മലയാളത്തിന് മേടയിൽ ഗോപാലൻ നായർ മകൻ എം.ജി.രാധാകൃഷ്ണൻ പാടിത്തന്നത് പാരമ്പര്യവഴികൾ വിട്ടുള്ള സംഗീതച്ചീളുകളാണ് അതാണ് എം ജി രാധാകൃഷ്ണന്റെ സംഗീതത്തെ ധന്യമാക്കിയതും ഇന്നോളം ആരും സ്വീകരിച്ചിട്ടില്ലാത്ത ആ ഹരിരാഗം അടിസ്ഥാനമാക്കി മണിച്ചിത്രത്താഴിലെ പഴം തമിഴ് പാട്ടിഴയും എന്ന ഗാനം ചിട്ടപ്പെടുത്താൻ കാട്ടിയ ധൈര്യവും ആർജ്ജവും തന്നെയാണ് പുതിയ ശബ്ദങ്ങളെ മലയാളം സിനിമാ പിന്നണി ഗാനരംഗത്തിന് പരിചയപ്പെടുത്താനും അദ്ദേഹം കാഴ്ചവെച്ചത്. അതു കൊണ്ടാണ് നമുക്ക് കെ എസ് ചിത്രയേയും അരുന്ധതിയേയും, ഉഷാരവിയേയും, ഭാവനാ രാധാകൃഷ്ണനേയും പോലുള്ള ഗായികമാരെ ലഭിച്ചത് ‘
ഞാൻ ഏകനാണ് എന്ന സിനിമയ്ക്ക് വേണ്ടി സത്യൻ അന്തിക്കാടെഴുതി എം.ജി. ആർ ഈണം പകർന്ന ഓ….. മൃദുലേ…. എന്ന പാട്ടുമായി ബന്ധപ്പെട്ട വിചിത്രമായ ഒരോർമ്മയെ പറ്റി അദ്ദേഹം എഴുതിയിട്ടുണ്ട്. ആലപ്പുഴ എസ്.ഡി.കോളേജ്, യൂണിവേഴ്സിറ്റി ഈവനിംഗ് കോളേജ് എന്നിവിടങ്ങളിലായിരുന്നു പഠനം. സ്വാതി തിരുനാൾ സംഗീത കോളേജിൽ നിന്ന് ഗാന ഭൂഷണം പാസായി. അവിടെ ശെമ്മാങ്കുടിയുടെ കീഴിലും സംഗീതമഭ്യസിച്ചു. അച്ഛൻ്റെ സുഹൃത്തും സഹപ്രവർത്തകനുമായ അഗസ്റ്റിൻ ജോസഫിൻ്റെ മകൻ യേശുദാസ് സംഗീത കോളേജിൽ രാധാകൃഷ്ണൻ്റെ സഹപാഠിയായിരുന്നു. പിൽക്കാലത്ത് ഈ ബന്ധം ദൃഢമായി . 1962-ൽ തിരുവനന്തപുരം ആകാശവാണി നിലയത്തിൽ ഔദ്യോഗിക ജീവിതം ആരംഭിച്ചു. ” ഘനശ്യാമ സന്ധ്യാം ഹൃദയം…. ,, “ഓsക്കുഴൽ ഒഴുകി വരും…..” മുത്തു കൊണ്ടെൻ മുറം നിറഞ്ഞു…… ശ്രീ ഗണപതിയുടെ തുടങ്ങി നിരവധി ജനപ്രിയ ലളിതഗാനങ്ങൾക്ക് സംഗീതം പകർന്നു. ഒരു കാലഘട്ടത്തിൽ കേരളത്തിൻ്റെ സ്കൂൾ – സർവ്വകലാശാലയുടെ യുവജനോത്സവ വേദികളിലെ ലളിതഗാനസദസ്സുകളിലെ സ്ഥിരം പാട്ടുകളായിരുന്നു ഇവ.
21 വയസ്സിൽ കള്ളിച്ചെല്ലമ്മ എന്ന ചിത്രത്തിൽ ആദ്യമായി പാടി.” രാമായണത്തിലെ സീത….. ” പല്ലനയാറ്റിൻ തീരത്ത്….. ശാരികേ, തുടങ്ങി ഒട്ടേറെ ഹിറ്റ് പാട്ടുകൾക്ക് ശബ്ദമേകി. 1978-ൽ അരവിന്ദൻ്റെ തമ്പ്, രണ്ട് ജന്മം എന്നീ ചിത്രങ്ങളിലൂടെ സംഗീത സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. 2000 ൽ ആകാശവാണിയിൽ നിന്ന് ഗ്രേഡ് വൺ കമ്പോസറായി അദ്ദേഹം വിരമിച്ചു. തൊട്ടടുത്ത വർഷം ” അച്ഛനെയാണെനിക്കിഷ്ടം” എന്ന ചിത്രത്തിലൂടെയും 2005-ൽ അനന്തഭദ്രത്തിലെയും സംഗീത സംവിധാനത്തിനു സംസ്ഥാന അവാർഡ് നേടി.മണിച്ചിത്രത്താഴിലെ ഗാനങ്ങൾ അദ്ദേഹത്തെ പ്രശസ്തിയുടെ കൊടുമുടിയിലെത്തിച്ചു. ചാമരം, ദേവാസുരം, അദ്വൈതം, അഗ്നിദേവൻ, സർവ്വകലാശാല, അനന്തഭദ്രം തുടങ്ങിയ ചിത്രങ്ങളിലെ ഗാനങ്ങളും ശ്രദ്ധേയമാണ്.
മലയാളികളുടെ ഗൃഹാതുര സ്മരണകളിൽ മൂളിപ്പാട്ടുകളുമായി രാധാകൃഷ്ണൻ്റെ പാട്ടുകളെത്രയോ ആണ് ……. കാനന പെണ്ണ് (ചെമ്പരത്തി ) തമ്പ്, ഒരു വാക്കിൽ (അയിത്തം) , ഒരു ദലം മാത്രം (ജാലകം) മുക്കുറ്റി ….. തിരുതാളീ (ആരവം) , കുടയോളെ ഭൂമി….. മൗനമേനിയേയും….. മൗനമേ….. ( തകര) നാഥാ നീവരും (ചാമരം), ഓ മൃദുലേ….. പ്രണയ വസന്തം (ഞാൻ ഏകനാണ് ), സൂര്യ കിരീടം വീണുടഞ്ഞു, അമ്പലപ്പുഴ കണ്ണനോടു നീ ,കാറ്റേ നീ വീശരുതിപ്പോൾ, തുടങ്ങി എണ്ണിയാലൊടുങ്ങാത്ത ഗാനങ്ങൾ രാധാകൃഷ്ണ സംഗീതത്തിലൂടെ മലയാളി മനസ്സിൽ ചിരപ്രതിഷ്ഠ നേടി.ദേവാസുരത്തിലെ വന്ദേ മുകുന്ദ ഹരേ എന്ന കീർത്തനം രാധാകൃഷ്ണൻ്റെ ആലാപന മികവിലൂടെ ചിത്രത്തിൻ്റെ ഹൈലൈറ്റായി.
പകരം വയ്ക്കാനില്ലാത്ത ശൈലിയായിരുന്നു. എം.ജി.ആർ എന്ന സംഗീത സംവിധായകൻ്റെ വിരൽ മുദ്ര. അടിപൊളിയിലും രാഗാധിഷ്ഠിതമായ മെലഡി വിളക്കിച്ചേർക്കുന്ന ഇന്ദ്രജാലം തന്നെയാണ് ” ത്ധങ്ങണക്ക ത്ധില്ലം ത്ധില്ലം ” പോലുള്ള തട്ടുപൊളിപ്പൻ പാട്ടുകളെയും ചിരഞ്ജീവികളാക്കി മാറ്റിയത്. മലയാള ലളിതഗാന ശാഖയും ചലച്ചിത്ര ലോകത്തിനും തീരാനഷ്ടമായിരുന്നു എം ജി യുടെ വേർപാട്. ഓർമ്മകൾ….. ഓർമ്മകൾ…. ഓലോലം തകരുമീ തീരങ്ങളിൽ…..
ഒരിക്കലെങ്കിലും കണ്ട മുഖങ്ങളെ മറക്കാനെളുതാമോ….
അനുകരണങ്ങളില്ലാത്ത ശൈലിയിൽ സംഗീതം തീർത്ത മഹാനായ ശില്പിയായിരുന്നു എം.ജി. ഒരു പക്ഷേ ചലച്ചിത്ര ഗാനങ്ങളേക്കാളേറെ ലളിത ഗാനശാഖയ്ക്ക് മുൻതൂക്കം നൽകിയിരുന്നു. കലയുടേയും സംഗീതത്തിന്റെയും കുടുംബത്തിൽ നിന്നെത്തിയ എം.ജി രാധാകൃഷ്ണൻ്റെ വഴി സംഗീതത്തിൻ്റെതായില്ലെങ്കിലേ അത്ഭുതമുള്ളൂ. അദ്ദേഹം വെറുമൊരു പാട്ടുകാരൻ മാത്രമായിരുന്നില്ലാ, പാട്ടുകാ രെ സൃഷ്ടിച്ചെടുക്കുന്ന സംഗീതജ്ഞനായിരുന്നു. ആ സംഗീത പ്രതിഭ ഓർമ്മ മാത്രമായി എന്ന് പറയാൻ വിഷമമായി.ആ ഓർമ്മകളോടൊപ്പം അദ്ദേഹത്തിൻ്റെ ഗാനങ്ങളും എന്നും നമ്മോടൊപ്പം ഉണ്ടാകും.
ആ…… ആ…… ആ
എന്നിട്ടും ഓമലാൾ വന്നില്ലല്ലോ
എന്നട്ടുത്തെന്നടുത്തിരുന്നില്ലല്ലോ
സംഗീത കച്ചേരികളുടെ ലോകത്ത് നിന്നും ആകാശവാണിയിലെത്തിയ രാധാകൃഷ്ണൻ അവിടെ നിന്നുമാണ് ലളിതഗാനങ്ങളുടെ പ്രസക്തി അദ്ദേഹം ശോതാക്കളെ അറിയിക്കുന്നത്. ലളിതഗാനങ്ങൾക്കും വലിയൊരു ആസ്വാദക സമൂഹമുണ്ടായി.ലളിതഗാനങ്ങളെ ജനകീയ വൽക്കരിച്ച സംഗീത സംവിധായകനായിരുന്നു എം.ജി രാധാകൃഷ്ണൻ ലളിതഗാനങ്ങൾക്ക് വേണ്ടി വലിയ ഉദ്യമങ്ങൾ ഒന്നും ഇപ്പോൾ നടക്കുന്നില്ലായെന്ന് നമുക്കറിയാം. അദ്ദേഹത്തിന്റെ പ്രസക്തി ഇപ്പോഴാണ് നാം അറിയുന്നത്. അത് അദ്ദേഹത്തിന്റെ ശബ്ദത്തിലും കൂടെയുണ്ടായിരുന്നവരുടെ ശബ്ദത്തിലുമൊക്കെ നമ്മൾ കേട്ടിരുന്നു. അവയൊക്കെ ഒട്ടും പ്രിയം കുറയാതെ ആസ്വാദക ഹൃദയങ്ങളിൽ ജീവിക്കുന്നു.
“മുകിലായ് വർണ്ണ മുകിലായ് വന്നു നീ കുളിരായ് ”
1962-ലാണ് തംബുരു ആർട്ടിസ്റ്റായി തിരുവനന്തപുരം ആകാശവാണിയിൽ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. പിന്നെ പ്രൊഡ്യൂസറായി. അക്കാലത്ത് ആകാശവാണിയിൽ ലളിതസംഗീത പാഠം ആരംഭിച്ചു. കാവാലം നാരായണ പണിക്കരുമായി ചേർന്ന് അദ്ദേഹത്തിന്റെ കവിതകൾ ലളിത ഗാനങ്ങളാക്കി മാറ്റി. കാവാലത്തിന്റെ പാട്ടെഴുത്തും. എം.ജി.രാധാകൃഷ്ണന്റെ സംഗീത സംവിധാനവും ലളിതഗാന ശാഖക്ക് പുതിയ മുഖം നൽകി.
“നീലക്കടമ്പുകൾ പൂ ചൂടി നില്പും തീരങ്ങളിൽ
നീലക്കാർവർണ്ണനെ തേടിയലഞ്ഞു വിരഹമായ് രാധയായ് ”
ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് 1940 ഓഗസ്റ്റ് 8 നാണ് ജനനം. അച്ഛൻ പ്രഗത്ഭനായ ഹാർമോണിസ്റ്റായിരുന്നു. അമ്മ കമലാക്ഷിയമ്മയും പ്രശസ്തയാണ്.അനുഗ്രഹീതരായ ആ ദമ്പതികളുടെ മൂന്ന് മക്കളിൽ മൂത്തവനായിരുന്നു എം.ജി. സംഗീത വിദുഷി ഡോ.ഓമനക്കുട്ടി, പ്രശസ്ത ഗായകൻ എം.ജി.ശ്രീകുമാർ എന്നിവർ സഹോദരങ്ങളാണ്.1978ൽ അരവിന്ദന്റെ തമ്പിലൂടെ സിനിമാ സംഗീത സംവിധായകനായി അരങ്ങേറ്റം കുറിച്ചു. തുടർന്ന് തകര എന്ന ചിത്രത്തിലെ എം.ജി യുടെ സംഗീത സംവിധാനത്തിന് എസ്. ജാനകി മികച്ച ഗായികയ്ക്കുള്ള അവാർഡ് നേടി.
“മൗനമേ നിറയും മൗനമേ ഇതിലേ പോകും കാറ്റിൽ ഇവിടെ വിരിയും മലരിൽ കുളിരായ് നിറമായ് ഒഴുകും ഉദ്ദിഷ്ഠിതാം ജാഗ്രതാം – പ്രാപ്ത്യവ രാനിഭോശതാ ശാരികേ ശാരികേ സിന്ധു ഗംഗാ നദീ തീരം വളർത്തിയ ഗന്ധർവ്വ ഗായികേ ”
സംഗീതം എം.ജിയ്ക്ക് ജന്മസിദ്ധമായിരുന്നു.ലളിതഗാനങ്ങൾക്ക് ഒട്ടനവധി സംഭാവനകൾ നൽകി. ആകാശവാണിയിൽ കുറേയേറെ നാൾ തിളങ്ങി. അദ്ദേഹം നൽകിയ സംഭാവനകൾ ഏറ്റവും മികച്ച ഗാനങ്ങളായി തന്നെ പരിണമിച്ചു . ജയചന്ദ്രൻ ആലപിച്ച മനോഹരമായ ഒരു ലളിതഗാനം.
ദ്വാപരയുഗത്തിലെ ഒരു പ്രേമസങ്കൽപം നിന്നെയെൻ രാധയാക്കി നീയറിയാതെ നീയെനിക്കേകി, നോവുന്ന സുരവുമായി ഓമലേ ഞാനെന്നും നീയറിയാത്ത നിശയിലെ ഗായകനായിരുന്നു. ഞാനെന്നും നിന്റെ അരികിലെത്താത്ത കാമുകനായിരുന്നു. എങ്കിലും മാന്മ സരോവരത്തിൽ നീ പുഷ്പ സുഗന്ധമായി ആരാഗന്ധമേ എന്റെ കിനാവുകൾ പ്രേമകവിതയായി ഞാനെന്നും നിന്റെ സദസ്സിലെ ഒരജ്ഞാതനായിരുന്നു നിൻ നൃത്ത വേദിയിൽ നിൻലയ ഭംഗിയിൽ അന്യനായ് ഞാനിരുന്നു കാണികളെല്ലാം ഒഴിഞ്ഞ സദസ്സിൽ നിന്നെയും കാത്തിരുന്നു ഏകയായ് നീവരുമെന്നോർത്തു നിന്നെയും പിന്നെയും കാത്തിരുന്നു ദ്വാപരയുഗത്തിലെ ഒരു പ്രേമസങ്കൽപം നിന്നെയെൻ രാധയാക്കി
ഭാവസാന്ദ്രമായ സ്വരത്തിൽ നമുക്ക് ലഭിച്ച ഈ ഗാനം എം.ജി.രാധാകൃഷ്ണന്റെ സംഭാവനയാണ്. ഈ ലളിതഗാനങ്ങളിലെന്ന പോലെ മലയാള ചലച്ചിത്രഗാനങ്ങളിലും തന്റെ മികവ് തെളിയിക്കുകയുണ്ടായി. അദ്ദേഹത്തിന്റെ ഗാനങ്ങളെല്ലാം തന്നെ ആ മനോജ്ജ സംഗീതത്തിന്റെ നെറുകയിലൂടെ ശ്രദ്ധേയമാക്കി. അദ്ദേഹം സംഗീത സംവിധാനം ചെയ്ത ഓരോ ഗാനങ്ങളും മലയാളിക്ക് ഹൃദിസ്ഥമാണ്.
മലയാളത്തിന്റെ ഇന്നത്തെ പ്രഗത്ഭരായ സംഗീത സംവിധായകരെല്ലാം എം.ജിയുടെ സംഭാവനകളാണ് .അദ്ദേഹത്തിന്റെ അനുജൻ എം.ജി.ശ്രീകുമാർ ,മലയാളത്തിന്റെ വാനമ്പാടി കെ.എസ്.ചിത്ര, സുജാത, വേണുഗോപാൽ തുടങ്ങി എല്ലാ പേരെയും കൈപിടിച്ചുയർത്തി മുൻനിരയിലേക്ക് കൊണ്ടുവന്നു.
എം.ജി.ഈണമിട്ട പ്രശസ്ത ലളിതഗാനം ഓടക്കുഴൽ വിളി ഒഴുകിയൊഴുകി വരും എന്ന ഗാനം ആകാശവാണിയിൽ പാടുന്നത് അന്നത്തെ അറിയപ്പെടുന്ന ഗായകൻ കരമന കൃഷ്ണൻ നായരാണ് .കൃഷ്ണൻ നായരുടെ മകളായ കെ.എസ്.ചിത്രയ്ക്കും ധാരാളം അവസരങ്ങൾ നൽകി പ്രോത്സാഹിപ്പിച്ചതും എം.ജി.ആണ്. എം.ജി.യുടെ ചലച്ചിത്ര ഗാനങ്ങളിലൂടെയും, ലളിതഗാനങ്ങളിലൂടെയും എം.ജി.ശ്രീകുമാർ തെളിഞ്ഞു വന്നു. എം.ജി.രാധാകൃഷ്ണന്റെ കച്ചേരികൾക്ക് പിന്നണിയിലിരുന്ന് പാട്ടുകൾ ഹൃദിസ്ഥമാക്കുമായിരുന്നു എം.ജി.ശ്രീകുമാർ.അങ്ങനെ എം.ജി. തന്നെ കൈപിടിച്ച് മുൻനിരയിലെത്തിക്കുകയായിരുന്നു അനുജൻ എം.ജി.ശ്രീകുമാറിനെ .അദ്ദേഹം നൽകിയ വഴിത്താരയിലൂടെ അനുജൻ എം.ജി. ശ്രീകുമാർ മലയാള ചലച്ചിത്ര വേദിയിലെ ഒന്നാംകിട ഗായകനായി മാറി.
പൂമകൾ വാഴുന്ന കോവിലിൽ നിന്നൊരു സോപാന സംഗീതം പോലെ തഴുകിയുണർത്തുന്ന സൂര്യ സംഗീതമായ് തീർത്തും മൗലികമായ ശൈലിയിൽ ലളിത ഗാനങ്ങൾ നമുക്ക് സംഭാവന ചെയ്ത ആളാണ് എം.ജി. ശരറാന്തൽ വെളിച്ചത്തിൽ ശയനമുറിയിൽ ഞാൻ ശാകുന്തളം വായിച്ചിരുന്നു ശാലീനമായ് സമോവന കന്യമായ് ശാരദേ നീ വന്നു നിന്നു ശാരദേ അനസൂയ അറിഞ്ഞില്ലാ പ്രിയംവദ കണ്ടില്ലാ ആശ്രമമൃഗം പോലുമറിഞ്ഞില്ലാ അക്ഷരങ്ങൾ നിരത്തിയതാളിയോലയിൽ അനുപമേ നീ നിറഞ്ഞു നിന്നു.
ഇന്നും ആ സ്വര സാന്നിധ്യം ആ ഗാനങ്ങളിലൂടെ നാം അറിയുന്നു. അദ്ദേഹം ബാക്കി വെച്ചു പോയ ആ സംഗീത വസന്തം എന്നും സൗരഭ്യം പടർത്തി നമുക്ക് ചുറ്റും ഉണ്ടാകും. ആ സ്വരവും സംഗീതവും ഒരിക്കലും മലയാളി മനസ്സിൽ നിന്നും മായുകില്ല. മലയാളം ഉള്ളിടത്തോളം കാലം നിലനിൽക്കുക തന്നെ ചെയ്യും.2010 ജൂലൈ രണ്ടാം തീയതി അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞു.ആ ആത്മാവിന് നിത്യശാന്തി നേരുന്നു