അഞ്ചൽ : ഉത്ര കൊലപാതകത്തിൽ പ്രധാന പ്രതികളായ സൂരജ്, പാമ്പ് പിടുത്തക്കാരൻ സുരേഷ് എന്നിവരെ വനംവകുപ്പിന്റെ നേതൃത്വത്തിൽ ഉത്രയുടെ വീട്ടിലെത്തിച്ച് തെളിവെടുത്തു.
ക്രൈംബ്രാഞ്ചാണ് പ്രധാനമായും കേസന്വേഷിക്കുന്നത്. ഇതിന്റെ ഭാഗമായി പാമ്പിന്റെ പോസ്റ്റുമാർട്ടം നടത്തിയിരുന്നു. പ്രായപൂർത്തിയായതും ഒരാളെ കൊല്ലാൻ പ്രാപ്തമായതുമായ മൂർഖൻ പാമ്പാണ് ഇതെന്ന് ഡോക്ടർമാർ കണ്ടെത്തിയിരുന്നു. മാംസത്തിന്റെ അവശിഷ്ടവും വിഷപ്പല്ലും തലച്ചോറും പരിശോധനയ്ക്കായി ശേഖരിച്ചിരുന്നു. ആയുധമില്ലാത്ത കൊലപാതകമെന്ന നിലയിൽ അന്വേഷണസംഘം പാമ്പിനെ ആണ് ആയുധമായി പരിഗണിക്കുന്നത്.
വന്യജീവി സംരക്ഷണ നിയമപ്രകാരം വനംവകുപ്പ് കേസെടുത്തിട്ടുണ്ട്. ഉത്രയുടെ വീട്ടിലെത്തിച്ച സൂരജിനെ കിടപ്പുമുറിയിലും വീട്ടുപരിസരത്തും പാമ്പിനെ കുഴിച്ചെടുത്ത സ്ഥലത്തും കൊണ്ടുപോയി തെളിവെടുത്തു. നാൽപ്പതിലധികം വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സംരക്ഷണയിൽ ജാഗ്രതയോടെയായിരുന്നു തെളിവെടുപ്പ്. അഞ്ചൽ ഫോറസ്റ്റ് റേഞ്ച് ഓഫീസർ ബി.ആർ. ജയന്റെ നേതൃത്തിൽ ഉള്ള വനം വകുപ്പ് ഉദ്യോഗസ്ഥർ തെളിവെടുപ്പ് നടപടികൾക്ക് നേതൃത്വം നൽകി.