കൊവിഡ് സമൂഹവ്യാപനമുണ്ടായേക്കാമെന്ന മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി

തിരുവനന്തപുരം : കൊവിഡ് സമൂഹവ്യാപനമുണ്ടായേക്കാമെന്ന മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി കെ.കെ ശെെലജ. തലസ്ഥാനം ഉള്‍പ്പെടെ ആറ് ജില്ലകളില്‍ അതീവ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. മാനസിക ആരോഗ്യം മെച്ചപ്പെടുത്താന്‍ സെെക്കോ സോഷ്യല്‍ പദ്ധതിക്ക് രൂപം നല്‍കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ ജില്ലയില്‍ കൂടുതലാണ്. അതിനാല്‍ മറ്റ് ജില്ലകളേക്കാൾ തിരുവനന്തപുരത്തിന് ശ്രദ്ധ ആവശ്യമാണെന്നും,​ വഞ്ചിയൂര്‍ സ്വദേശിയുടെ മരണത്തില്‍ വീഴ്ച സംഭവിച്ചിട്ടില്ല എന്നാണ് മനസിലാക്കുന്നതെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ കൂടുമെന്ന് നേരത്തെ തന്നെ പ്രതീക്ഷിച്ചിരുന്നു.

സമ്പർക്കം വഴിയുള്ള രോഗികള്‍ ഇപ്പോഴും 10 ശതമാനം മാത്രമാണ്. എന്നാല്‍, മറ്റ് പല സംസ്ഥാനങ്ങളിലും ഇത് 70 ശതമാനത്തോളമാണ്. കേരളം പ്രവാസികളെ ഇരുകയ്യും നീട്ടി സ്വീകരിക്കുന്നു. പക്ഷെ നിബന്ധനകള്‍ പൂര്‍ണമായും പാലിക്കണമെന്നും ഓരോ രോഗിക്കും പ്രത്യേക പരിഗണന നല്‍കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു

ഉറവിടമറിയാത്ത കൊവിഡ് കേസുകളും സമൂഹ വ്യാപന സാദ്ധ്യതയും കണക്കിലെടുത്ത് തലസ്ഥാന നഗരിയില്‍ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ പരിശോധനകള്‍ കര്‍ശനമാക്കിയിരുന്നു. വ്യാപാര സ്ഥാപനങ്ങളിലും നിരത്തുകളിലും പൊലീസും ആരോഗ്യ വകുപ്പും പരിശോധന കടുപ്പിച്ചു. രോഗവ്യാപനം ഭയന്നുള്ള നിയന്ത്രണങ്ങള്‍ രണ്ടാം ദിവസത്തിലേക്ക് കടന്നതോടെ കടകളിലും റോഡുകളിലും ആളുകളുടെ തിരക്കിന് നേരിയ കുറവുണ്ടായിട്ടുണ്ട്.

മാര്‍ക്കറ്റുകള്‍ കേന്ദ്രീകരിച്ച്‌ കൂട്ട പരിശോധന നടത്താനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. സാമൂഹിക അകലം, മാസ്കുപയോഗം തുടങ്ങിയ നിയന്ത്രണങ്ങള്‍ കാര്യമായി പാലിക്കാത്ത ഇടങ്ങളാണ് പല മാര്‍ക്കറ്റുകളുമെന്ന് വ്യക്തമായതിനാലാണ് ഇവിടങ്ങളില്‍ പരിശോധന കൂടുതല്‍ നടത്താന്‍ അധികൃതര്‍ തീരുമാനിച്ചത്.

Share

Leave a Reply

Your email address will not be published. Required fields are marked *