കോഴിക്കോട് : ആതുരസേവന രംഗത്ത് മാറ്റങ്ങൾക്ക് വഴിയൊരുക്കിക്കൊണ്ട് കേരളത്തിലെ ആദ്യത്തെ ടെലി ഐ.സി.യു സെന്ററും ഉത്തര കേരളത്തിലെ ആദ്യത്തെ സമ്പൂർണ്ണ എക്‌മോ സെന്ററും കോഴിക്കോട് ആസ്റ്റർ മിംസിൽ പ്രവർത്തനം ആരംഭിച്ചു. കോഴിക്കോട് മേയർ തോട്ടത്തിൽ രവീന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു.
ഐ സി യു സംവിധാനങ്ങളില്ലാത്തതോ, ഐ സി യു മോണിറ്ററിംഗ് നടത്താൻ വിദഗ്ധ പരിശീലനം ലഭിച്ച ക്രിട്ടിക്കൽ കെയർ വിദഗ്ധന്മാർ ഇല്ലാത്തതോ ആയ ഇന്ത്യയിലെവിടെയുമുള്ള ആശുപത്രികളിലെ രോഗികളെ അതേ ആശുപത്രിയിൽ നിലനിർത്തിക്കൊണ്ട് കോഴിക്കോട് ആസ്റ്റർ മിംസിൽ വെച്ച് നിരീക്ഷിക്കുവാനും ചികിത്സ നിർദേശിക്കുവാനും സാധിക്കുന്ന നൂതന സംവിധാനമാണ് ടെലി മെഡിസിൻ യൂണിറ്റിൽ സജ്ജീകരിച്ചിരിക്കുന്നത്. വിദഗ്ധരായ ഡോക്ടർമാരുടെ നേതൃത്വത്തിൽ മുഴുവന്‍ സമയവുമുള്ള മോണിറ്ററിംഗ് ആണ് ഇതില്‍ സജ്ജീകരിച്ചിരിക്കുന്നത്.ഹൃദയത്തിന്റെയോ ശ്വാസകോശത്തിന്റെയോ പ്രവര്‍ത്തനത്തില്‍ ഗുരുതരമായ തകരാറുകള്‍ സംഭവിച്ചാല്‍ ജീവന്‍ രക്ഷിക്കുന്നതിന് ഈ അവയവങ്ങളുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി മാറ്റി സ്ഥാപിക്കുന്ന സംവിധാനമാണ് എക്മോ.
ഹൃദയത്തിന്റെയോ ശ്വാസകോശത്തിന്റെയോ പ്രവര്‍ത്തനം താല്‍ക്കാലികമായി എക്മോയിലേക്ക് മാറ്റിയ ശേഷം അവയവങ്ങളുടെ പ്രവര്‍ത്തനം വിജയകരമായി പുനസ്ഥാപിക്കുവാന്‍ ഡോക്ടര്‍മാര്‍ക്ക് സാധിക്കുന്നു. നവജാത ശിശുക്കള്‍ക്ക് മുതല്‍ പ്രായമായവര്‍ക്ക് വരെ എക്മോ ചികിത്സ നല്‍കുവാന്‍ സാധിക്കുന്ന ഉത്തര കേരളത്തിലെ ആശുപത്രിയായി ഇതോടെ കോഴിക്കോട് ആസ്റ്റർ മിംസ് മാറിയിരിക്കുന്നു.
ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം മേധാവി ഡോ. മഹേഷ് ബി. എസ്, കാര്‍ഡിയാക് സര്‍ജറി വിഭാഗം മേധാവി ഡോ. അനില്‍ ജോസ്, കാര്‍ഡിയോളജി വിഭാഗം മേധാവി ഡോ. ഷഫീഖ് മാട്ടുമ്മല്‍, പീഡിയാട്രിക് കാര്‍ഡിയോളജി വിഭാഗം മേധാവി ഡോ. ഗിരീഷ് വാര്യര്‍, കാര്‍ഡിയാക് അനസ്തേഷ്യ വിഭാഗം മേധാവി ഡോ. സുജാത, പള്‍മനോളജി വിഭാഗം മേധാവി ഡോ. അനൂപ്, പെര്‍ഫ്യൂഷനിസ്റ്റ് ഗിരീഷ് എന്നിവരുടെ നേതൃത്വത്തിലാണ് എക്മോ യൂണിറ്റ് പ്രവര്‍ത്തിക്കുന്നത്.