ആരോഗ്യ പ്രവർത്തകരെ പിരിച്ചുവിടുന്നതിനെതിരെ പ്രതിഷേധം സംഘടിപ്പിക്കും

കോഴിക്കോട് : മെഡിക്കൽ കോളേജ് ആശുപത്രിയിൽ ദിവസ വേതനാടിസ്ഥാനത്തിൽ ജോലി ചെയ്ത് കൊണ്ടിരുന്ന ആരോഗ്യ പ്രവർത്തകരെ കോവിഡ് പടർന്നു പിടിക്കുന്നതിനിടെ പിരിച്ചു വിടുന്നതിനെതിരെ കേരള ഗവർൺമെന്റ് ഹോസ്പിറ്റൽ ഡെവലപ്മെന്റ് സൊസൈറ്റി സ്റ്റാഫ് അസോസിയേഷൻ ( INTUC ) പ്രതിഷേധ സമരം സംഘടിപ്പിക്കും. ജൂൺ 30ന് രാവിലെ 10 മണിക്ക് കോഴിക്കോട് കളക്ട്രേറ്റിന് മുൻപിൽ നടക്കുന്ന ധർണ്ണ കെ.മുരളീധരൻ എം പി ഉദ്ഘാടനം ചെയ്യുമെന്ന് സംഘടനാ പ്രസിഡന്റ് ദിനേഷ് പെരുമണ്ണ പറഞ്ഞു. പിരിച്ചു വിടപ്പെട്ട ആരോഗ്യ പ്രവർത്തകരിൽ പലരും പാവപ്പെട്ട കുടുംബങ്ങളിൽ നിന്നുള്ളവരാണ്. ക്വാറന്റൈനിൽ കഴിഞ്ഞ ഇവരെ പരിസരവാസികൾ പോലും ഭയപ്പാടോടെയാണ് കാണുന്നത്. ഇത് തൊഴിലാളികളെ മാനസികമായി തളർത്തിയിട്ടുണ്ട്. കോവിഡ് ഡ്യൂട്ടിയിലിരുന്നതിനാൽ ഇവർക്ക് മറ്റിടങ്ങളിലൊന്നും ജോലി ലഭിക്കുക എളുപ്പമല്ല. പിരിച്ചുവിടുന്ന തീരുമാനത്തിൽ നിന്നും സർക്കാർ പിന്മാറണം. പിരിച്ചു വിട്ടവർക്ക് പകരം 142 ഗ്രേഡ് 2 അറ്റന്റർ മാരെ നിയമിച്ച നടപടി സർക്കാർ പഞ്ചായത്ത് ഇലക്ഷൻ മുന്നിൽക്കണ്ട് താൽപര്യമുള്ളവരെ നിയമിക്കുകയാണെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. തൊഴിലാളികളെ തിരിച്ചെടുത്തില്ലെങ്കിൽ സംഘടനയുടെ ഭാഗത്ത് നിന്നും ശക്തമായ പ്രതിഷേധം ഉണ്ടാകും. സംഘടനാ സെക്രട്ടറി വിബീഷ് കമ്മനക്കണ്ടി, ആക്ടിങ് പ്രസിഡന്റ് കെ.സി.പ്രവീൺകുമാർ, ആരോഗ്യ പ്രവർത്തക വിനീത എന്നിവർ സംബന്ധിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *