കെ.എസ്.ടി.യു പ്രക്ഷോഭത്തിലേക്ക്

കോഴിക്കോട് : വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾക്ക് പരിഹാരം തേടി കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ (കെ എസ് ടി യു) സംസ്ഥാന വ്യാപകമായി പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി ജൂൺ 8ന് സംസ്ഥാനത്തെ എ ഇ ഒ ഓഫീസിന് മുൻപിൽ ധർണ്ണ നടത്തുമെന്ന് കെ.എസ്.ടി.യു സംസ്ഥാന പ്രസിഡന്റ് അബ്ദുല്ല വാവൂർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

സംസ്ഥാനത്തെ എയ്ഡഡ് വിദ്യാലയങ്ങളിലെ 1 മുതൽ 8 വരെ ക്ലാസ്സുകളിലുള്ള കുട്ടികൾക്കും സർക്കാർ സ്കൂളുകളിലെ എ.പി.എൽ വിഭാഗം കുട്ടികൾക്കുമുള്ള യൂണിഫോം തുക സർക്കാർ ഇതുവരെ ലഭ്യമാക്കിയിട്ടില്ല. ഈ തുക അടിയന്തിരമായി നൽകണമെന്നും, ഓൺലൈൻ വിദ്യാഭാസം തുടങ്ങി ഒരു മാസം കഴിഞ്ഞിട്ടും ഹൈസ്കൂൾ കുട്ടികൾക്ക് പുസ്തകങ്ങൾ ലഭിക്കാത്തത് സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായ ഗുരുതര വീഴ്ചയാണെന്നും അബ്ദുല്ല വാവൂർ പറഞ്ഞു.

ഓൺലൈൻ ക്ലാസ്സ് കുട്ടികൾക്കിടയിൽ ഡിജിറ്റൽ ഡിവൈഡ് തീർക്കുന്നുണ്ടെന്നും, ഭിന്നശേഷിയുള്ള കുട്ടികൾക്കും, ശ്രവണ കാഴ്ച പരിമിതിയുള്ള കുട്ടികൾക്കും, ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളിലെ കുട്ടികൾക്കും ഇതുവരെ ഓൺലൈൻ ക്ലാസ്സ് സംവിധാനം ലഭ്യമാക്കിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രൈമറി പ്രധാനാധ്യാപകരുടെ നൂറുകണക്കിനൊഴിവുകളിൽ നിയമനം വൈകിക്കുകയാണെന്നും, സമഗ്രശിക്ഷാ കേരളയിലെ ഡെപ്യൂട്ടേഷൻ, കരാർ നിയമനങ്ങൾ രാഷ്ട്രീവത്കരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

2016 മുതൽ എയ്ഡഡ് സ്കൂളുകളിൽ അധിക തസ്തികകളിൽ നിയമിക്കപ്പെട്ട അധ്യാപകർക്ക് അംഗീകാരം നൽകണം, കുടിശ്ശികയുള്ള ക്ഷാമബത്ത അനുവദിക്കണം, ശമ്പള പരിഷ്കരണത്തിനുള്ള നടപടികൾ വേഗത്തിലാക്കണം, ഓൺലൈൻ ക്ലാസ്സുകൾ തുടങ്ങിയ സാഹചര്യത്തിൽ അധ്യാപകരെ കോവിഡ് ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കണം, സാലറി ചലഞ്ചിലൂടെ പിടിക്കുന്ന ശമ്പളം ആറു മാസം പൂർത്തിയാവുന്ന മുറയ്ക്ക് തിരികെ നൽകണം, സർവീസിലുള്ള മുഴുവൻ അധ്യാപകരെയും കെ- ടെറ്റ് യോഗ്യതയിൽ നിന്നൊഴിവാക്കണം, എസ്.എസ്.എൽ.സി പാസ്സായ മുഴുവൻ വിദ്യാർത്ഥികൾക്കും തുടർപഠന സൗകര്യം ഒരുക്കുക എന്നീ ആവശ്യങ്ങളും സംഘടന ഉന്നയിക്കുന്നുണ്ട്. ബഷീർ ചെറിയാണ്ടി (ട്രഷറർ), പി.കെ.അസീസ് (ഓർഗനൈസിംഗ് സെക്രട്ടറി) എന്നിവർ സംബന്ധിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *