കോഴിക്കോട് : കഴിഞ്ഞ 20 വർഷമായി ആരോഗ്യ വകുപ്പിൽ ജോലി ചെയ്യുന്ന ഒരു വിഭാഗം ഹെൽത്ത് ഇൻസ്‌പെക്ടർമാർക്ക് സ്ഥാനക്കയറ്റമില്ലെന്ന് കേരള സ്റ്റേറ്റ് ഹെൽത്ത് ഇൻസ്പെക്ടേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി. സർക്കാരും പി.എസ്.സി.യും അംഗീകരിച്ച സാനിട്ടറി ഇൻസ്പെക്ടർ ഡിപ്ലോമ യോഗ്യതയുള്ള എച്ച്.ഐ മാരെയാണ് പ്രമോഷനിൽ വർഷങ്ങളായി തഴയുന്നത്.
സർക്കാർ നിശ്ചയിച്ച യോഗ്യത മാനദണ്ഡങ്ങളനുസരിച്ച് 1995 മുതൽ പി.എസ്.സി.യാണ് സാനിട്ടറി ഇൻസ്പെക്ടർ ഡിപ്ലോമയുള്ളവരെ രണ്ടാം ഗ്രേഡ് ജൂനിയർ എച്ച്.ഐ. മാരായി വിവിധ ജില്ലകളിൽ നിയമിച്ചത്. ഇതിനായി 1342 പേരുടെ സീനിയോറിറ്റി ലിസ്റ്റ് തയ്യാറാക്കി പ്രസിദ്ധീകരിക്കുകയും ചെയ്തു. എന്നാൽ തുടർന്ന് നടത്തിയ ഹെൽത്ത് സൂപ്പർവൈസർ മുതൽ ഗസറ്റഡ് പദവി വരെയുള്ള വിവിധ സ്ഥാനക്കയറ്റത്തിനായി അടിസ്ഥാന രഹിതമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി ആദ്യ സീനിയോറിറ്റി ലിസ്റ്റ് അട്ടിമറിച്ച് രണ്ടു തരം സീനിയോറിറ്റി ലിസ്റ്റ് ആരോഗ്യ വകുപ്പ് തയ്യാറാക്കി.
ഈ ലിസ്റ്റിൽ നിന്നാണ് സാനിട്ടറി ഇൻസ്പെക്ടർ ഡിപ്ലോമയുള്ളവരെ മുഴുവൻ ഒഴിവാക്കിക്കൊണ്ട് നിലവിൽ പ്രമോഷൻ നടത്തുന്നത്. സ്ഥാനക്കയറ്റം ഉൾപ്പെടയുള്ള ജീവനക്കാരുടെ സീനിയോറിറ്റി നിശ്ചയിക്കുന്നത് പി.എസ്.സി. അഡൈ്വസ് മെമ്മോ തീയതിയുടെ അടിസ്ഥാനത്തിലായിരിക്കണമെന്ന് ഹൈക്കോടതി വിധിയുണ്ട്. എന്നാൽ ഇതൊക്ക മറികടന്നാണ് ബന്ധപ്പെട്ടവർ സാനിട്ടറി ഇൻസ്പെക്ടർ ഡിപ്ലോമയുള്ള ജീവനക്കാർക്ക് സ്ഥാനക്കയറ്റം നൽകാതിരിക്കുന്നത്. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബൂണലിന്റെ ഉത്തരവിലൂടെ സർക്കാർ അനുകൂല തീരുമാനമെടുത്തെങ്കിലും തുടർ നടപടികൾ ഉണ്ടായില്ല.
തടസ്സം നിലനിൽക്കുന്നതിനിടെ സാനിട്ടറി ഇൻസ്പെക്ടർ ഡിപ്ലോമയുള്ളവരെ ഒഴിവാക്കി കഴിഞ്ഞ 20 വർഷമായി നിരവധി പേർക്ക് സ്ഥാനക്കയറ്റം നൽകുന്നത് ഇപ്പോഴും തുടരുകയാണ്. സ്ഥാനക്കയറ്റം കിട്ടാതായതോടെ സാനിട്ടറി ഇൻസ്പെക്ടർ ഡിപ്ലോമയുള്ള സ്ത്രീകളുൾപ്പെടെയുള്ള ആയിരക്കണക്കിന് ഉദ്യോഗസ്ഥർ ജോലിയിൽ കയറി രണ്ടു പതിറ്റാണ്ടു കഴിഞ്ഞിട്ടും ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ, ഹെൽത്ത് ഇൻസ്പെക്ടർ തസ്തികയിൽ വിരമിക്കേണ്ട ഗതികേടിലാണ്. വർഷങ്ങളായി സ്ഥാനക്കയറ്റം കാത്തു കഴിഞ്ഞ ആദ്യ സീനിയോറിറ്റി ലിസ്റ്റിൽപ്പെട്ട 425 ഓളം പേർ തുടർച്ചയായി 24 വർഷത്തിലധികം ജൂനിയർ എച്ച്.ഐ. ഹെൽത്ത് ഇൻസ്പെക്ടർ തസ്തികയിൽ ജോലി ചെയ്ത ശേഷം ഇതിനകം വിരമിക്കുകയും ചെയ്തു. ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറായി ജോലിയിൽ പ്രവേശിച്ച് ഇൻസർവീസ് ട്രെയിനിംഗ് കിട്ടി വർഷങ്ങൾ കഴിഞ്ഞിട്ടും പല കാരണങ്ങൾ പറഞ്ഞു ഇതേ വിഭാഗത്തിന് സ്ഥാനക്കയറ്റം മനപ്പൂർവ്വം തടയുകയാണെന്നാണ് ആക്ഷേപം.
പി.എസ്.സി. അപേക്ഷ ക്ഷണിച്ചപ്പോൾ ശരിയായ യോഗ്യതയിലെങ്കിൽ എന്തിനാണ് എഴുത്തു പരീക്ഷ നടത്തി അഡൈ്വസ് മെമ്മോ തീയതിയുടെ അടിസ്ഥാനത്തിൽ സാനിട്ടറി ഇൻസ്പെക്ടർ ഡിപ്ലോമയുള്ളവരെ ജില്ലാ അടിസ്ഥാനത്തിൽ ആരോഗ്യ വകുപ്പിൽ നിയമിച്ചതെന്നു ജീവനക്കാർ ചോദിക്കുന്നു. വിവിധ ത്രിതല തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾ, എയർപോർട്ട്, റെയിൽവ്വെ എന്നവിടങ്ങളിലെല്ലാം സാനിട്ടറി ഇൻസ്പെക്ടർ ഡിപ്ലോമയുള്ളവരെ മുൻഗണന നൽകി നിയമിക്കുന്നുണ്ട്. ഈ വർഷം പി.എസ്.സി. വഴി സംസ്ഥാനത്തെ വിവിധ കോർപ്പറേഷനുകളിൽ സാനിട്ടറി ഇൻസ്പെക്ടർ ഡിപ്ലോമയുള്ളവരെ മുൻഗണന നൽകിയാണ് ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായി നിയമിച്ചത്. അതേസമയം സംസ്ഥാന ആരോഗ്യ വകുപ്പിൽ മാത്രമാണ് പി.എസ്.സി. ചട്ടങ്ങൾ അട്ടിമറിച്ച് സാനിട്ടറി ഇൻസ്പെക്ടർ ഡിപ്ലോമയുള്ളവർക്ക് സ്ഥാനക്കയറ്റം നിഷേധിക്കുന്നത്.
ജില്ലാ അടിസ്ഥാനത്തിൽ ആദ്യം തയ്യാറാക്കിയ സീനിയോറിറ്റി ലിസ്റ്റ് പുനഃസ്ഥാപിച്ച് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബൂണലിന്റെ
ഉത്തരവിലൂടെ സർക്കാർ എടുത്ത അനുകൂല തീരുമാനം വേഗം നടപ്പാക്കണമെന്നും വിവേചനം അവസാനിപ്പിക്കാൻ സർക്കാരും വകുപ്പ് സെക്രട്ടറിയും അടിയന്തിരമായി ഇടപെടണമെന്നും അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ആശ്രാമം പി.ആർ.ബാലഗോപാൽ ആവശ്യപ്പെട്ടു.