കോഴിക്കോട് : സര്‍ക്കാരിന്റെ കൊടിയ വഞ്ചനക്ക് പ്രവാസി സമൂഹം മാപ്പ് തരില്ല എന്ന പ്രമേയവുമായി ജൂണ്‍ 24ന് സെക്രട്ടേറിയേറ്റ് പടിക്കല്‍ പ്രവാസി ലീഗ് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കും. സംസ്ഥാനത്തെ മുഴുവന്‍ ജില്ലാ കലക്ട്രേറ്റുകള്‍ക്ക് മുന്നിലും മണ്ഡലം താലൂക്ക് കേന്ദ്രങ്ങളിലും പ്രധാന നഗര കേന്ദ്രങ്ങളിലും പ്രതിഷേധ ധര്‍ണ സംഘടിപ്പിക്കും.
നാട്ടിലേക്ക് വരുന്ന പ്രവാസികള്‍ക്ക് കോവിഡ് പരിശോധന നിര്‍ബന്ധമാക്കിയ സര്‍ക്കാര്‍ നടപടി പിന്‍വലിക്കുക, സൗജന്യമായി നാട്ടിലെത്തിക്കുക, കോവിഡ് മൂലം മരണപ്പെട്ട പ്രവാസി കുടുംബങ്ങള്‍ക്ക് അടിയന്തിര സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുക, പ്രവാസി പുനരധിവാസം നടപ്പിലാക്കുക, സര്‍ക്കാര്‍ പ്രഖ്യാപിച്ച ആശ്വാസ ധനസഹായം ഉടന്‍ നല്‍കുക എന്നീ ആവിശ്യങ്ങളാണ് പ്രവാസി ലീഗ് ഉന്നയിക്കുന്നത്.
പ്രവാസി വിരുദ്ധപ്രവര്‍ത്തനങ്ങളാണ് സര്‍ക്കാരുകള്‍ നടത്തുന്നത്. വിദേശ നാടുകളില്‍ ദുരിതമനുഭവിക്കുന്ന അവരുടെ മരണം മുന്നൂറിനോടടുത്തു. മതിയായ ചികിത്സ കിട്ടാത്തതാണ് ഭൂരിഭാഗം പേരുടെയും മരണത്തിനു കാരണം. തൊഴില്‍ നഷ്ടപ്പെടുകയും വരുമാന മാര്‍ഗം നിലക്കുകയും ചെയ്തതിനാൽ റൂമുകളിലും ലേബര്‍ ക്യാമ്പുകളിലും കഴിയുകയാണ് ഭൂരിഭാഗം പ്രവാസികളും. രോഗികളോടൊപ്പം ഇടകലര്‍ന്നാണ് അവരുടെ ജീവിതം. ഏതുവിധേനയും നാട്ടിലെത്തുക എന്ന പ്രവാസിയുടെ ആഗ്രഹത്തിന് സര്‍ക്കാര്‍ തടയിടുകയാണ്.
നാട്ടിലേക്ക് വരുന്നവര്‍ക്ക് കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നത് അനീതിയാണ്. പല ഗള്‍ഫ് നാടുകളിലും അത് അസാധ്യമാണ്. ട്രൂനാറ്റ് പരിശോധനയ്ക്കുള്ള സംവിധാനം ഗള്‍ഫ് നാടുകളില്‍ ഒരുക്കുമെന്ന അസാധ്യമായ പ്രഖ്യാപനത്തില്‍ നിന്നും സര്‍ക്കാര്‍ പിന്നോട്ട് പോകണം. പ്രവാസികളെ നാട്ടിലെത്തിക്കുന്നതിന് നോര്‍ക്കയും സംസ്ഥാന സര്‍ക്കാരും മുന്‍കൈയെടുത്ത് പ്രത്യേക വിമാനം ഒരുക്കണം. പ്രവാസികളെ മരണത്തിലേക്ക് തള്ളി വിടരുതെന്നും പ്രവാസി ലീഗ് ആവിശ്യപ്പെട്ടു. പത്രസമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് ഹനീഫ മുന്നിയൂര്‍, ജനറല്‍ സെക്രട്ടറി കെപി ഇമ്പിച്ചി മമ്മു ഹാജി എന്നിവര്‍ പങ്കെടുത്തു.