വഖഫ് ബോർഡിലെ അഴിമതികൾക്കെതിരെ ഐ എൻ എൽ ജനകീയ കാമ്പയിൻ തുടങ്ങുന്നു

കോഴിക്കോട് : തൃക്കരിപ്പൂരിൽ നടന്ന വഖഫ് ബോർഡിലെ അഴിമതിയുടെ പശ്ചാത്തലത്തിൽ ഇന്ത്യൻ നാഷണൽ ലീഗ് വഖഫ് സംരക്ഷണ കാമ്പയിനും പ്രക്ഷോഭത്തിനും തുടക്കം കുറിക്കുന്നുവെന്ന് ഐ.എൻ.എൽ ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ    വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

കാമ്പയിന്റെ ഭാഗമായി വഖഫ് മന്ത്രി കെ.ടി.ജലീൽ, വഖഫ് ബോർഡ് ചെയർമാൻ ടി.കെ.ഹംസ, പി.ടി.എ.റഹീം എം എൽ എ, നിയമജ്ഞർ, ഈ രംഗത്തെ ആക്ടിവിസ്റ്റുകൾ തുടങ്ങിയവരെ പങ്കെടുപ്പിച്ച് വെബ്നാർ സംഘടിപ്പിക്കും. സംസ്ഥാനത്തുടനീളം വഖഫ് സംരക്ഷണ-അവബോധ സംഗമങ്ങൾ നടത്തും.

മുസ്ലീം ലീഗ് നേതാക്കളാണ് വഖഫ് സ്വത്തുക്കൾ തട്ടിയെടുക്കുന്നതിലും നിയമ വിരുദ്ധമായി ഇടപാട് നടത്തുന്നതിലും മുൻ പന്തിയിലുള്ളതെന്ന് അദ്ദേഹം ആരോപിച്ചു.

വഖഫ് ബോർഡിൽ കാലാകാലം നിലനിർത്തുന്ന മേധാവിത്തം ഉപയോഗിച്ച് ഇത്തരം സ്വത്തുക്കൾ തട്ടിയെടുക്കുന്നതിന് ഒത്താശ ചെയ്തു കൊടുക്കുകയാണ്. മഞ്ചേശ്വരം എം.എൽ.എ  എം.സി.ഖമറുദ്ദീന്റെ നേതൃത്വത്തിൽ തൃക്കരിപ്പൂരിലെ ‘ജാമിഅ സഅദിയ്യ’ എന്ന സുന്നി സ്ഥാപനത്തിന്റെ ആറ് കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കൾ തുച്ഛമായ വിലയ്ക്ക് ഖമറുദ്ദീനും, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി.ബഷീർ, വലിയപറമ്പ് പഞ്ചായത്ത് പ്രസിഡന്റ് എം.ടി.ജബ്ബാർ, തൃക്കരിപ്പൂർ പഞ്ചായത്ത് സ്റ്റാൻറിങ് കമ്മിറ്റി ചെയർമാൻ ബാവ എന്നിവർ  നേതൃത്വം കൊടുക്കുന്ന ഒരു സ്വകാര്യ ട്രസ്റ്റിന് കൈമാറിയതും ഖമറുദ്ദീൻ ചെയർമാനും പൂക്കോയ തങ്ങൾ മാനേജിങ് ഡയറക്ടറുമായ ഫാഷൻ ഗോർഡ് എന്ന ജ്വല്ലറി ബിസിനസിൽ തൃക്കരിപ്പൂർ, പടന്ന, വലിയപറമ്പ പഞ്ചായത്തുകളിലെ എട്ട് മഹല്ലുകളുടെ പണം വഖഫ് ബോർഡിന്റെ അനുമതിയില്ലാതെ നിക്ഷേപിച്ചതും അതിന്റെ മൂന്ന് ഔട്ട്ലെറ്റുകൾ പൂട്ടിയതും ഇപ്പോൾ അന്വേഷണ വിധേയമാക്കേണ്ടതുണ്ടെന്ന്  അദ്ദേഹം പറഞ്ഞു.

വഖഫ് ബോർഡിന്റെയും സംസ്ഥാന സർക്കാരിന്റെയും അടിയന്തരശ്രദ്ധ പതിയേണ്ട വിഷയമാണിതെന്നും. ഓരോ ജില്ലയിലും അന്യാധീനപ്പെട്ട വഖഫ് സ്വത്തുക്കളുടെ കണക്കെടുത്ത് അവ തിരിച്ചുപിടിക്കാനും കുറ്റവാളികൾക്കെതിരെ നടപടി സ്വീകരിക്കാനും വഖഫ് ബോർഡ് മുൻകൈ എടുക്കണമെന്നും, കുറ്റം ചെയ്തവർക്ക് ശിക്ഷ ലഭിക്കണമെന്നും, അവർ പ്രോസിക്യൂഷൻ നടപടിക്ക് വിധേയരാകണമെന്നും ഐഎൻഎൽ പ്രസിഡന്റ് പ്രൊഫ.എ.പി.അബ്ദുൽ വഹാബ് പറഞ്ഞു. ഐ എൻ എൽ ട്രഷറർ ബി.ഹംസ ഹാജി ചടങ്ങിൽ സന്നിഹിതനായിരുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *