ദേശീയ വിദ്യാഭ്യാസ നയം ഭരണഘടനക്കും രാജ്യതാൽപര്യത്തിനും എതിര്: സമസ്ത എംപ്ലോയീസ്

കോഴിക്കോട്: രാജ്യത്തിന്റെ ഭരണഘടനക്കും മഹാഭൂരിപക്ഷം വരുന്ന ജനവിഭാഗങ്ങളുടെ താൽപര്യങ്ങൾക്കും എതിരാണ് പ്രഖ്യാപിക്കപ്പെട്ട ദേശീയ വിദ്യാഭ്യാസ നയമെന്ന് സമസ്ത എംപ്ലോയീസ് അസോസിയേഷൻ സംഘടിപ്പിച്ച സെമിനാർ അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസ രംഗത്തെ അവസരസമത്വം വൈവിധ്യങ്ങളോടുള്ള ആദരവ്, ന്യൂനപക്ഷ – പിന്നോക്ക വിഭാഗങ്ങളുടെ സാംസ്‌കാരിക – സാമൂഹിക പുരോഗതി, പുതിയ തൊഴിൽ മേഖലകളിലെ മുന്നേറ്റം തുടങ്ങിയവയെ നിരാകരിക്കുന്നതാണ് പുതിയ വിദ്യാഭ്യാസ നയം. അന്താരാഷ്ട്ര തലങ്ങളിലെ തൊഴിൽ – സാങ്കേതിക മേഖലകളിൽ രാജ്യത്തെ ഭാവി തലമുറക്ക് തിളങ്ങാൻ കഴിയുംവിധം ഭാഷാ പഠനത്തിനും ആധുനിക സാങ്കേതിക വിദ്യകൾക്കും ഈ നയത്തിൽ ഒട്ടും പ്രാധാന്യം കൊടുത്തിട്ടില്ല. പകരം, കാലഹരണപ്പെട്ട പഴഞ്ചൻ രീതികളെ പുനരുജ്ജീവിപ്പിച്ച് ചില സ്ഥാപിത താൽപര്യങ്ങൾ സംരക്ഷണിക്കുന്നതാണ് നയരേഖയിലെ പരാമർശങ്ങളിൽ പലതും മാതൃഭാഷയെ പ്രോത്സാഹിപ്പിക്കുന്നുവെങ്കിലും ഗ്രാമീണ മേഖലകളെയും തൊഴിലവസരങ്ങൾ നൽകുന്ന പ്രമുഖ ഭാഷകളെയും അവഗണിച്ചിരിക്കുകയാണ്. വിദ്യാഭ്യാസത്തെ കൺകറന്റ് ലിസ്റ്റിൽ നിന്ന് ഒഴിവാക്കി സംസ്ഥാനങ്ങളുടെ അധികാരങ്ങൾ ഇല്ലാതാക്കി രാജ്യത്തെ ഫെഡറൽ സംവിധാനത്തെയും വികേന്ദ്രീകരണ രീതിയെയും തകർക്കുകയാണ്. സമസ്ത എംപ്ലോയീസ് അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് ഡോ. എൻ.എ.എം. അബ്ദുൽ ഖാദിർ ഉദ്ഘടാനം ചെയ്തു. ജനറൽ സെക്രട്ടറി മുസ്തഫ മുണ്ടുപാറ മോഡറേറ്ററായിരുന്നു. അലിഗഡ് യൂണിവേഴ്സിറ്റി മലപ്പുറം സെന്റർ വിദ്യാഭ്യാസ വിഭാഗത്തിലെ ഡോ. മുഹമ്മദ് ബഷീർ, കേരള ഹൈക്കോടതിയിലെ അഭിഭാഷകൻ അഡ്വ. മുഹമ്മദ് സജ്ജാദ് എന്നിവർ വിഷയമവതരിപ്പിച്ചു. പി.പി. മുഹമ്മദ് (കെ.എസ്.ടി.യു), ടി.പി. അബ്ദുൽ ഹഖ് (കെ.എ.ടി.എഫ്), പി.കെ. നവാസ് (എം.എസ്.എഫ്), സത്താർ പന്തല്ലൂർ (എസ്.കെ.എസ്.എസ്.എഫ്), കെ. മോയിൻകുട്ടി മാസ്റ്റർ, ഷാഹുൽ ഹമീദ് മേൽമുറി, എസ്. അഹ്്മദ് ഉഖൈൽ കൊല്ലം, സിറാജുദ്ദീൻ ഖാസിലൈൻ ചർച്ചയിൽ സംബന്ധിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *