സംഗീത സംവിധായകനും ഗായകനുമായ എംജി രാധാക്യഷ്ണന്റെ ഭാര്യ ഈയിടെ അന്തരിച്ച പത്മജയുമായി ലേഖകൻ കെ. പ്രേമചന്ദ്രൻനായരുമായി നടത്തിയ അഭിമുഖം
പ്രണയവിവാഹമാണ് എന്ന് കേട്ടിട്ടുണ്ട്. അദ്ദേഹത്തിലെ വ്യക്തിയെയാണോ അതോ അദ്ദേഹത്തിലെ കലാകാരനെയാണോ ആദ്യം ആകർഷിച്ചത് ?
കലയോടുള്ള അതേ ആരാധന തന്നെയാണ് വ്യക്തിയോടുള്ള ആരാധനയും. കണ്ടപ്പോൾ തന്നെ കുറേകൂടി വ്യക്തിത്വമുള്ള ആളാണെന്ന് തോന്നുകയും ചെയ്തു. പിന്നെ അദ്ദേഹം എനിക്കുവേണ്ടി (എന്നെക്കുറിച്ച്) ഒരു ലളിതഗാനം സംഗീതം ചെയ്ത് റേഡിയോയിൽ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
‘ വാതിക്കൽ എത്തുന്ന നേരം ചിരിക്കുന്ന
വാസന്തിപ്പുവാണ് ഭാര്യ
ദുഃഖം വരുമ്പോൾ തലോടിമയങ്ങുന്ന
മൈക്കണ്ണിയാളാണു ഭാര്യ’
രമേശൻ നായരുടെ രചനയിൽ ‘ പൂമുഖവാതിൽക്കൽ സ്‌നേഹം വിടർത്തുന്ന പൂന്തിങ്കളാകുന്നു ഭാര്യ’ എന്ന ഗാനം കേൾക്കുമ്പോൾ ഈ വരികൾ ഓർമ്മയിലെത്തും.
കലാകാരന്മാർ ഗാർഹിക ജീവിതത്തിൽ പലപ്പോഴും അശ്രദ്ധരാണല്ലോ. കുടുംബനാഥനനെന്ന നിലയിൽ എം.ജി രാധാക്യഷ്ണന് എത്ര മാർക്ക് നൽകാം?
അതായത് കുടുംബനാഥനെന്ന നിലയിൽ എപ്പോഴും ഏത് പ്രോഗ്രാമിന് പോയാലും മിക്കവാറും അന്നു തന്നെ വീട്ടിൽ തിരിച്ചെത്തും. പിന്നെ ഞങ്ങൾ ഒരു കൂട്ടുകുടുംബമാണ്. മാത്രമല്ല സുഹ്യത്തുക്കൾക്ക് ഏറെ പ്രാധാന്യം നൽകിയിരുന്നു. കുടുംബത്തെ മാറ്റി നിർത്തിക്കൊണ്ടുള്ള ഒരു പ്രോഗ്രാമും അദ്ദേഹത്തിനില്ലായിരുന്നു.
എംജി രാധാക്യഷ്ണൻ അറിയപ്പെടുന്ന ഒരു ഗായകനും സംഗീതസംവിധായകനുമാണല്ലോ. അദ്ദേഹത്തിന്റെ ലളിതഗാനങ്ങളാണോ അതോ ചലച്ചിത്രഗാനങ്ങളാണോ കൂടുതൽ വശ്യമായി തോന്നിയിട്ടുള്ളത്.?
രണ്ടും ഒരുപോലെയാണ്. ചിലപ്പോൾ ചലച്ചിത്രഗാനങ്ങൾ കേൾക്കുമ്പോൾ ലളിതഗാനങ്ങളാണ് കൂടുതൽ നല്ലതെന്ന് തോന്നിപ്പോകും. പിന്നെകുറേകൂടി സ്വാതന്ത്രത്തോടെ ചെയ്യുന്നതാണ് ലളിതഗാനങ്ങൾ.
മ്യദുലേ…..എന്ന ഗാനം റീകംപോസ് ചെയ്ത് പുതിയൊരു ചിത്രത്തിലുപയോഗിച്ചിട്ടുണ്ട്. പഴയഗാനങ്ങളുടെ പുനരാവിഷ്‌കരണം ശരിയായ നിലപാടാണോ?
അതിന് കുഴപ്പമില്ല. പിന്നെ ഒരു തരത്തിലും അത് വിക്യതമാക്കാതിരുന്നാൽ ആ പാട്ട് എപ്പോൾ കേട്ടാലും നന്നായിരിക്കും.
എംജി രാധാക്യഷ്ണന്റെ മികച്ച സ്യഷ്ടിയായി തിരെഞ്ഞെടുക്കാൻ പറഞ്ഞാൽ ഏത് തിരെഞ്ഞെടുക്കും?
‘ മൗനമേ എന്ന് തുടങ്ങുന്ന പിന്നെ… ‘ നാഥാ നീ വരും ‘ പഴംതമിഴ് പാട്ടിഴയും ‘ തുടങ്ങി…. മണിച്ചിത്രത്താഴിലെ പാട്ടുകൾ ഏറ്റവും മികച്ചതുതന്നെ. എത്രവർഷം കഴിഞ്ഞാലും പാട്ടിനു പ്രസക്തി എതു കാലത്തും നിലനിൽക്കും.
ശാസ്ത്രീയരംഗത്ത് അദ്ദേഹം ഇഷ്ടപ്പെട്ട ഏറ്റവും വലിയ സംഗീതജ്ഞൻ ആരായിരുന്നു.?
അദ്ദേഹത്തിന്റെ തന്നെ ഗുരുവായ ശ്രീ.ജി.എൻ ബാലസുബ്രഹ്മണ്യം കൂടാതെ ബാലമുരളീക്യഷ്ണ, ദക്ഷിണാമൂർത്തിസ്വാമി എന്നിവരുമായും നല്ല ബന്ധമായിരുന്നു.
സിനിമാ സംഗീതസംവിധാനരംഗത്ത് ്അദ്ദേഹം ആരെയാണ് കൂടുതൽ ആദരിച്ചിരുന്നത്?
ദേവരാജൻമാഷിനെ
മാഡത്തിന്റെ കൂടുംബത്തെപ്പറ്റി ഒന്ന് പറയാമോ?
രണ്ട് മക്കൾ, മൂത്തമകൻ രാജക്യഷ്ണൻ, ചെന്നൈയിൽ ഫോർ പ്രൈസ് (പ്രിയദർശൻ സ്റ്റുഡിയോ) ചീഫ് സൗണ്ട് എഞ്ചിനീയർ ആണ്. ഭാര്യ മഞ്ജു, മകൾ ഗൗരി പാർവ്വതി. രണ്ടാമത്തെ മകൾ കാർത്തിക ഭർത്താവ് വിനോദുമൊത്ത് ചെന്നൈയിൽ താമസം. മകൾ നന്ദന. രണ്ട് പേരും ഐ.ടി ഫീൽഡിൽ വർക്ക് ചെയ്യുന്നു.
മാഡം മുൻപ് ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ എഴുതാറുണ്ടെന്ന് കേട്ടിട്ടുണ്ട്? ശരിയാണോ?
മുൻപൊക്കെ എഴുതാറുണ്ടായിരുന്നു. അതായത് പഠിക്കുന്ന കാലത്ത് . പിന്നെ ചിത്രം വരയ്ക്കാറുണ്ട്. മാത്യഭൂമി ആഴ്ചപ്പതിപ്പ്, പൂമ്പാറ്റ, ജനയുഗം, കുങ്കുമം, മലയാളനാട്, ബാലപഠക്തിയിൽ കഥകൾ കുട്ടികൾക്കായിട്ട് എഴുതുമായിരുന്നു. (1970 കളിൽ) അതായത് കല്യാണത്തിന് മുൻപ്. എന്റെ സഹോദരി എൻ.പി ഗിരിജയും എഴുതുമായിരുന്നു. ട്വിൻസ് ആയിരുന്നു. ഇപ്പോൾ എഴുതാറില്ല. 1975ലായിരുന്നു എന്റെ വിവാഹം.
എംജി രാധാക്യഷ്ണന്റെ സ്മരണ നിലനിർത്താൻ ഭാര്യ എന്ന നിലയിൽ മുൻകൈ എടുത്ത ട്രസ്‌റ്റോ, ജീവകാരുണ്യ പ്രസ്ഥാനങ്ങളോ മറ്റോ ഉണ്ടോ?
ഉണ്ട്. അതായത് എം.ജി രാധാക്യഷ്ണൻ ഫൗണ്ടേഷന്റെ കീഴിയിൽ അദ്ദേഹത്തിന്റെ ജന്മദിനത്തിന് ജൂലൈ 29ന് എല്ലാ വർഷവും തിരുവനന്തപുരത്ത് ഘനശ്യാമസന്ധ്യ എന്ന പ്രോഗ്രാം അവതരിപ്പിക്കാറുണ്ട്. കൂടാതെ അദ്ദേഹത്തിന്റെ സഹോദരി പ്രൊഫ.ഒാമനക്കുട്ടി അവിടെ കുട്ടികളെ സംഗീതം പഠിപ്പിക്കുന്നുണ്ട്.
ഈയിടെയാണ് പത്മജമാഡം അന്തരിച്ചത് അവരുടെ സ്മരണക്കു മുമ്പിൽ പ്രണാമം അർപ്പിക്കുന്നു.