ഡ്രീംസ് കേരള പദ്ധതിയിൽ കേരളത്തിലെ ട്രാവൽ ഏജന്റുമാരെ ഉൾപ്പെടുത്തണം – സിടാക്

കോഴിക്കോട് : കേരളത്തിലെ ട്രാവൽ ഏജന്റുമാരെ ഡ്രീംസ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് സെൽഫ് എംപ്ലോയ്ഡ് ട്രാവൽ ഏജന്റ്സ് ഓഫ് കേരള (സിടാക്) പ്രസിഡന്റ് അബ്ദുൽ സലാം.സി.പി പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

കോവിഡിനു ശേഷമുള്ള വിനോദ സഞ്ചാര മേഖലയ്ക്ക് കേരളത്തിനാവശ്യമായ നിക്ഷേപം കണ്ടെത്തേണ്ട സമയമാണിതെന്നും, കേരളത്തിന്റെ ടൂറിസം സാധ്യതകൾ ഇന്ത്യക്കകത്തും പുറത്തും പരിചയപ്പെടുത്തുന്ന  ”സീ കേരള” എന്ന പദ്ധതി സിടാക് വിഭാവനം ചെയ്യുന്നുണ്ടെന്നും സർക്കാരിന്റെ ഡ്രീംസ് കേരള പദ്ധതിയിൽ കേരളത്തിലെ ചെറുകിട ട്രാവൽ ഏജന്റുമാരെക്കൂടി പങ്കെടുപ്പിച്ച് കൊണ്ട് പുതിയ നിക്ഷേപം കണ്ടെത്തി ടൂറിസം മേഖലയെ സംരക്ഷിക്കാൻ സർക്കാറുകൾ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് 19 മൂലം ഏറെ പ്രതിസന്ധികൾ നേരിടുന്ന മേഖലയാണ് ട്രാവൽ ഏജൻസികൾ .അനേകർക്ക് ജോലി നഷ്ടപ്പെട്ടു. കേരളത്തിലെ ആയിരക്കണക്കിന് ട്രാവൽ ടൂർ രംഗത്തെ ചെറുകിട സ്വയം സംരംഭകരെ സർക്കാർ സംരക്ഷിക്കണം. ആദായ നികുതി, ജി.എസ്.ടി ഇനത്തിൽ സർക്കാരിലേക്ക് വലിയ തോതിൽ സംഭാവന ചെയ്യുന്നവരാണ് ട്രാവൽ ഏജൻസികൾ അതിനാൽ പലിശ രഹിത വായ്പകൾ, വാടക ഇളവുകൾ തുടങ്ങിയവ സർക്കാർ അനുവദിക്കണം. വൻകിട പോർട്ടൽ കമ്പനികളും, വിമാന കമ്പനികളും വിമാന ടിക്കറ്റിന്റെ പണം റീഫണ്ട് നൽകാതെ പിടിച്ചു വച്ചിരിക്കുകയാണ് ഇത് മൂലം ട്രാവൽ ഏജൻസികൾ 100 % വരുമാനം നിലച്ച നിലയിലാണ്. ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാരിൽ നിന്നുമുള്ള സമ്മർദ്ദവും നേരിടേണ്ടി വരുന്നുണ്ട്. അതിനാൽ പിടിച്ചുവച്ച  തുക റീഫണ്ട് ചെയ്യാൻ വിമാനക്കമ്പനികൾ തയ്യാറാകണം. ചാർട്ടർ വിമാനങ്ങൾ നിർത്തിവെച്ച് റഗുലർ വിമാന സർവീസുകൾ ആരംഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സിടാക് വൈസ്.പ്രസിഡന്റ് എം.എം.മുസ്തഫ, ജന.സെക്രട്ടറി ജാസിം തോട്ടത്തിൽ, ട്രഷറർ മുഹമ്മദ് ഇർഷാദ് കൊമ്മാച്ചി എന്നിവർ സംബന്ധിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *