഥിരം ഔട്ട്‌ലെറ്റ് ലഭിക്കാൻ സഹായകമായ നിലപാട് എടുത്തത് കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഭരണ സമിതിയാണ്. ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള കൃഷി വകുപ്പിന്റെ പേരാമ്പ്രയിലെ സ്റ്റേറ്റ് സീഡ് ഫാമിന്റെ വിൽപ്പന കേന്ദ്രത്തിൽ ഹോർട്ടികോർപ്പിന് പ്രവർത്തിക്കാൻ ജില്ലാ പഞ്ചായത്ത് അനുമതി നൽകുകയായിരുന്നു. കൊടുവള്ളി എം.എൽ.എ കാരാട്ട് റസാക്ക,് കൃഷി വകുപ്പ് മന്ത്രിക്ക് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് നരിക്കുനി പഞ്ചായത്തിൽ വിൽപ്പന കേന്ദ്രം അനുവദിച്ചത്. കോഴിക്കോട് കോർപ്പറേഷനിലെ മൂന്നാമത്തെ വിൽപ്പന കേന്ദ്രമാണ് ചേവരമ്പലത്ത് ആരംഭിക്കുന്നത്. കാസർക്കോഡ് മുതൽ പാലക്കാട് ജില്ല വരെയുള്ള കർഷരിൽ നിന്ന് സംഭരിക്കുന്ന പച്ചക്കറികളാണ് കോഴിക്കോട് ജില്ലയിൽ പ്രധാനമായും വിറ്റഴിക്കുന്നത്. ഇടുക്കി, മൂന്നാർ മേഖലയിലെ വട്ടവട, കാന്തല്ലൂർ പഞ്ചായത്തുകളിൽ നിന്ന് സംഭരിക്കുന്ന ശീതകാല പച്ചക്കറികളായ ക്യാരറ്റ്, കാബേജ്, ബീൻസ് ഉരുളകിഴങ്ങ് എന്നിവയും ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നുണ്ട്. ലോക്ക്ഡൗൺ കാലയളവിൽ ഹോർട്ടികോർപ്പ് സംഭരിച്ച് വിതരണം ചെയ്ത പാലക്കാട് ജില്ലയിലെ മുതലമടയിൽ നിന്ന് സംഭരിച്ച മാങ്ങയ്ക്കും എറണാകുളം ജില്ലയിലെ വാഴക്കുളം പൈനാപ്പിളിനും കോഴിക്കോട് ആവശ്യക്കാർ ഏറെയായിരുന്നു. കേരളത്തിൽ ഉൽപാദിപ്പിക്കുന്ന പച്ചക്കറികളും ഹോർട്ടികോർപ്പ് മിതമായ വിലയ്ക്ക് ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നുണ്ടെന്ന് ഹോർട്ടികോർപ്പ് കോഴിക്കോട് റീജണൽ മാനേജർ ഷാജി. ടി.ആർ അറിയിച്ചു.