ന്യൂഡല്‍ഹി: 2018-19ലെ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള തീയതി ജൂലൈ 31വരെ നീട്ടി. ആധാര്‍ പാന്‍ ബന്ധിപ്പിക്കല്‍ സമയപരിധി അടുത്ത മാര്‍ച്ച് 31വരെയും നീട്ടിയതായി കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് (സിബിഡിറ്റി) വ്യക്തമാക്കി. എല്‍ഐസി, പിപിഎഫ്, മെഡി ക്ലെയിം എന്നിവയുള്‍പ്പെടെ ഇളവുകള്‍ ലഭ്യമാകുന്ന നിക്ഷേപങ്ങള്‍ നടത്താനുള്ള സമയപരിധിയും ജൂലൈ 31വരെ നീട്ടിയിട്ടുണ്ട്. ഈ സമയപപരിധിക്കുള്ളില്‍ നടത്തുന്ന നിക്ഷേപങ്ങള്‍ക്ക് 2019-20 സാമ്പത്തിക വര്‍ഷത്തെ റിട്ടേണില്‍ നികുതിയിളവ് വാങ്ങാം.
- 2019-20 സാമ്പത്തിക വര്‍ഷത്തെ റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ സമയപരിധി നവംബര്‍ 30. നികുതി ഓഡിറ്റ് റിപ്പോര്‍ട്ട് നല്‍കേണ്ടത് ഒക്ടോബര്‍ 30നകം.
- നികുതി ബാധ്യത 1 ലക്ഷം രൂപ വരെയെന്നു സ്വയം കണക്കാക്കുന്നവര്‍ നവംബര്‍ 30നകം നികുതി അടച്ചാല്‍ മതി. 1 ലക്ഷത്തില്‍ കൂടുതലാണ് നികുതിയെങ്കില്‍ സമയപരിധിയില്‍ ഈ ഇളവില്ല.
- മൂലധന ആദായത്തില്‍ നിന്ന് നികുതി ഇളവ് ഉദ്ദേശിച്ചുള്ള നിക്ഷേപം, നിര്‍മ്മാണം, വാങ്ങല്‍ എന്നിവയ്ക്ക് സെപ്റ്റംബര്‍ 30വരെ സമയം.
- കഴിഞ്ഞ മാര്‍ച്ച് 31നകം പ്രത്യേക സാമ്പത്തിക മേഖലയില്‍ അനുമതി ലഭിച്ച യൂണിറ്റുകള്‍ക്ക് നികുതിയിളവു ലഭിക്കാന്‍ സമയപരിധി സെപ്റ്റംബര്‍ 30വരെ.