ദുബായ് വിമാനത്താവളം നാളെ മുതല്‍ സാധാരണ നിലയിലാകും

ദുബായ് : ദുബായ് വിമാനത്താവളം നാളെ മുതല്‍ സാധാരണനിലയിലേക്കെത്തുന്നു. കൊവിഡിന്റെ പശ്ചാത്തലത്തില്‍  വിമാനത്താവളത്തിൽ സര്‍വീസുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു. ദുബായിലെ താമസവിസക്കാര്‍ക്ക് നാളെ മുതല്‍ തിരിച്ചുവരാം. മടങ്ങിവരുന്നവര്‍ ദുബായ് വിമാനത്താവളത്തില്‍ പിസിആര്‍ ടെസ്റ്റിന് വിധേയമാവണം. അതേസമയം, ഇന്ത്യയിലേക്കും തിരിച്ചും ഇതുവരെ സര്‍വീസിന് അനുമതി ലഭിച്ചിട്ടില്ല. വിമാനസര്‍വീസ് ആരംഭിച്ച രാജ്യങ്ങളില്‍നിന്നുള്ള പ്രവാസികള്‍ക്കാണ് ഇന്ന് മുതല്‍ ദുബായിലേക്കുള്ള മടക്കയാത്ര സാധ്യമാവുക. ജൂലൈ 7 മുതല്‍ ടൂറിസ്റ്റുകളെയും സ്വീകരിച്ച്‌ തുടങ്ങും.

സെപ്തംബര്‍ മുതല്‍ രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്നുപ്രവര്‍ത്തിക്കാനുള്ള സാധ്യതകളും പരിശോധിച്ചുവരികയാണ്. വിനോദസഞ്ചാരികള്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. അല്ലെങ്കില്‍ വിമാനത്താവളത്തില്‍ പരിശോധനയ്ക്ക് വിധേയമാവണം.

മടങ്ങിവരുന്ന പ്രവാസികള്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍

  • ദുബായിലേക്ക് സര്‍വീസ് നടത്താന്‍ അനുമതിയുള്ള ഏത് വിമാനത്തിലും ടിക്കറ്റ് ബുക്ക് ചെയ്ത് തിരിച്ചുവരാം.
  • നിലവില്‍ ഔദ്യോഗികമായി വിമാനസര്‍വീസ് ആരംഭിച്ച രാജ്യങ്ങളില്‍നിന്നാണ് പ്രവാസികള്‍ക്ക് തിരിച്ചുവരാനാവുക.
  • ദുബായ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സ് ആന്റ് ഫോറിനേഴ്‌സ് അഫയേഴ്‌സ് അഥവാ ജിഡിആര്‍എഫ്‌എയുടെ ലിങ്കില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.
  • ഡയറക്ട്രേറ്റ് നല്‍കുന്ന അനുമതി പ്രകാരമാണ് യാത്രചെയ്യേണ്ടത്.
  • തിരിച്ചുവരുന്നവര്‍ കൊവിഡ് പോസിറ്റീവ് ആണെന്ന് തെളിഞ്ഞാല്‍ പരിശോധനയ്ക്കും ചികില്‍സയ്ക്കുമുള്ള ചെലവുകള്‍ വഹിക്കാമെന്ന് ഡിക്ലറേഷന്‍ നല്‍കണം.
  • ഇവര്‍ക്ക് ദുബായ് വിമാനത്താവളത്തിലെത്തിയ ശേഷം പിസിആര്‍ ടെസ്റ്റ് നടത്തും.
  • പോസിറ്റീവായാല്‍ ഇവര്‍ 14 ദിവസം ക്വാറന്റൈനില്‍ കഴിയണം. സ്വന്തമായി താമസസ്ഥലമുള്ളവര്‍ക്ക് ഹോം ക്വാറന്റൈന് സൗകര്യമുണ്ടാവും. എന്നാല്‍, താമസിക്കുന്ന സ്ഥലത്ത് മറ്റുള്ളവരുണ്ട്, കൂടുതല്‍ പേര്‍ തിങ്ങിത്താമസിക്കുന്ന സ്ഥലമാണ് എന്നുണ്ടെങ്കില്‍ അവര്‍ ഇന്‍സ്റ്റിറ്റ്യൂഷൻ ക്വാറന്റൈനില്‍ ഐസൊലേഷനില്‍ പോവേണ്ടിവരും.
  • തൊഴിലുടമയ്ക്ക് വേണമെങ്കില്‍ ഇവര്‍ക്ക് ഐസൊലേഷന്‍ സംവിധാനമൊരുക്കാം. ആശുപത്രികളിലെയും കൊവിഡ് കേന്ദ്രങ്ങളിലെയും ഐസൊലേഷന്‍ സംവിധാനം ഉപയോഗിക്കുന്നുണ്ടെങ്കില്‍ അതിന്റെ ചെലവും വഹിക്കേണ്ടത് തൊഴിലുടമയാണ്.
  • തിരിച്ചെത്തുന്നവര്‍ വിമാനത്താവളത്തില്‍ തന്നെ കോവിഡ് 19 ഡി.എക്‌സ്.ബി എന്ന ആപ്പ് ഡൗണ്‍ലോഡ് ചെയ്തിരിക്കണം.

ദുബായ് വിമാനത്താവളത്തില്‍നിന്ന് പുറത്തേക്ക് പോവുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ദുബായ് വിമാനത്താവളത്തിലേക്ക് സര്‍വീസ് ആരംഭിച്ച രാജ്യങ്ങളിലേക്കാണ് തിരിച്ചുപോവാന്‍ അനുവദിക്കുക.

പോവുന്നതിന് മുമ്പ് ഇവര്‍ക്ക് പരിശോധന ആവശ്യമില്ല. എന്നാല്‍, പോവുന്ന രാജ്യത്തിന്റെ കോവിഡ് പ്രോട്ടോക്കോളുകള്‍ പാലിക്കാന്‍ തയ്യാറായിരിക്കണം.

അന്താരാഷ്ട്ര ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കൈവശംവയ്ക്കാന്‍ ശ്രദ്ധിക്കണം. ഇവര്‍ യാത്രപൂര്‍ത്തിയാക്കി തിരിച്ചുവന്നാല്‍ ദുബയ് വിമാനത്താവളത്തില്‍ പിസിആര്‍ ടെസ്റ്റിന് വിധേയമാവണം.

ടൂറിസ്റ്റ് വിസയിലെത്തുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ജൂലൈ ഏഴ് മുതലാണ് ടൂറിസ്റ്റുകള്‍ക്ക് ദുബായിലേക്ക് വരാന്‍ കഴിയുക. ഇവര്‍ക്ക് വേണമെങ്കില്‍ പുറപ്പെടുന്ന രാജ്യത്തുനിന്ന് 96 മണിക്കൂര്‍ മുമ്പ് നടത്തിയ പിസിആര്‍ ടെസ്റ്റിന്റെ ഫലവുമായി ദുബായില്‍ ഇറങ്ങാം.

അല്ലെങ്കില്‍ ദുബായ് വിമാനത്താവളത്തില്‍ പിസിആര്‍ ടെസ്റ്റിന് വിധേയമാവണം.

ഇതിന്റെ ചെലവ് ടൂറിസ്റ്റ് തന്നെ വഹിക്കണം. പരിശോധനയില്‍ പോസിറ്റീവ് ആയാല്‍ വിനോദസഞ്ചാരികളും 14 ദിവസം ക്വാറന്റൈനില്‍ കഴിയണം. ഈ മാസം 23 മുതല്‍ സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും ദുബയ് വിമാനത്താവളംവഴി വിദേശത്തേക്ക് യാത്രചെയ്യാമെന്നും ഇതിനായി നിയോഗിച്ച സമിതി നിര്‍ദേശിച്ചു.

യുഎഇയിലെ സ്‌കൂളുകള്‍, യൂനിവേഴ്‌സിറ്റികള്‍, മറ്റ് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവ സപ്തംബര്‍ മുതല്‍ തുറന്നുപ്രവര്‍ത്തിക്കാനുള്ള സാധ്യത പരിശോധിച്ചുവരികയാണെന്ന് സമിതി അറിയിച്ചു. കൊവിഡ് സാഹചര്യം പരിശോധിച്ചായിരിക്കും ഇക്കാര്യത്തില്‍ അന്തിമതീരുമാനമെടുക്കുക. ഷാര്‍ജയിലെ സര്‍ക്കാര്‍ ഓഫിസുകളും ഇന്ന് മുതല്‍ 50 ശതമാനം ജീവനക്കാരെത്തി സജീവമായി. ഇതുവരെ 30 ശതമാനം ജോലിക്കാരാണ് ഷാര്‍ജയിലെ സര്‍ക്കാര്‍ ഓഫിസുകളിലെത്തിയിരുന്നത്.

Share

Leave a Reply

Your email address will not be published. Required fields are marked *