കോഴിക്കോട് : നോട്ട് നിരോധനം, ജി എസ് ടി, നിപ്പ, കോവിഡ് 19 തുടങ്ങി തുടർച്ചയായ പ്രതിസന്ധികൾക്ക് പുറമേ വാഹന നിരോധനം കൂടി ഏർപ്പെടുത്തിയപ്പോൾ മിഠായി തെരുവിലെയും സമീപപ്രദേശത്തെയും കെട്ടിട സ്ഥാപന ഉടമകളും, ജീവനക്കാരും, കയറ്റിറക്ക് തൊഴിലാളികളും, കടക്കെണിയിലും പ്രതിസന്ധിയിലുമാണെന്ന് വ്യാപാര സംഘടനകൾ ചൂണ്ടിക്കാട്ടി.
അധികാരികൾ ഉറപ്പുനൽകിയ കിഡ്സൺ കോർണർ, ലിങ്ക് റോഡ്, പാർക്കിങ് പ്ലാസ നിർമാണം തറക്കല്ലിടലിൽ ഒതുങ്ങിയിരിക്കുകയാണ്. നവീകരിച്ച മിഠായിതെരുവിന്റെ പിന്നിലെ പാർക്കിംഗ് സൗകര്യങ്ങളും, ഗോഡൗണുകളും ഉപയോഗിക്കാൻ കഴിയുന്നില്ല. തന്മൂലം സമീപ റോഡുകളിലാണ് വാഹനങ്ങൾ പാർക്ക് ചെയ്യുന്നതും കയറ്റിറക്ക് നടത്തുന്നതും.
കെട്ടിട ഉടമകളും സ്ഥാപനം നടത്തുന്നവരും ജപ്തി ഭീഷണിയിലാണ്. കൂടുതൽ ആത്മഹത്യ ഉൾപ്പെടെയുള്ള അനിഷ്ഠ സംഭവങ്ങൾ ഒഴിവാക്കാൻ മതിയായ പാർക്കിംഗ് സൗകര്യം ഏർപ്പെടുത്തുന്നത് വരെ മിഠായിത്തെരുവ് വാഹന നിരോധനം പിൻവലിക്കണമെന്ന് ഓൾ കേരള കൺസ്യൂമർ ഗുഡ്സ് ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ചേർന്ന വിവിധ സംഘടനകളുടെ സംയുക്ത യോഗം മുഖ്യമന്ത്രി, വ്യവസായ മന്ത്രി ,ധന മന്ത്രി ,തൊഴിൽ മന്ത്രി, ചീഫ്സെക്രട്ടറി കോർപ്പറേഷൻ മേയർ ജില്ലാ കലക്ടർ ജനപ്രതിനിധികൾ എന്നിവരോട് അഭ്യർത്ഥിച്ചു. അസോസിയേഷൻ പ്രസിഡന്റ് ഷെവലിയാർ സി ഇ ചാക്കുണ്ണി അധ്യക്ഷത വഹിച്ചു. കാലിക്കറ്റ് ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി പ്രസിഡന്റ് സുബൈർ കൊളക്കാടൻ യോഗം ഉദ്ഘാടനം ചെയ്തു.
സിറ്റി മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് എം.ഇ. അഷറഫ്, സെക്രട്ടറി എം.എൻ ഉല്ലാസൻ, എം പി റോഡ് മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് കെ.അബ്ദുൽ ഗഫൂർ, സെക്രട്ടറി എം.കെ ഹനീഫ, ചെറുകിട കെട്ടിട ഉടമ അസോസിയേഷൻ പ്രസിഡണ്ട് പി.ആഷിം, സെക്രട്ടറി കെ.സലീം ന്യൂ ബസാർ മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡണ്ട് കെ.പ്രേംജി ,സെക്രട്ടറി സി.വി ഗിവർ, ഡിസ്ട്രിക്ട് മർച്ചന്റ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ജോഷിപോൾ പി. , സെക്രട്ടറി കുന്നോത്ത് അബൂബക്കർ, എ.കെ.സി.ജി.ഡി.പി ജനറൽ സെക്രട്ടറി സി.മനോജ്, ലീഗൽ അഡ്വൈസർ അഡ്വക്കേറ്റ് എം.കെ. അയ്യപ്പൻ, സി.വി ജോസി എന്നിവർ സംസാരിച്ചു.