രോഗവും ഭക്ഷണരീതികളും

കര്‍ച്ചവ്യാധിയും ജീവിതശൈലി രോഗങ്ങളായ ഹൃദ്രോഗം, പ്രമേഹം, കാന്‍സര്‍, അമിത രക്തസമ്മര്‍ദം, പൊണ്ണത്തടി എന്നിവ പടര്‍ന്നുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ പോഷകസമൃദ്ധമായ സമീകൃതാഹാരത്തിലൂടെ ശരീരത്തിന്റെ രോഗപ്രതിരോധശേഷി കൂട്ടിയെടുക്കാനും അതുവഴി ഇത്തരം രോഗങ്ങളെ തടയാനും സാധിക്കും.

ഭക്ഷണത്തിലൂടെ രോഗ പ്രതിരോധശേഷി ഉയര്‍ത്താം

  • ആന്റി ഓക്സിഡന്റുകളും, വിറ്റാമിന്‍ സിയും ധാരാളം അടങ്ങിയിട്ടുള്ള സിട്രസ് പഴങ്ങളും (ഓറഞ്ച്, മുസംബി, ചെറുനാരങ്ങ, നെല്ലിക്ക, മുന്തിരി, പപ്പായ, തക്കാളി) ഉള്‍പ്പെടുത്തുക.
  • ഒമേഗ 3 ഫാറ്റി ആസിഡുകള്‍ അടങ്ങിയിട്ടുള്ള മീനുകള്‍ ഉള്‍പ്പെടുത്തുക (മത്തി, അയല, ചൂര, ട്യൂണ)
  • ആന്റി ഓക്സിഡന്റും വിറ്റാമിന്‍ എയും ധാരാളം അടങ്ങിയ ഇലക്കറികളും, ക്രൂസി ഫെറസ് വിഭാഗത്തില്‍ പെട്ട പച്ചക്കറികളും ഉള്‍പ്പെടുത്തുക (ചീര, മുരിങ്ങയില, പാലക് ചീര, ബ്രോക്കോളി, കാബേജ്, കാരറ്റ്)
  • ബാക്റ്റീരിയ, വൈറസ് എന്നിവയുടെ പ്രതിരോധത്തിന് കാരണമായ അസിലിന്‍ അടങ്ങിയ വെളുത്തുള്ളി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.
  • വിറ്റാമിന്‍ എ, വിറ്റാമിന്‍ ഡി, ആമാശയത്തിന് ഗുണകരമായ ബാക്റ്റീരിയ ആയ പ്രോബയോട്ടിക്, ലാക്റ്റോബാസിലസ് എന്നിവ അടങ്ങിയ തൈര്, മോര് ദിവസവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.
  • രോഗപ്രതിരോധശേഷി കൂട്ടുന്ന വിറ്റാമിനുകള്‍ മഗ്‌നീഷ്യം, കുര്‍ക്കുമിന്‍ എന്നിവ അടങ്ങിയ മഞ്ഞളിന്റെ ഉപയോഗം വര്‍ദ്ധിപ്പിക്കുക.
  • ആന്റി ഓക്സിഡന്റായ ജിഞ്ചറോള്‍ അടങ്ങിയ നട്സ്, പയറുവര്‍ഗങ്ങള്‍, ചണവിത്ത് എന്നിവ ഉള്‍പ്പെടുത്തുക.
  • കാപ്പി, ചായ, കാര്‍ബണേറ്റഡ് ഡ്രിങ്ക്‌സ് എന്നിവ കുറച്ച് ആന്റി ഓക്സിഡന്റ് അടങ്ങിയ ഗ്രീന്‍ ടീ, ലൈം വാട്ടര്‍, മോര് എന്നിവ ഉപയോഗിക്കുക.
  • ധാരാളം വെള്ളം കുടിക്കുക, പുകവലി, മദ്യപാനം തുടങ്ങിയവ ഒഴിവാക്കുക.

 

വൃക്കരോഗത്തില്‍ ഭക്ഷണത്തിന്റെ പങ്ക്

  • ഭക്ഷണത്തില്‍ നിന്നും ലഭിക്കുന്ന ഊര്‍ജത്തിന്റെ യൂണിറ്റാണ് കലോറി. ആവശ്യത്തിന് കലോറിയുള്ള ഭക്ഷണം കഴിക്കുന്നത് ഉന്മേഷമുണ്ടാക്കുന്നതിനും തൂക്കം നഷ്ടപ്പെടാതിരിക്കാനും സഹായിക്കുന്നു. പ്രമേഹമുള്ളവര്‍ നിര്‍ദേശിച്ച അളവിലധികം കലോറിയുള്ള ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കണം.
  • പ്രോട്ടീന്‍ ഉപയോഗം മിതമായ രീതിയില്‍ മാത്രമേ പാടുള്ളൂ. അമിത ഉപയോഗം ശരീരത്തില്‍ കൂടുതല്‍ വിസര്‍ജ്യങ്ങളെ ഉല്‍പാദിപ്പിക്കുന്നു. ഡയാലിസിസ് ചെയ്യുന്ന വ്യക്തിക്ക് മാത്രം പ്രോട്ടീന്റെ ആവശ്യകത കൂടുതലായി വരുന്നു. പാല്‍, മത്സ്യം, മുട്ട, മാംസം എന്നിവയില്‍ നിന്നാണ് ഗുണമേന്മയുള്ള പ്രോട്ടീന്‍ ലഭിക്കുന്നത്.
  • ഉപ്പ് കൂടുതല്‍ അടങ്ങിയ ഭക്ഷണം ഒഴിവാക്കുക. പല വൃക്ക രോഗങ്ങള്‍ക്കും ഉപ്പ് (സോഡിയം) അധികമുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നത് നീര് വരുന്നതിനും രക്തസമ്മര്‍ദ്ദം ഉയരുന്നതിനും കാരണമാകുന്നു.
  • എത്രമാത്രം വെള്ളം കുടിക്കാമെന്നുള്ളത് മൂത്രത്തിന്റെ അളവിനെ ആശ്രയിച്ചാണിരിക്കുന്നത്. അനുവദിച്ചതിലധികം വെള്ളം കുടിച്ചാല്‍ നീര് അധികരിക്കുന്നതിനും, ശ്വാസതടസ്സത്തിനും കാരണമാകുന്നു.
  • വൃക്കയുടെ പ്രവര്‍ത്തനം തകരാറിലാകുമ്പോള്‍ പൊട്ടാസ്യം രക്തത്തിലലിയുന്നു. നിങ്ങളുടെ ഡോക്ടറോ, ഡയറ്റീഷ്യനോ പൊട്ടാസ്യം നിയന്ത്രിക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ടെങ്കില്‍ പൊട്ടാസ്യം കൂടുതല്‍ അടങ്ങിയ ഭക്ഷണം ഒഴിവാക്കുക. അല്ലെങ്കില്‍ നിര്‍ദ്ദേശാനുസരണം ഉപയോഗിക്കുക.
  • എല്ലാ പഴങ്ങളിലും പഴച്ചാറുകളിലും പൊട്ടാസ്യം അടങ്ങിയിരിക്കുന്നു. പൊട്ടാസ്യത്തിന്റെ അളവ് കുറഞ്ഞ പഴങ്ങളില്‍ ചിലത് താഴെ കൊടുത്തിരിക്കുന്നു. ഇവയില്‍ ഏതെങ്കിലും ഒരെണ്ണം ആഴ്ചയില്‍ 100 ഗ്രാം അളവില്‍ ദിവസവും ഉപയോഗിക്കാവുന്നതാണ്.
    ആപ്പിള്‍, പേരയ്ക്ക, ചാമ്പക്ക, പപ്പായ, സബര്‍ജില്‍, പൈനാപ്പിള്‍
  • രക്തത്തില്‍ പൊട്ടാസ്യത്തിന്റെ അളവ് കൂടുതലാണെങ്കില്‍ പച്ചക്കറികള്‍ ലീച്ച് ചെയ്ത ശേഷം മാത്രം ഉപയോഗിക്കുക.

ലീച്ചിംങ് : പച്ചക്കറികള്‍ ചെറിയ കഷ്ണങ്ങളാക്കി അരിഞ്ഞ് ധാരാളം വെള്ളത്തില്‍ തിളപ്പിക്കുക. നല്ലവണ്ണം തിളപ്പിച്ച ശേഷം വെള്ളം ഊറ്റിക്കളഞ്ഞ് വേറെ വെള്ളത്തില്‍ വേവിക്കുക

                    എസ്. ചിത്ര
Share

Leave a Reply

Your email address will not be published. Required fields are marked *