കൊച്ചി: രാജ്യം നേരിടുന്ന വർഗീയ ഫാസിസ്റ്റു ഭീഷണിയെ ചെറുത്ത് നിൽകാൻ സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളും ജനാധിപത്യ പാർട്ടികളും ഇടതുപക്ഷവും യോജിച്ചു പ്രവർത്തിക്കണമെന്ന് സോഷ്യലിസ്റ്റ് നേതാവും ആർ ജെ ഡി ദേശീയ വക്താവുമായ ഡോക്ടർ മനോജ് ജാ എം പി അഭിപ്രായപ്പെട്ടു. സാമ്പത്തിക സാമൂഹ്യ വ്യവസ്ഥിതിയിലെ അസമത്വങ്ങൾക്ക് മറ പിടിക്കാൻ ചിലർ ബോധപൂർവ്വം വർഗീയതയ്ക്ക് വളം വെക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ക്വിറ്റിന്ത്യാ ദിനത്തോടനുബന്ധിച്ച് ഇന്ത്യൻ സോഷ്യലിസ്റ്റ് പാർട്ടി സോഷ്യലിസ്റ്റ് ബദൽ സാധ്യതകളും പരിമിതികളും (സോഷ്യലിസ്റ്റ് അൽറ്റർനെറ്റീവ് – പോസിബിലിറ്റീസ് ആൻഡ് ലിമിറ്റേഷൻസ്) എന്ന വിഷയത്തിൽ സംഘടിപ്പിച്ച ദേശീയ വെബ്ബിനാർ
ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പാർട്ടി ചെയർമാൻ മുൻ എംപി അഡ്വക്കേറ്റ് തമ്പാൻ തോമസ് അധ്യക്ഷത വഹിച്ചു. ഡോ വർഗീസ് ജോർജ് വിഷയം അവതരിപ്പിച്ചു. മുൻ കേന്ദ്രമന്ത്രി കാലപ്പ ലക്ഷ്മൺ, മൈക്കൾ ഫെർണാണ്ടസ്, ഡോ പ്രകാശ് കാരാദി .അഡ്വ എം കെ പ്രേംനാഥ് മനോജ് ടി സാരംഗ്, അഡ്വ മാത്യു വെളങ്ങാടൻ, കായിക്കരബാബു, ടി പി ജോസഫ്, എൻ റാം, ടോമി മാത്യു, സി പി ജോൺ, കെ ശശികുമാർ, അനു ചാക്കോ പ്രസംഗിച്ചു . ബീഹാർ പ്രതിപക്ഷ നേതാവ് തേജസ്വി യാദവ്, രഘു താക്കൂർ, മുൻ കേന്ദ്ര മന്ത്രി കമാൽ മോറക്കെ എന്നിവർ ആശംസ സന്ദേശം അയച്ചു. ലോഹിയ- ജെ പി ദിനങ്ങളുമായി ബന്ധപ്പെടുത്തി ഒക്‌ടോബർ 2ാം വാരം സോഷ്യലിസ്റ്റ് വാരാചരണം നടത്തും. സോഷ്യലിസ്റ്റ് ആശയങ്ങൾ ഉൾക്കൊള്ളുന്ന രാഷ്ട്രീയ നേതാക്കളെയും, ചിന്തകന്മാരെയും പങ്കെടുപ്പിച്ചുകൊണ്ട് ഡിസംബറിൽ കൊച്ചിയിൽ ദേശീയ സോഷ്യലിസ്റ്റ് കോൺക്ലേവ് സംഘടിപ്പിക്കാനും സമ്മേളനം തീരുമാനിച്ചു.