സംസ്ഥാനത്ത് കൊവിഡ് സമൂഹ വ്യാപനമുണ്ടായിട്ടില്ലെന്ന് ആരോഗ്യ മന്ത്രി

kk-shylaja
തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് സമൂഹ വ്യാപനമുണ്ടായിട്ടില്ലെന്ന് ആരോഗ്യ മന്ത്രി കെ.കെ.ശൈലജ. ഇതുസംബന്ധിച്ച ഐ.സി.എം.ആർ റിപ്പോർട്ട് ഇതുവരെ സർക്കാരിന് കിട്ടിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു. സമ്പർക്കത്തിലൂടെയുള്ള രോഗബാധ സംസ്ഥാനത്ത് കുറയുന്ന സ്ഥിതിയാണ്. മറ്റ് സംസ്ഥാനങ്ങളിലെ ഭയാനകമായ സാഹചര്യം സംസ്ഥാനത്തില്ലെന്നും ആരോഗ്യമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.

സംസ്ഥാനത്ത് മെയ് 4 മുതൽ ജൂൺ 6 വരെ സർക്കാരിന്റെ ഔദ്യോഗിക കണക്കനുസരിച്ച് കേരളത്തിൽ ഉറവിടമറിയാത്ത 49 പേരുടെ രോഗബാധ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ശേഷമുള്ള ദിവസങ്ങളിൽ രോഗം ബാധിച്ച ഇരുപതിലേറെ പേരുടെ ഉറവിടവും വ്യക്തമല്ല. ഉറവിടമറിയാത്ത രോഗബാധ സംസ്ഥാനത്ത് വർദ്ധിക്കുന്നതിനൊപ്പം ആശങ്ക പരത്തുന്നതാണ് ഇവിടെ നിന്ന് പോയവർക്ക് മറ്റിടങ്ങളിൽ രോഗം സ്ഥിരീകരിക്കുന്നതും. നിശബ്ദ രോഗവ്യാപനത്തിന്റെ സൂചനയായാണ് ഇതിനെ വിദഗ്ധർ കാണുന്നത്.

കേരളത്തിൽ നിന്ന് തമിഴ്‌നാട്ടിലേയ്ക്ക് പോയവരിൽ ഇന്നലെ ഒറ്റ ദിവസം പതിനാറ് പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഒരു മാസത്തിനുള്ളിൽ രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം 66 ആയി ഉയർന്നു. കർണാടകത്തിലേയ്ക്ക് പോയ ഇരുപതിലേറെ പേർക്കും കൊവിഡ് കണ്ടെത്തിയിട്ടുണ്ട്.

Share

Leave a Reply

Your email address will not be published. Required fields are marked *