വീബോ ഉപേക്ഷിച്ച് പ്രധാനമന്ത്രി

വീബോ ഉപേക്ഷിച്ച് പ്രധാനമന്ത്രി

ഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി    ചൈനീസ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിലെ അക്കൗണ്ട് ഉപേക്ഷിച്ചു .ചൈനീസ് സമൂഹമാധ്യമമായ വെയ്‌ബോയിലെ അംഗത്വമാണ് ഉപേക്ഷിച്ചത്. ടിക് ടോക് അടക്കമുളള 59 ചൈനീസ് ആപ്പുകള്‍ക്ക് രാജ്യത്ത് നിരോധനം ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് ചൈനീസ് ആപ്പിലെ അക്കൗണ്ട് പ്രധാനമന്ത്രി ഉപേക്ഷിച്ചത്.
പ്രധാനമന്ത്രി 2015ലാണ് വീബോയിൽ  അക്കൗണ്ട് തുറന്നത്. ട്വിറ്ററിന് സമാനമായ മാധ്യമമാണ് വീബോ.

പ്രധാനപ്പെട്ട വ്യക്തികളുടെ അക്കൗണ്ടുകള്‍ വീബോയില്‍ നീക്കം ചെയ്യുക എളുപ്പമല്ല. ഇതുവരെ 115 പോസ്റ്റുകളാണ് പ്രധാനമന്ത്രിയുടേതായി വീബോയിലുളളത്. ഇവ ഓരോന്നും മാന്വലായി നീക്കം ചെയ്യുകയാണ് ചെയ്തത്. 113 പോസ്റ്റുകള്‍ മാത്രമാണ് ഇതുവരെ നീക്കം ചെയ്യാന്‍ സാധിച്ചിരിക്കുന്നത്.

ചൈനീസ് പ്രസിഡണ്ട് ഷി ജിന്‍പിംഗുമൊത്തുളള നരേന്ദ്ര മോദിയുടെ രണ്ട് ചിത്രങ്ങളാണ് നീക്കം ചെയ്യാന്‍ സാധിക്കാത്തത്. ഷി ജിന്‍ പിംഗ് ഉള്‍പ്പെടുന്ന ചിത്രങ്ങള്‍ വീബോയില്‍ നിന്ന് നീക്കം ചെയ്യാന്‍ പ്രയാസമാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. 244000 ഫോളോവേഴ്‌സാണ് വീബോയിൽ നരേന്ദ്ര മോദിക്കുണ്ടായിരുന്നത്.

യുസി ബ്രൗസര്‍, ക്യാം സ്‌കാനര്‍, ഹലോ എന്നിവയുള്‍പ്പെടെയുള്ള 59 മൊബൈല്‍, ഇന്റര്‍നെറ്റ് ആപ്ലിക്കേഷനുകള്‍ കഴിഞ്ഞദിവസമാണ് കേന്ദ്ര ഐടി മന്ത്രാലയം നിരോധിച്ചത്. രാജ്യത്തിന്റെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും സുരക്ഷയ്ക്കും ഭീഷണിയാകുന്ന പശ്ചാത്തലത്തിലാണ് ആപ്പുകള്‍ നിരോധിച്ചത്. ജൂണ്‍ 15നു ലഡാക്കില്‍ നടന്ന ഏറ്റുമുട്ടലില്‍ 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു. നാല്‍പതിലേറെ ചൈനീസ് സൈനികരും കൊല്ലപ്പെട്ടെന്നാണു റിപ്പോര്‍ട്ട്. സംഘര്‍ഷത്തിനു പിന്നാലെ ‘ബോയ്‌കോട്ട് ചൈന’ പ്രചാരണം ഇന്ത്യയില്‍ ശക്തമായിരുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *