സാധാരണക്കാരന് കൈതാങ്ങാവാന്‍ അര്‍ബന്‍ ബാങ്കുകളെ സഹായിക്കണം : യു.ബി.ഇ.ഒ

തൃശ്ശൂർ : ലോക് ഡൗണ്‍ മൂലം പ്രയാസമനുഭവിക്കുന്ന ചെറുകിട ഇടത്തരം കച്ചവടക്കാരെയും – കര്‍ഷകരെയും ,സാധാരണക്കാരെയും, സഹായിക്കാന്‍ പലിശ ഇളവ് വായ്പ നല്‍കാന്‍ ആര്‍ ബി ഐ അംഗീകാരമുള്ള സഹകരണ അര്‍ബന്‍ ബാങ്കുകളെ സഹായിക്കുന്നതിന് സര്‍ക്കാര്‍ പ്രത്യേകം പാക്കേജ് പ്രഖ്യാപിക്കണമെന്നും , ആര്‍.ബി.ഐ. സഹായം അര്‍ബന്‍ ബാങ്കുകള്‍ക്ക് കൂടി ബാധകമാക്കാന്‍ ഇടപെടണമെന്നും അര്‍ബന്‍ ബാങ്ക് എംപ്ലോയീസ് ഓര്‍ഗനൈസേഷന്‍ (യു.ബി.ഇ.ഒ) സംസ്ഥാന കമ്മറ്റി ഓണ്‍ ലൈന്‍ യോഗം ആവശ്യപ്പെട്ടു.

എല്ലാ മേഖലകളിലെയും വരുമാനം നിലച്ചതിനാല്‍ സാമ്പത്തികമായി വളരെ പ്രയാസമനുഭവിക്കുന്ന സാധാരണക്കാര്‍ വായപ തിരിച്ചടക്കാന്‍ കഴിയാതെ കഷ്ടപ്പെടുന്ന ഈ പ്രത്യേക സാഹചര്യത്തില്‍ എന്‍.പി.എ മാനദണ്ഡങ്ങളില്‍ ഇളവ് അനുവദിക്കാന്‍ സര്‍ക്കാര്‍ റിസര്‍വ്വ് ബാങ്കിനോട് ആവശ്യപ്പെടണമെന്നും ആവശ്യപ്പെട്ടു.നൂറ് കോടിക്ക് മുകളില്‍ നിക്ഷേപമുള്ള സഹകരണ അര്‍ബന്‍ ബാങ്കുകളില്‍ പ്രൊഫഷണലിസം കൊണ്ടുവരുന്നതിന്റെ ഭാഗമായി ബോര്‍ഡ് ഓഫ് മാനേജ്‌മെന്റ്, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ എന്നിവ നിയമിക്കാനുള്ള റിസര്‍വ്വ് ബാങ്ക് സര്‍ക്കുലര്‍ യൂണിയന്‍ പൊതുവെ സ്വാഗതം ചെയ്യുന്നുവെങ്കിലും ഇത് മൂലം ജനറല്‍ മാനേജര്‍ തസ്തികയിലേക്ക് പ്രമോഷന്‍ ലഭിക്കാനുള്ള ജീവനക്കാരുടെ അവകാശം ഇല്ലാതാക്കരുതെന്നും ഈ വിഷയത്തില്‍ ജീവനക്കാര്‍ക്കുള്ള ആശങ്ക അകറ്റണമെന്നും യോഗം ആവശ്യപ്പെട്ടു. ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ തസ്തികക്ക് ആർ.ബി.ഐ നിര്‍ദേശിച്ച യോഗ്യതയില്‍ ഡിഗ്രിയുടെ കൂടെ നിര്‍ദേശിച്ച പല ഡിപ്ലോമ കോഴ്‌സുകളും കേരളത്തില്‍ ലഭ്യമല്ലാത്തതിനാല്‍ കേരളത്തില്‍ അംഗീകരിച്ച ഹയര്‍ ഡിപ്ലോമ ഇന്‍ കോ-ഓപ്പറേഷന്‍ (എച്ച്.ഡി.സി), ബി.കോം (കോ-ഒപി) എന്നീ ബിരുദങ്ങള്‍ ഈ തസ്തികക്കുള്ള യോഗ്യതയായി പരിഗണിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ജീവനക്കാരുടെ ശമ്പള പരിഷ്‌കരണ നടപടികള്‍ ലോക് ഡൗണ്‍ മൂലം മുടങ്ങി കിടക്കുന്നതിനാല്‍ കുടിശ്ശികയായി കിടക്കുന്ന മൂന്ന് ഗഡു ക്ഷാമബത്തയെങ്കിലും ഉടനെ അനുവദിക്കണമെന്ന് യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. യോഗത്തില്‍ ജന: സെക്രട്ടറി കെ.എം.നാസര്‍ സ്വാഗതം ആശംസിച്ചു. വര്‍ക്കിംഗ് പ്രസിഡണ്ട് ഇ.ഒ.മുസ്തഫ അദ്ധ്യക്ഷം വഹിച്ചു – ട്രഷറര്‍ മജീദ് അമ്പലക്കണ്ടി, സുഫീര്‍ ഹുസൈന്‍ ആലുവ. ഫൈസല്‍ പരവക്കല്‍, ഷാഹുല്‍ ഹമീദ് കോട്ടക്കല്‍, ഫൈസല്‍ കളത്തിങ്ങല്‍, നൗഫല്‍ പാണ്ടികശാല കോഴിക്കോട്, ഹനീഫ കോട്ടക്കല്‍, ഫാത്തിമ ഫറോക്ക്, ആറ്റക്കോയ തങ്ങള്‍, റഷീദ് കുരിക്കള്‍, സൈനുല്‍ ആബിദീന്‍, ശിഹാബ്. യു.പി, അഹമ്മദ്.പി, ലത്തീഫ് കുരിക്കള്‍, പി.പി.എം. നൗഷാദ് ഈരാറ്റുപേട്ട, മുജീബ് ആറ്റിയേടത്ത്, ആഷിഖ് കണ്ണൂര്‍, മുഹമ്മദ് കോയ കോട്ടക്കല്‍, നജ്മുദ്ധീന്‍ മണക്കാട്ട്, തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *