ന്യൂഡല്‍ഹി : കിഴക്കന്‍ ലഡാക്കിലെ ഗാല്‍വന്‍ താഴ്വരയിലുണ്ടായ ചൈനീസ് ആക്രമണത്തിനിടെ കാണാതായ 10 ഇന്ത്യന്‍ സൈനികരെ വിട്ടയച്ചതായി റിപ്പോര്‍ട്ട്. മൂന്നുദിവസത്തിന് ശേഷമാണ് ഇവരെ വിട്ടയച്ചത്. രണ്ട് സൈനിക ഓഫിസര്‍മാരെ ഉള്‍പ്പെടെയാണ് വിട്ടയച്ചതെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇന്ത്യയുടെ ഒരു സൈനികനേയും കാണാതായിട്ടില്ല എന്നായിരുന്നു സൈന്യവും കേന്ദ്ര വിദേശകാര്യ സഹമന്ത്രി എസ്. ജയശങ്കറും ഇന്നലെ പറഞ്ഞിരുന്നത്. ഇന്ത്യയുടെ 10 സൈനികര്‍ ചൈനയുടെ പിടിയിലുണ്ടെന്ന പ്രചാരണം കരസേന തള്ളിയിരുന്നു. ആരെയും കാണാതായിട്ടില്ലെന്നാണു വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവയും അറിയിച്ചിരുന്നു.
അതേസമയം, ചൈനീസ് ആക്രമണത്തില്‍ 76 സൈനികര്‍ക്ക് പരിക്കേറ്റതായി സൈനിക ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ആരുടെയും നില ഗുരുതരമല്ല. എല്ലാവരും ഡ്യൂട്ടിയില്‍ തിരിച്ചെത്താന്‍ പ്രാപ്ത രാണെന്നും എന്‍.ഡി.ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ സൈനിക ഉദ്യോഗസ്ഥര്‍ പറഞ്ഞു.
തിങ്കളാഴ്ചയുണ്ടായ ചൈനീസ് ആക്രമണത്തില്‍ കേണല്‍ സന്തോഷ് ബാബു ഉള്‍പ്പെടെ 20 ഇന്ത്യന്‍ സൈനികരാണ് വീരമൃത്യു വരിച്ചത്. കല്ലും ആണിതറച്ച വടിയും ഉപയോഗിച്ചായിരുന്നു ആക്രമണം.