കോഴിക്കോട് : പ്രവാസികളോടുള്ള കേന്ദ്രസർക്കാരിന്റെ നിഷേധാത്മക നിലപാട് തിരുത്തണമെന്ന് ആവശ്യപ്പെട്ട് കേരള പ്രവാസി സംഘം ജില്ലയിലെ 1000 കേന്ദ്രങ്ങളിൽ നാളെ രാവിലെ 10നു പ്രതിഷേധ സംഗമം സംഘടിപ്പിക്കും.
കോഴിക്കോട് എയർ ഇന്ത്യ ഓഫീസിന് മുൻപിൽ നടക്കുന്ന പ്രതിഷേധ സമരം എളമരം കരീം എം.പി ഉദ്ഘാടനം ചെയ്യുമെന്ന് സംസ്ഥാന ട്രഷറർ ബാദുഷ കടലുണ്ടി, ജില്ലാ സെക്രട്ടറി സി.വി. ഇക്ബാൽ, ജില്ലാ പ്രസിഡന്റ് എം.സുരേന്ദ്രൻ, വൈസ് പ്രസിഡന്റ് പി.കെ.കബീർ സലാല എന്നിവർ അറിയിച്ചു.
പ്രൊട്ടക്ഷൻ ഓഫ് എമിഗ്രേഷൻ ഫണ്ടിൽ നിന്ന് ഒരു രൂപ പോലും കേന്ദ്ര സർക്കാർ നൽകിയിട്ടില്ലെന്നും, വെറും 21 വിമാനം മാത്രമാണ് വന്ദേമാതരം പദ്ധതി പ്രകാരം സൗദിയിലേക്ക് അനുവദിച്ചതെന്നും പ്രവാസി സംഘം കുറ്റപ്പെടുത്തി.