കായിക്കാടനോട് കൊറോണ പറഞ്ഞത് – ഒഞ്ചിയം ഉസ്മാൻ ഒരിയാന

കഥ

ജീവനും ജീവിതവും അനിശ്ചിതത്വത്തിന്റെയും മരണത്തിന്റെയും നൂല്‍പാലത്തില്‍ ആടുകയാണ്. ലോകം നിലവിളിക്കുന്നു. മനുഷ്യനേത്രങ്ങള്‍ കൊണ്ട് കാണാന്‍ കഴിയാത്ത ഒരു കുഞ്ഞന്‍ വൈറസ് ലോകത്തെ വിറപ്പിച്ച് കൊണ്ട് നഗ്‌നതാണ്ഡവമാടുകയാണ്. ഭൂമി വാവിട്ട് കരയുകയാണ്. അത്രത്തോളം ക്രൂരവും പൈശാചികവുമായ കാഴ്ചകളാണ് ഭൂമിക്ക് കാണേണ്ടി വരുന്നത്. ആരെങ്കിലും എന്നെങ്കിലും ഒരുനാള്‍ കണക്ക് പുസ്തകവുമായി ഈ മണ്ണിലേക്കിറങ്ങിവരുമെന്ന് ഭൂമിക്കറിയാമായിരുന്നു. ഇതാ വന്നുകഴിഞ്ഞു. കൊറോണ,കോവിഡ് 19 എന്ന ഇത്തിരിപ്പോന്ന ഒരു സൂക്ഷ്മജീവി. മറുമരുന്നില്ലാത്ത മഹാമാരി. മനുഷ്യരുടെ ശ്വാസകോശങ്ങളില്‍ കയറിക്കൂടി ലക്ഷക്കണക്കിന് ജീവനുകളെയും ജീവിതങ്ങളെയും കശക്കിയെറിഞ്ഞുകൊണ്ട് കോവിഡ് ചടുലനൃത്തമാടുന്നു. കോവിഡിന് മതമില്ല. ജാതിയില്ല, മതിലുകളില്ല.
മനുഷ്യരാശി മുഴുവനും സര്‍വ്വമതസ്ഥരും മതമില്ലാത്തവരും ഈ ഭീകര സൂക്ഷ്മജീവിയുടെ കരാളഹസ്തങ്ങളില്‍ പെട്ട് ജീവശ്വാസം വലിച്ചുകൊണ്ടിരിക്കുന്ന കാഴ്ചകളാണ് ലോകം കണ്ട് കൊണ്ടിരിക്കുന്നത്. തെരുവിലും ആശുപത്രികളിലും വിറങ്ങലിച്ച് അനാഥമായിക്കിടക്കുന്ന മൃതദേഹങ്ങള്‍ക്കും മതമോ, ജാതിയോ ഇല്ല. ഉയര്‍ന്നവനും താഴ്ന്നവനും കുബേരനും, കുചേലനും, കറുത്തവനും, വെളുത്തവനും ഒരേ കുഴിയില്‍ പരസ്പരം തൊട്ടുരുമ്മി മണ്ണിലുറങ്ങുന്നു.
അന്ത്യകര്‍മ്മങ്ങളില്ലാതെ ഒരു ചുംബനം പോലും ഏറ്റുവാങ്ങാന്‍ കഴിയാതെ ജീവിതത്തില്‍ അങ്ങേയറ്റം സ്നേഹിച്ചവരുടെ മുഖം ഒരു നോക്ക് കാണാനാവാതെ മണ്ണിലേക്ക് മടങ്ങുകയാണ്. ഞങ്ങളാണ് ഭൂമിയിലെ രാജാക്കന്മാര്‍ എന്ന് കൊമ്പ് കുലുക്കിയ രാജ്യങ്ങളുടെ കൊമ്പുകള്‍ ഊര്‍ന്നു വീണു. ഞങ്ങളാണ് ഭരിക്കേണ്ടവരും കല്പിക്കേണ്ടവരും എന്ന് അഹങ്കരിച്ച ധിക്കാരികളായ ഭരണാധികാരികളുടെ അഹംഭാവങ്ങളും നിലം പൊത്തി. മനുഷ്യരുടെ ഉടയാടകളിലെ അടയാളങ്ങളില്‍ കണ്ണ് വെച്ച് കാത്തിരുന്നവര്‍ക്ക് മുമ്പിലും കോവിഡ് ലക്ഷ്മണ രേഖ വരച്ചിട്ടു. മനുഷ്യര്‍ എത്ര നിസ്സാരനാണെന്ന് തിരിച്ചറിയപ്പെട്ടിരിക്കുന്നു.
ഇതാ ഇവിടെ കായിക്കാടന്‍ എന്ന വമ്പന്‍ മുതലാളി പൊട്ടിപ്പൊട്ടി കരയുന്നു. മാറത്തടിച്ച് പരസ്പരം മറന്ന് പെരുമാറുന്നു. സ്വന്തം ഉമ്മ മരിച്ചതറിഞ്ഞത് മുതലാണ് കായിക്കാടന്റെ സമനില തെറ്റിപ്പോയത്. സദാ തിരക്ക് പിടിച്ച ജീവിതം. ഒരു മിനുട്ട് പോലും തിരക്കുകളില്‍ നിന്ന് മാറിനില്‍ക്കാന്‍ കഴിയാത്ത ബിസിനസ് സാമ്രാജ്യത്തിന്റെ വ്യാപ്തി.


എല്ലാ തിരക്കുകളും അവസാനിച്ചിരിക്കുന്നു.
‘നിനക്ക് തിരക്കൊഴിഞ്ഞ ഒരു ദിവസം എന്നാണുണ്ടാവുക. ഞാന്‍ മരിച്ചാല്‍ മയ്യത്ത് നീ കാണലുണ്ടാവില്ല’
ഉമ്മാന്റെ ആ വാക്കുകള്‍ കായിക്കാടന്റെ തലയില്‍ തീമലയായി ആളിക്കത്തി. അവസാനമായി ഉമ്മാന്റെ മുഖത്ത് തന്റെ മുഖം ചേര്‍ത്ത് വെച്ച് വിതുമ്പാനോ പൊരുത്തപ്പെടീക്കാനോ സാധിച്ചില്ല.
2020 മാര്‍ച്ച് 24 രാജ്യം ലോക്ഡൗണിലാണ്. കായിക്കാടന്‍ ക്വാറന്റൈനിലും. രാജ്യത്ത് നിന്ന് പുറത്തേക്ക് പോകാനോ പുറത്ത് നിന്ന് രാജ്യത്തേക്ക് വരാനോ മാര്‍ഗ്ഗങ്ങളില്ല. കരയും കടലും ആകാശവും കോവിഡ് പിടിച്ചെടുത്തു. ആരാണ് ഈ ഭീകര ജീവിയെ ഭൂമിയിലേക്ക് തുറന്ന് വിട്ടത് ?
പണമാണ് എല്ലാറ്റിനേക്കാളും വലുതെന്ന് ധരിച്ചവര്‍ക്ക് തെറ്റി. പണമുണ്ടെങ്കില്‍ ഏത് പട്ടിയും വന്ന് വാലാട്ടി കാല്‍നക്കിത്തരുമെന്ന് അര്‍മാദിച്ചവര്‍ക്കും തെറ്റി. സ്വന്തമായി ഒരു ഫ്‌ളൈറ്റ് ചാര്‍ട്ടര്‍ ചെയ്യാന്‍ കഴിവുണ്ടായിട്ടും പത്തുമാസം ചുമന്ന് നടന്ന ഉമ്മാന്റെ മയ്യത്ത് കട്ടിലിന്റെ ഓരത്തെങ്കിലും ചെന്ന് ചേരാന്‍ ഈ മകനായില്ല. പണം വെറും പിണമാണെന്ന് ബോധ്യമായി. പവറും പത്രാസും സ്വാധീനവും മൂലയില്‍ ഒതുക്കിവെച്ച വെറും ചൂല് പോലെയായി. മകന്റെ വരവും കാത്ത് ദൂരേക്ക് കണ്ണ്നട്ട് കാത്തിരുന്ന ഉമ്മാന്റെ ആ കണ്ണുകളും മണ്ണിനടിയിലായി.
കായിക്കാടന്‍ ആലോചനയില്‍ മുഴുകി മൂകമായി കണ്ണീരൊലിപ്പിച്ചു. നെഞ്ച് വല്ലാതെ വേദനിക്കുന്നു. ശ്വാസം കിട്ടാതെ വിഷമിക്കുന്നു. ശ്വാസ നിയന്ത്രണത്തിനായി ഇരു കൈകളും നിലത്തൂന്നി.
വിരലൊന്ന് ഞൊടിച്ചാല്‍ പകരം ആയിരം വിരലുകള്‍ അണിനിരക്കുമായിരുന്ന ഒരു കാലത്തില്‍ നിന്നും കായിക്കാടന്‍ എന്ന വമ്പന്‍ വ്യവസായി കുത്തനെ കൂപ്പ്കുത്തി വീണത് ഒറ്റപ്പെട്ട ഒരു മുറിയില്‍. ബിസിനസ്സ് സാമ്രാജ്യത്തിന്റെ അസ്ഥിവാരം ഇളകി തുടങ്ങി. നഷ്ടക്കാരുടെ പട്ടികയില്‍ കായിക്കാടനും എഴുതപ്പെട്ടു.
ചുമവിട്ട് പോകുന്നില്ല. വാരിയെല്ലുകളില്‍ ചുമ കുടുങ്ങിയപ്പോള്‍ കായിക്കാടന്‍ വായതുറന്ന് വെച്ചു. ജീവശ്വാസം ഒച്ചയെടുക്കുന്നു. ഒറ്റപ്പെട്ട് പോയവന്റെ വ്യഥ തൊട്ടറിയുന്നു. ആരും സഹായിക്കാനില്ല. ആരും വരികയുമില്ല. ആര്‍ക്കും ആരെയും ആട്ടിപ്പായിക്കാനോ അകത്തേക്ക് സ്വീകരിച്ചാനയിക്കാനോ കഴിയുകയില്ല. ലോകത്തിലുള്ള മുഴുവന്‍ മനുഷ്യരും സാനിറ്റൈസറില്‍ കൈകള്‍ കഴുകി വെളുപ്പിക്കുന്നു. ഒരു സോപ്പില്‍ കറകള്‍ ഒലിച്ചുപോകുമെന്ന് വിശ്വസിക്കുന്നു. പാതിമറച്ച മുഖാവരണങ്ങളില്‍ അഭയം തേടി ലോകം വിറങ്ങലിച്ചു നില്‍ക്കുന്നു. ഇപ്പോള്‍ ജാതി മതം നോക്കി അടയാളപ്പെടുത്താന്‍ കഴിയില്ല. പരസ്പരം തിരിച്ചറിയാന്‍ പാടുപെടുന്നു. ഒന്നരമീറ്റര്‍ അകലങ്ങളില്‍ കളം വരച്ചിടുന്നു. കുടുംബങ്ങളും ബന്ധങ്ങളും നിമിഷ നേരം കൊണ്ട് നനഞ്ഞ കടലാസായി. എല്ലാവരും അവരവരുടെ ജീവന്‍ നിലനിര്‍ത്താനുള്ള നെട്ടോട്ടത്തിലാണ്. കായിക്കാടന്‍ എന്തോ ഓര്‍ത്തു. ഓര്‍ത്തത് ഒരിക്കല്‍ രാത്രി മുല്ലയുടെ സുഗന്ധ രോമാഞ്ചത്തില്‍ മുഴുകി തന്റെ മാറില്‍ ഒട്ടിച്ചേര്‍ന്ന് കുപ്പിവളകളുടെ ലാസ്യത്തില്‍ തന്റെ കാതുകള്‍ക്ക് ഇമ്പമായി ത്രസിപ്പിച്ച ഭാര്യയുടെ വാക്കുകളാണ്. കായിക്കാടന്റെ മനോമുകുരത്തിലൂടെ ആ നിമിഷങ്ങളുടെ ചേതോഹരമായ കാഴ്ചകള്‍ മിന്നിത്തിളങ്ങുന്നു. അവള്‍ പറഞ്ഞത് : നിങ്ങളില്ലെങ്കില്‍ ഞാനുമില്ല ;

ഭര്‍ത്താവ് : അത്രക്കും ഇഷ്ടാണോ എന്നോട് ?
അവള്‍ : ഇഷ്ടാണോന്നൊ. ദാ ഇത്രവരെ.
അവള്‍ അവളുടെ മൂര്‍ദാവില്‍ കൈവച്ച് കൊണ്ട് കുണുങ്ങി.
ഞാന്‍ മരിച്ചാലോ ?
അവള്‍ : നിങ്ങള്‍ മരിച്ചാല്‍ മയ്യത്തിന്റെ മുകളില്‍ വീണ് ഞാനും മരിക്കും.
നിങ്ങള്‍ പോകുന്നിടത്ത് ഞാനും ഉണ്ടാവും. ഒരേ കുഴിയില്‍.
ഇപ്പോള്‍ അവള്‍ എവിടെ?
മുതലാളി കഴിഞ്ഞാലെ പടച്ചോനുള്ളൂ എന്ന് പറഞ്ഞ കാര്യസ്ഥന്‍ എവിടെ?
തന്റെ നിഴലിനെപ്പോലും തൊഴുതുനിന്നിരുന്ന പരിവാരങ്ങളൊക്കെ എങ്ങോട്ട് മറഞ്ഞു ?
ഓര്‍മ്മകള്‍ ഉരുണ്ടുകൂടി ഒരു പുഴയായി കവിളിലൂടെ താഴോട്ടൊഴുകി.
പുറത്ത് വിജനമായ റോഡുകള്‍. ഭീതിജനകമായ അന്തരീക്ഷം.
സൃഷ്ടാവിന്റെ കോടതി മുറ്റത്താണ് ജനം. ആയുസ്സിനിടയ്ക്ക് ഈ വിധം ഒരു മഹാമാരി കണ്ടിട്ടില്ല. അത്യാധുനിക യന്ത്രങ്ങളും, റഡാറുകളും,സൈനിക ശക്തികളും ഒരു ചെറു വൈറസിന്റെ മുമ്പില്‍ വെറും തകരപ്പാട്ടകളായി പരിണമിച്ച് പോയ കാഴ്ചകളാണ് ഭൂമിയിലെങ്ങും. നന്മ തിന്മകള്‍ തൂക്കിനോക്കുന്ന തുലാസിന്റെ തട്ടുകള്‍ ഉയര്‍ന്നുതാഴുന്നു.
വിധിവൃക്ഷത്തിന്റെ ഇലകള്‍ ആടുന്നു. വംശവൃക്ഷം പടര്‍ന്ന് പന്തലിച്ച് സൂര്യന് കീഴെ ഒരു ചാണ്‍ ദൂരത്തില്‍ നിലകൊള്ളുകയാണ്.
വിചാരണ തുടങ്ങി. മരണവാറണ്ടും പേറി കോവിഡ് പരക്കം പായുകയാണ്.മഹ്ശറ ഭൂമിയില്‍ പിറവി കൊള്ളുകയാണോ?അതെ മഹ്ശറാവന്‍ സഭ.
ലോകം മാറുകയാണ്. ഇതുവരെ മൃതശരീരങ്ങള്‍ക്ക് ആറടി മണ്ണായിരുന്നു വീട്. ഇന്ന് പത്തടിയായി. ശീലങ്ങളൊക്കെ കോവിഡ് തിരുത്തിക്കളഞ്ഞു. അന്ത്യകര്‍മ്മങ്ങള്‍ക്ക് സാക്ഷിയാകേണ്ടവര്‍ അകലങ്ങളില്‍ ഇരുന്ന് വിതുമ്പുന്നു. ജീവിതത്തില്‍ ഇതുവരെ കണ്ടിട്ടില്ലാത്തവര്‍ മൃതശരീരം ചുമന്ന് കുഴിയിലേക്കിറക്കിവെക്കുന്നു.
കായിക്കാടന്‍ കട്ടിലില്‍ മലന്ന് കിടന്നു. രാജ്യത്ത് വെച്ച് ഏറ്റവും സുഖസ്പര്‍ശമുള്ള തന്റെ കിടക്ക കോവിഡ് മടക്കി അകലെ വെച്ചിരിക്കുകയാണ്. ക്ഷീണം കൊണ്ട് കായിക്കാടന്‍ ചെറുതായൊന്നു മയങ്ങി. പതിയെ മയക്കം ഗാഢമായി. നിറയെ കൂര്‍ത്ത മുള്ളുകളുള്ള ഒരു ജീവി താന്‍ കിടക്കുന്ന കട്ടിലില്‍ വന്നിരിക്കുന്നത് കായിക്കാടന്‍ കണ്ടു.
കായിക്കാടന്‍ അടിമുടി വിറക്കാന്‍ തുടങ്ങി.
ജീവി എഴുന്നേറ്റ് കായിക്കാടന്റെ നേരെ ഇരുന്ന് അതിന്റെ മുള്ളുകള്‍ കുടഞ്ഞിട്ടു. കായിക്കാടന്‍ ഭയം കൊണ്ട് ദിഗന്തങ്ങള്‍ പൊട്ടുമാറ് നിലവിളിച്ചു. ശബ്ദം പുറത്തേക്ക് വരുന്നില്ല നാവ് ഉള്ളിലേക്കിറങ്ങിപ്പോയിരിക്കുന്നു. തൊണ്ട വരളുന്നു. ശ്വാസം മുട്ടുന്നു.
ജീവി തന്റെ കൈയിലുള്ള പുസ്തകം തുറന്നുനോക്കി.
പാപത്തിന്റെ ശമ്പളം കൃത്യമായി എഴുതിവെച്ച കാലത്തിന്റെ തടിച്ച പുസ്തകം.
ജീവി അതില്‍ നിന്ന് ഒരേട് മറിച്ചിട്ടു. എന്നിട്ട് കായിക്കാടന് നേരെ തിരിഞ്ഞു : ഇതാരാണ് ?
കായിക്കാടന്‍ തന്റെ ദൃഷ്ടികള്‍ പുസ്തകത്തിന്റെ താളുകളില്‍ ഊന്നി.
‘കടല്‍ക്കരയില്‍ നനഞ്ഞ പൂഴിയില്‍ മുഖം പൂണ്ട്പോയ അനാഥമായി ചേതനയറ്റു കിടക്കുന്ന നിഷ്‌കളങ്കമായ ബാല്യത്തിന്റെ ദയനീയ കാഴ്ച !’
രണ്ടാമതായി വേറൊരു പേജില്‍ ചൂണ്ടി ജീവി കായിക്കാടന് നേരെ തറപ്പിച്ച് നോക്കിക്കൊണ്ട് ചോദിച്ചു : ഇത് ?
‘ മനുഷ്യപിശാചുക്കള്‍ ബോംബിട്ട് ചാമ്പലാക്കിയ ലക്ഷക്കണക്കിന് മനുഷ്യരുടെ ചാരക്കൂമ്പാരങ്ങളില്‍ സ്വന്തം മാതാവിനെ തിരഞ്ഞുകൊണ്ടിരിക്കുന്ന പാതി വെന്ത് കരിഞ്ഞ ഒരു പെണ്‍കുട്ടിയുടെ വിലാപം!’
പേജുകള്‍ മറിഞ്ഞു വീഴുകയാണ് ഇതെന്താണ് :
ചോര കിനിയുന്ന ചെറിയ അക്ഷരങ്ങളില്‍ ഇങ്ങനെ?
‘ ഞാന്‍ എല്ലാം അള്ളാഹുവിനോട് പറഞ്ഞുകൊടുക്കും’.
ഉമ്മയും വാപ്പയും അനുജത്തിയും മിസൈലുകളില്‍ ചിതറിത്തെറിച്ചത് കണ്ട് നടുങ്ങിയ നിമിഷങ്ങളില്‍ അവസാന ആശ്രയമായി ആലംബമായി തുണയേകുന്ന ശക്തിയിലേക്ക് ഉയര്‍ത്തിയ ഇളം കൈകളുടെ തേട്ടം.
പേജ് വീണ്ടും മറിഞ്ഞു വീണു. ഇതാരാണ്?
ഇത്…. ക്രൂരമായ ഈ മുഖം ആരുടേതാണ്?

നൂറ്റാണ്ടുകളായി ഒരു രാജ്യത്തെയും അതിലെ ജനങ്ങളെയും പട്ടിണിക്കിട്ട് ഇഞ്ചിഞ്ചായി കൊന്നൊടുക്കിക്കൊണ്ടിരിക്കുന്ന ഒരു രാഷ്ട്രത്തിന്റെ മുന്‍ പ്രധാനമന്ത്രി. ശരീരം തളര്‍ന്ന് കോമയില്‍ കട്ടിലില്‍ കിടക്കാന്‍ തുടങ്ങിയിട്ട് ഏറെ നാളായി ഈ മനുഷ്യമൃഗം കാലത്തിന്റെ ചോദ്യ കടലാസില്‍ ഉത്തരം പൂരിപ്പിച്ച് കൊടുക്കാനാവാതെ….ചലനമറ്റ്…..
അടുത്ത പേജും തുറന്നിട്ടു ; ഇതോ?
പൂര്‍ണ്ണ ഗര്‍ഭിണിയായ ഒരമ്മയുടെ നിലവിളിയില്‍ ഇരുണ്ട് പോയ ചക്രവാളം. ഗര്‍ഭപാത്രത്തിലേക്ക് കഠാര കുത്തിക്കയറ്റി ഭ്രൂണവും, കുടലും വാരി പുറത്തിട്ട് നൃത്തം ചവിട്ടുന്ന ചെന്നായ്ക്കള്‍!


ഇത് എന്താണ് ?
കായിക്കാടന്‍ വിശാലമായി തന്റെ ദൃഷ്ടികള്‍ വികസിപ്പിച്ചു.
പച്ചയ്ക്ക് ഒരു മനുഷ്യനെ തീവെച്ച് കത്തിച്ച് പെട്രോള്‍ കന്നാസുമായി പൊട്ടിച്ചിരിക്കുന്ന പിശാചുക്കള്‍.!
അടുത്ത പേജില്‍ കായിക്കാടന്‍ കണ്ടത് തന്റെ സ്വന്തം മുഖമായിരുന്നു. കായിക്കാടന്റെ സിരകള്‍ വലിഞ്ഞു മുറുകി. കണ്ണുകളില്‍ തീപന്തവുമായി ജീവി തന്റെ നേരെ പാഞ്ഞടുക്കുന്നത് കായിക്കാടന്‍ കാണുന്നു. തന്റെ കൈകളും ,കാലുകളും, കണ്ണുകളും സാക്ഷിക്കൂട്ടില്‍ നിരന്ന് നിന്ന് തനിക്കെതിരായി സാക്ഷി പറയുന്നു.
കായിക്കാടന്‍ വിറക്കുന്ന കൈകള്‍ രണ്ടും കൂപ്പിക്കൊണ്ട് യാചിച്ചു
കൊല്ലരുത്. മാപ്പാക്കണം.
മതി. ജീവി അട്ടഹസിച്ചു. അട്ടഹാസത്തില്‍ മുറി കുലുങ്ങി. കുലുക്കത്തില്‍ കട്ടില്‍ ഞെരിഞ്ഞു. ഞെരിച്ചിലില്‍ കായിക്കാടന്‍ മൂക്കുകുത്തി തറയില്‍ പതിച്ചു. വീഴ്ചയില്‍ കായിക്കാടന്റെ കാഴ്ചകള്‍ അറ്റുപോയി. എന്തായിരുന്നു താന്‍ കണ്ടുകൊണ്ടിരുന്നത്.!
കായിക്കാടന്‍ ബോധത്തിന്റെ താഴ്വരയിലിരുന്ന് മുറിയാകെ കണ്ണുകള്‍കൊണ്ട് പരതി. എല്ലാം പഴയത് പോലെ. ഒരു മേശ, കുപ്പിവെള്ളം,പൊതിച്ചോറ്,പത്രക്കടലാസ്,
കണ്ടതൊക്കെ സത്യമാണ്. സത്യം. കായിക്കാടന്‍ സ്വന്തം തൊണ്ട തടവി. ശ്വാസകോശത്തില്‍ ഒളിച്ചിരുന്ന് ജീവന്‍ പറിച്ച് കൊണ്ടുപോകുന്ന കോവിഡ് അടുത്തെത്തിയിരിക്കുന്നു. ലോകം മുഴുവനും മരണത്തിന്റെ കറുത്തപൊടി വിതറിക്കഴിഞ്ഞിരിക്കുന്നു.
കായിക്കാടന്റെ ദൃഷ്ടികള്‍ പൊതിച്ചോറില്‍ ഉടക്കി. ഉടയതമ്പുരാന്റെ തീരുമാനങ്ങള്‍ക്ക് മാറ്റമില്ല. എല്ലാം കീഴ്മേല്‍ മറിച്ചിട്ടിരിക്കുന്നു. കാലം പകരം ചോദിച്ച് കൊണ്ടിരിക്കുന്നു.
കായിക്കാടന്റെ ചിന്തകള്‍ കടിഞ്ഞാണ്‍ പൊട്ടിച്ച് കുളമ്പടിച്ചു. നിയന്ത്രണമില്ലാതെ കുതിര പാഞ്ഞു.
പണ്ട്
പണ്ട്‌ സ്വന്തം മകളുടെ കല്യാണത്തലേന്ന് വെപ്പുകാരന്‍ ഭക്ഷണത്തിന്റെ ലിസ്റ്റ് വായിച്ചതും തുടര്‍ന്ന് നടന്ന സംഭാഷണങ്ങളും കായിക്കാടന്റെ മനസ്സില്‍ കിടന്ന് പിടഞ്ഞു.
ബിരിയാണി പത്ത് തരം. പോരെ ?
മതി
കുഴിമന്തി രണ്ട് തരം പോരെ ?
മതി
നാട്ടില്‍ കിട്ടാവുന്ന ജന്തുക്കളുടെ എല്ലാം ഫ്രൈ ആക്കിയതും വരട്ടിയതും പന്ത്രണ്ട് തരം പോരെ?
മതി
ലിസ്റ്റ് നീളുകയാണ്. ഇടയില്‍ക്കയറി അയല്‍വാസിയും സാത്വികനുമായ സുഹൃത്ത് കായിക്കാടനോട് ഇങ്ങനെ ചോദിച്ചുപോയി
‘അല്ലാ ഈ കണ്ട സാധനങ്ങളൊക്കെ ആരാ തിന്ന് തീര്‍ക്ക.പടച്ചോനെ കൊക്ക കെട്ടി പറിക്കുന്നോ…?’
അതിന് കൊടുത്ത മറുപടി ; കുടിച്ചതും തിന്നതും കഴിച്ച് ബാക്കി വരുന്നതൊക്കെ ഒരു വലിയ കുഴികുഴിച്ച് അതിലിടും. മീതെ ഒരു വാഴയും വെക്കും. ന്താ.. നിന്റെ വകയല്ലല്ലൊ ചിലവ്.ഒരു സോമാലിയക്കാരന്‍ വന്നിരിക്കുന്നു. എടോ സിറിയയും ഉഗിരൂറും നീയാണോ ഭരിക്കുന്നത് ? ഒന്ന് മിണ്ടാതിരി.
പൊതിച്ചോറിലേക്ക് കായിക്കാടന്റെ കണ്ണില്‍ നിന്നും രണ്ട് തുള്ളി ഇറ്റി വീണു.പഞ്ചനക്ഷത്ര ഹോട്ടലിലെ രുചിക്കൂട്ട് ഈ പൊതിച്ചോറില്‍ എങ്ങനെ കിട്ടാനാണ്.
പൊടുന്നനെ കായിക്കാടന്റെ മൊബൈല്‍ ശബ്ദിച്ചു. റിംഗ്ടോണ്‍ മരണത്തിന്റെ വന്യമായ ഈണത്തിലാണെന്ന് കായിക്കാടന് തോന്നി. സ്രവപരിശോധനയുടെ റിസല്‍ട്ട് അറിയിച്ചതാണ്.
രണ്ടാമതും പോസിറ്റീവ് തന്നെ. കായിക്കാടന് തളര്‍ച്ച ബാധിച്ചു ആരും സഹായിക്കാനില്ല. ആരും വരികയുമില്ല. കാറ്റിന് കോവിഡിന്റെ ഗന്ധം എന്തൊരു പരീക്ഷണമാണ്!
ക്ലോക്ക് മണിമുട്ടുന്നു. മരണമണി.ഗതികിട്ടാതെ പെന്‍ഡുലം ആടുകയാണ്. പരമസാത്വികനായ തന്റെ സുഹൃത്തുമായി അല്പം സംസാരിക്കണം.
മൊബൈലില്‍ സുഹൃത്തിന്റെ നമ്പറിലേക്ക് അമര്‍ത്തിക്കുത്തി.
അങ്ങേതലക്കല്‍ സുഹൃത്ത് ; ഹലോ…
കായിക്കാടന് മിണ്ടാനാകുന്നില്ല. എങ്ങനെ തുടങ്ങണം എന്ത് പറയണം
സുഹൃത്തിന്റെ ശബ്ദം പൊങ്ങി. ഹലോ… കേള്‍ക്കുന്നില്ലെ. റേഞ്ച് ഇല്ലെ?
സുഹൃത്ത് വീണ്ടും തുടര്‍ന്നു വിവരമൊക്കെ ഞാനറിയുന്നുണ്ട്. ഭയപ്പെടേണ്ട
ഈ സൂര്യനും ഈ നിലാവും ഇവിടെ തന്നെയുണ്ടാകും. കുളിരും ചൂടും മാറി മാറി വരുക തന്നെ ചെയ്യും. ഭൂമി അതിന്റെ ചക്രപ്പല്ലില്‍ ഉരുണ്ട് കൊണ്ടേയിരിക്കും.
തെറ്റ് ചെയ്യുന്നവനും പുണ്യാളനും പാപിക്കും തെറ്റ് ചെയ്യാത്തവര്‍ക്കും ഒരുപോലെ പൊറുത്ത് കൊടുക്കുന്നവനാണ് സൃഷ്ടാവ്.
കായിക്കാടന് പിടിച്ച് നില്‍ക്കാനായില്ല. ഗദ്ഗദകണ്ഠനായി ഇങ്ങനെ പറഞ്ഞൊപ്പിച്ചു. ഇനി നമ്മള്‍ കണ്ടെന്ന് വരില്ല. ക്ഷമചോദിക്കാന്‍ ഇനിയൊരവസരം കിട്ടിയെന്ന് വരില്ല. രണ്ടാമതും റിസല്‍ട്ട് പോസിറ്റീവാണ്. കായിക്കാടന്റെ കണ്‍തടങ്ങളിലൂടെ നൂല്‍പുഴ ഒഴുകാന്‍ തുടങ്ങി.ശബ്ദം ഇടറി.സുഹൃത്ത് സമാധാനിപ്പിച്ചു;
‘നാലും അഞ്ചും പ്രാവശ്യം പോസിറ്റീവ് ആയവര്‍ സുഖം പ്രാപിച്ച് വീട്ടിലേക്ക് പോയ വാര്‍ത്തകള്‍ വായിച്ചിട്ടില്ലെ?’
കായിക്കാടന്‍ അതിന് മറുപടി പറഞ്ഞില്ല. പകരം ഇങ്ങനെ പറഞ്ഞു. ഞങ്ങള്‍ തെറ്റ് ചെയ്തു . ശരിയാണ് പക്ഷെ…. ഒരു തെറ്റും ചെയ്യാത്ത നിങ്ങളെപ്പോലുള്ള അനേകര്‍ എന്തിനാണ് ഈ മഹാമാരിയില്‍ പെട്ട് ജീവനുവേണ്ടി യാചിക്കേണ്ടിവരുന്നത്. അതോര്‍ക്കുമ്പോഴാണ് ചിന്തകള്‍ കയര്‍പൊട്ടിച്ചോടുന്നത്. കായിക്കാടന്റെ സംസാരത്തിലെ ഇടര്‍ച്ച കേട്ട് സുഹൃത്ത് ഇടപെട്ടു.,
‘ദൈവത്തിന്റെ ഒരു ശിക്ഷ ഇറങ്ങുമ്പോള്‍ പാപികളും പാപം ചെയ്യാത്തവരും ഒന്നിച്ചനുഭവിക്കണം അതാണ് കാലത്തിന്റെ നീതിശാസ്ത്രം!’
നോക്കൂ. ഒരിടത്ത് ഒരു ലഹള പൊട്ടിപുറപ്പെട്ടു എന്ന് കരുതുക. അതിന്റെ കാരണക്കാരന്‍ ഒരാളോ ഒരു സംഘമോ ആയിരിക്കും. വെടിവെപ്പുണ്ടായാല്‍ വെടിവെപ്പില്‍ പിടഞ്ഞുവീഴുന്നവരില്‍ നിരപരാധികളും ഒന്നും അറിയാത്ത കാഴ്ചക്കാരും പെടും. അല്ലെ. അങ്ങനെയല്ലെ?
സുഹൃത്ത് വീണ്ടും ഓര്‍മിപ്പിച്ചു. അതുകൊണ്ടാണ് ഭൂമിയിലുള്ള സര്‍വ്വമനുഷ്യര്‍ക്കും, മതവിശ്വാസികള്‍ക്കും, നാസ്തികനും,അപരാധിക്കും,നിരപരാധിക്കും സാനിറ്റൈസറില്‍ കൈകഴുകേണ്ടിവരുന്നത്. അതുകൊണ്ടാണ് സര്‍വ്വമനുഷ്യര്‍ക്കും അവരവരുടെ മുഖംമറച്ച് നടക്കേണ്ടിവരുന്നത്. കായിക്കാടന്‍ എല്ലാം കേട്ടുകൊണ്ടിരുന്നു. ഇനിയെന്താണ് ഒരു രക്ഷാമാര്‍ഗ്ഗം.

അപ്പോഴാണ് സുഹൃത്തിന്റെ ശബ്ദം കാതില്‍ വന്നു വീഴുന്നത്. സോപ്പില്‍ കൈകളിലെ കറ നീങ്ങിയേക്കാം പക്ഷെ ഹൃദയം എങ്ങനെ ശുദ്ധമാക്കും?
ഒരു നിമിഷം കായിക്കാടന്റെ ഓര്‍മകള്‍ ഉണര്‍ന്നു.
നടക്കാനും സംസാരിക്കാനും പഠിപ്പിച്ച ഉമ്മയോട്, സ്വന്തം ആഗ്രഹങ്ങള്‍ മണ്ണിട്ട് മൂടി മക്കളെപ്പോറ്റാന്‍ വിയര്‍പ്പൊഴുക്കിയ ഉപ്പയോട് നീതിക്കാട്ടിയോ?

തന്റെ ബിസിനസ്സ് പാര്‍ട്ണറോട് നീതി കാട്ടിയോ?
സുഹൃത്ത് ശബ്ദം ഉയര്‍ത്തിക്കൊണ്ട് ആരാഞ്ഞു ; ഞാന്‍ പറയുന്നത് കേള്‍ക്കുന്നുണ്ടോ? എന്താ പ്രതികരിക്കാത്തത്. ?
കേള്‍ക്കുന്നുണ്ട്.
സുഹൃത്ത് ചോദിക്കുകയാണ് ; നീപള്ളി കമ്മറ്റിയുടെ പ്രസിഡന്റല്ലേ?
ങ്ഹും
പ്രസിഡന്റാവാന്‍ കളിച്ച കളി, ഗ്രൂപ്പുണ്ടാക്കി കമ്മറ്റിയില്‍ കസേരയേറ്.
ഓര്‍മ്മിച്ച് നോക്ക്.
കായിക്കാടന്‍ ഒന്നും മറന്നിട്ടില്ല. ഓര്‍മ്മകള്‍ക്ക് ജീവന്‍ വെച്ചിരിക്കുന്നു. കോവിഡ് ഭൂമുഖത്തുള്ള സര്‍വ്വ മനുഷ്യരെയും തട്ടിയുണര്‍ത്തിക്കൊണ്ട് മരണകാഹളത്തില്‍ ഊതുന്നു.
സുഹൃത്ത് വാചാലനാവുകയാണ്. ഈന്തപ്പനക്കുടിലില്‍ ജീവിച്ച്, വിശപ്പടക്കാന്‍ റൊട്ടിക്കഷണം പച്ചവെള്ളത്തില്‍ മുക്കിതിന്ന് കീറിപ്പോയ ഉടുതുണി വീണ്ടും തുന്നിയെടുത്ത് ജീവിതത്തിന്റെ എളിമയും സൗന്ദര്യവും മാതൃകയും കാണിച്ച് തന്ന പ്രവാചകന്റെ ജീവിതം മൈക്കിലൂടെ വിളിച്ച് പറഞ്ഞ് കണ്ണീരൊലിപ്പിക്കുന്ന പണ പ്രാസംഗികരെ നീ കണ്ടുവോ?
അവരൊക്കെ എങ്ങോട്ട് പോയി ?
മതത്തിന് മാതൃകയാവേണ്ടവര്‍ മതംവിറ്റ് ഉപജീവനം കഴിക്കുന്ന കാഴ്ചകള്‍ നീ കണ്ടതല്ലെ? ചരിത്രത്തില്‍ നിന്നും എത്രമാത്രം അകലെയാണവരുടെ സങ്കേതം! അവര്‍ കൊട്ടാര തുല്യ വസതികളില്‍ ഉറങ്ങുന്നു. അത്യാധുനിക വാഹനങ്ങളില്‍ ഏസിയില്‍ കറങ്ങി മതം പഠിപ്പിക്കുന്നു. പഞ്ചനക്ഷത്രഹോട്ടലുകളില്‍ തീന്‍ മേശയിലിരുന്ന് തിമിര്‍ത്താടുന്നു. സദാ പച്ചഉള്ളി ചവച്ചുകൊണ്ടിരിക്കുന്ന ഒരാള്‍ക്ക് മറ്റൊരാളോട് ഉള്ളിതിന്ന് പ്രാര്‍ത്ഥനയില്‍ പങ്ക് കൊള്ളരുതെന്ന് ഉപദേശിക്കാന്‍ എന്താണ് യോഗ്യത ?
കാലം എല്ലാം കാണുന്നുണ്ട്. പള്ളികളൊക്കെ അടച്ചുപൂട്ടി. പള്ളികളുടെയും അമ്പലങ്ങളുടെയും ചര്‍ച്ചുകളുടെയും താക്കോല്‍ കൂട്ടങ്ങള്‍ പിടിച്ച് വാങ്ങി കോവിഡ് ചുറ്റിക്കറങ്ങുകയാണ്.
അങ്ങ് ദൂരെ നിന്നും ബാങ്ക് വിളി ഉയര്‍ന്ന് അന്തരീക്ഷത്തിലൂടെ ഒഴികിവന്നു. സംസാരം കട്ടായി.
കായിക്കാടന്‍ അംഗശുദ്ധി വരുത്തി. പെട്ടെന്ന് മൊബൈല്‍ വീണ്ടും ശബ്ദിച്ചു.
സാംകുട്ടി മരിച്ചു
ഉറ്റ സുഹ്യത്ത് വിടപറഞ്ഞു, അവന്റെ ഭൗതികശരീരം ആരെയും കാത്ത് നില്‍ക്കാനില്ലാത്തതുകൊണ്ട് അനാഥനെപ്പോലെ മണ്ണിലമര്‍ന്നു.
സാം കുട്ടി വലിയ പണക്കാരനാണ്. അവന് മീതെ ഒറ്റ പരുന്തും ഇതുവരെ പറന്നിട്ടില്ല. ഒരിക്കലും കാണാത്ത, ഒരു പരിചയവുമില്ലാത്ത മറ്റാരോ ആണ് സാംകുട്ടിയെ കുഴിയിലേക്കിറക്കിവെച്ചത്. കുടുംബവും,ബന്ധുക്കളും ഒരു വീഡിയോ ദര്‍ശനത്തില്‍ കടമ അവസാനിപ്പിച്ചു.
കായിക്കാടന്‍ തറയില്‍ പത്രക്കടലാസ് വിരിച്ചിട്ട് അതില്‍ ഇരുന്നു. നിസ്‌കാരപ്പായ ഇല്ലാഞ്ഞിട്ടല്ല. കോവിഡ് തടസ്സമായി നിന്നതാണ്. അത്രയേ ഉള്ളൂ പടച്ചതമ്പുരാന്. കോടികളുടെ വിലപറയുന്ന പള്ളികള്‍ വേണ്ട. ലക്ഷങ്ങളുടെ പരവതാനികളും വേണ്ട. വീടുകള്‍ പള്ളികളായി. ഉമ്മറപ്പടികള്‍ പ്രസംഗവേദികളായി. ഉടയതമ്പുരാന്റെ തീരുമാനങ്ങള്‍ എത്രവേഗമാണ് നടപ്പിലാവുന്നത്.
കായിക്കാടന്‍ സ്വന്തം ഹൃദയത്തിന്റെ അകംപള്ളി തുറന്ന് വെറും രണ്ട് രൂപ മാത്രംവിലയുള്ള പത്രക്കടലാസില്‍ നെറ്റിതൊട്ടു.
സൃഷ്ടാവുമായുള്ള സംഭാഷണത്തില്‍ കായിക്കാടന്റെ ഹൃദയം കണ്ണീര്‍ വീണ് കുതിര്‍ന്നു. മനസ്സില്‍ നിന്നും ഒരജ്ഞാതമായ തരംഗവീചികള്‍ ഉണര്‍ന്നതും എന്തോ ഉരുകിയൊലിച്ച് എങ്ങോ നീങ്ങിക്കൊണ്ടിരിക്കുന്നതും കായിക്കാടന് അനുഭവപ്പെട്ടു. ഹൃദയം ശുദ്ധമാവുകയാണ്. അവാച്യമായ നിര്‍വൃതിയോടെ പ്രകാശത്തിന്റെ തെളിമയോടെ ഹൃദയം സ്പന്ദിക്കുന്നു.
കായിക്കാടന്‍ ഒരു നിമിഷം ഇമകള്‍ പൂട്ടി. പൂട്ടി തുറന്നപ്പോള്‍ മുന്നില്‍ മനോഹരമായ കുറേ പൂക്കള്‍ കായിക്കാടനെ നോക്കി മന്ദസ്മിതം തൂകുന്നു. ഗന്ധം പേറി പുവുകള്‍ തലയാട്ടുന്നു. ഇതാ മൊബൈല്‍ വീണ്ടും ശബ്ദിക്കുന്നു. കരളിന് കുളിരായി ഒരു യുഗ്മഗാനത്തിന്റെ ഇശലോടെ റിംഗ്ടോണ്‍ ഒഴുകിപ്പരക്കുന്നത് കായിക്കാടന്‍ അറിയുന്നു.
ഹലോ….
വാര്‍ത്തകള്‍ കാതിന് ഇമ്പമായി കായിക്കാടന്റെ ബോധേന്ദ്രിയത്തിലേക്ക് ഒഴുകുന്നു.
നെഗറ്റീവ്.
റിസല്‍ട്ട് നെഗറ്റീവ് ആയിരിക്കുന്നു. സര്‍വ്വചരാചരങ്ങള്‍ക്കും മനുഷ്യവംശത്തിനും ജാതിയും മതവും തിരിക്കാതെ പക്ഷഭേദങ്ങളിലാതെ ഒരേപോലെ ജീവവായുവും ജീവജലവും സദാ നല്‍കി കൊണ്ടിരിക്കുന്ന ദൈവം എത്ര കരുണാമയനാണ്! വെള്ളത്തിന്റെയും പ്രകാശത്തിന്റെയും വായുവിന്റെയും ഉല്‍ഭവസ്ഥാനം അങ്ങ് ഉയരങ്ങളില്‍ സ്ഥാപിച്ച് സ്വയം നിയന്ത്രണത്തില്‍ കരുതിവെച്ച ജഗനിയന്താവ് എത്ര ഉദാരനാണ്!
മനുഷ്യര്‍ നന്ദിയില്ലാത്തവരാണെന്നും, മതിലുകള്‍ കെട്ടി മനുഷ്യരെ വേര്‍തിരിച്ച് ഇവ മൂന്നും നിഷേധിക്കപ്പെടുന്ന സാഹചര്യങ്ങള്‍ സൃഷ്ടിക്കുമെന്നും അറിയാവുന്നത് കൊണ്ടായിരിക്കണം മനുഷ്യന് അപ്രാപ്യമായ ദൂരത്തേക്ക് ദൈവം ഉറപ്പിച്ച് നിര്‍ത്തിയത്.
കായിക്കാടന്‍ മുറിയുടെ വാതില്‍ തുറന്നു.
കാറ്റടിച്ചു. കാറ്റിന് തനിക്കേറ്റവും ഇഷ്ടപ്പെട്ട കസ്തൂരിയുടെ ഗന്ധം.
മാറിമറിഞ്ഞ ഒരു കാലത്തിന്റെ പുതിയ വാതിലിലൂടെ കായിക്കാടന്‍ പുറത്തിറങ്ങി.
താഴെ നെഗറ്റീവ് ആയവരുടെ ഒരു സംഘം കടന്നുവരുന്നത് കായിക്കാടന്‍ കണ്ടു.
താമസിച്ചില്ല ബാന്‍ഡ് വാദ്യമേളങ്ങളോടെ നെഗറ്റീവ് ആയവരെ സ്വീകരിച്ചാനയിച്ച് നീങ്ങിക്കൊണ്ടിരിക്കുന്ന മനുഷ്യസ്നേഹികളായ ആരോഗ്യപ്രവര്‍ത്തകരുടെയും സന്നദ്ധസേവാ വളണ്ടിയര്‍മാരുടെയും ഒപ്പം കായിക്കാടനും അണിചേര്‍ന്നു.
ആ ആഹ്ലാദ നിമിഷങ്ങളില്‍ അവരുടെ നടുവിലേക്ക് ചേര്‍ന്ന് നിന്ന് കൊണ്ട് കായിക്കാടന്‍ അടിവെച്ചു. കോവിഡ് ഒരു ഭീകരനല്ല. ഒരു മുന്നറിയിപ്പ്കാരന്‍ മാത്രമാണ്. കോവിഡിനെ തോല്‍പ്പിക്കാനാവുകയില്ല. എന്നാല്‍ കോവിഡിന് സ്വയം തോറ്റ് കൊടുക്കാനാവും ഒരവധിവരെ. അതെ ഇന്ന് കോവിഡ്19 നാളെ പേരുമാറ്റി വീണ്ടും വന്നേക്കും. കാലം ഉറങ്ങുന്നില്ല. ഉണര്‍ന്നേ ഇരിക്കുകയാണ്.

        ഒഞ്ചിയം ഉസ്മാൻ ഒരിയാന

 

Share

Leave a Reply

Your email address will not be published. Required fields are marked *