സംവിധായകനും തിരക്കഥാകൃത്തുമായ കെ.ആർ.സച്ചിദാനന്ദൻ (സച്ചി) 49 അന്തരിച്ചു.തൃശ്ശൂർ ജൂബിലി മിഷൻ ഹോസ്പിറ്റലിൽ വച്ചായിരുന്നു അന്ത്യം. വടക്കാഞ്ചേരിയിലെ സ്വകാര്യ ഹോസ്പിറ്റലിൽ നടത്തിയ ഇടുപ്പ് മാറ്റിവെക്കൽ ശസ്ത്രക്രിയക്കിടെ ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് ഗുരുതരാവസ്ഥയിലായ അദ്ദേഹത്തെ ജൂബിലി മിഷൻ ഹോസ്പിറ്റലിലേക്ക് മാറ്റുകയായിരുന്നു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന അദ്ദേഹം മരണത്തിന് കീഴടങ്ങി.
ഹൈക്കോടതിയിലെ അഭിഭാഷകനായിരുന്ന സച്ചി സിനിമാ മോഹം കാരണം ആ ജോലി ഉപേക്ഷിക്കുകയായിരുന്നു. ഹൈക്കോടതിയിലെ മറ്റൊരു അഭിഭാഷകനായിരുന്ന സേതുവിനൊപ്പം സച്ചി സേതു എന്ന കൂട്ടുകെട്ടിൽ ചോക്ലേറ്റ് എന്ന സിനിമയ്ക്ക് തിരക്കഥ രചിച്ചു കൊണ്ടാണ് സിനിമാ മേഖലയിലേക്കുള്ള അരങ്ങേറ്റം. പിന്നീട് റോബിൻഹുഡ്, സീനിയേർസ്, മെയ്ക്കപ്പ്മാൻ, ഡബിൾസ് എന്നീ സിനിമകൾ ഇരുവരും ഒരുമിച്ച് എഴുതിയിരുന്നു. ഡബിൾസ് പരാജയപ്പെട്ടതിനു ശേഷം ഈ കൂട്ടുകെട്ട് പിരിഞ്ഞു.
പിന്നീട് റൺ ബേബി റൺ, ചേട്ടായീസ്, ഷെർലക് ടോംസ്, രാമലീല, ഡ്രൈവിങ് ലൈസൻസ് എന്നീ ചിത്രങ്ങളിൽ സച്ചി സ്വതന്ത്രതിരക്കഥാകൃത്തായി മാറി.അനാർക്കലി എന്ന ചിത്രത്തിലൂടെ സംവിധാനത്തിലും വ്യക്തിമുദ്ര പതിപ്പിച്ചു. അയ്യപ്പനും കോശിയും ആണ് സച്ചി അവസാനമായി തിരക്കഥ രചിച്ച ചിത്രം.