തിരുവനന്തപുരം : സംസ്ഥാനത്തെ വാഹന പരിശോധന ഡിജിറ്റലാകുന്നു. വാഹന പരിശോധനയ്ക്കാവശ്യമായ പ്രത്യേക ഡിജിറ്റല്‍ ഉപകരണം സംസ്ഥാനത്ത് എത്തിച്ചെന്നാണ് റിപ്പോര്‍ട്ട്. ആദ്യ ഘട്ടത്തില്‍ ഈ സൗകര്യം പ്രയോജനപ്പെടുത്തുക കൊച്ചിയിലാണ്. വൈകാതെ തന്നെ മറ്റു ജില്ലകളിലും ഡിജിറ്റല്‍ വാഹന പരിശോധന ആരംഭിക്കും.
കേന്ദ്രീകൃതമായ മോട്ടോര്‍ വാഹന വകുപ്പ് സംവിധാനം വരുന്നതിന്റെ ഭാഗമായാണ് ഡിജിറ്റല്‍ വാഹന പരിശോധന. പുതിയ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നത് വഴി കുറ്റകൃത്യങ്ങള്‍ കുറയുമെന്നാണ് വിലയിരുത്തല്‍. മോട്ടോര്‍ വാഹനവകുപ്പിന്റെ പരിവാഹന്‍ എന്ന വെബ്‌സെറ്റ് മുഖേനയാണ് ഈ സംവിധാനം പ്രവര്‍ത്തിക്കുക. ഇതിലൂടെ പിഴത്തുക ഓരോ സംസ്ഥാനത്തെയും പ്രത്യേകമായി അടക്കേണ്ടി വരില്ല. പ്രത്യേക പിഴത്തുക ഉണ്ടാവില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഉദ്യോഗസ്ഥരുടെ കൈവശമുള്ള പ്രത്യേക ഡിജിറ്റല്‍ ഡിവൈസിലൂടെ വാഹനങ്ങളുടെ വിവരങ്ങള്‍ അറിയാം. വാഹനത്തിന്റെ ഇന്‍ഷുറന്‍സ്, ടാക്സ്, ഫിറ്റ്നെസ്, അമിതവേഗം തുടങ്ങിയ എല്ലാ വിവരങ്ങളും ഡിവൈസില്‍ തെളിയും. ഇനി നിയമലംഘനം നടന്നിട്ടുണ്ടെങ്കില്‍ അതിനുള്ള പിഴത്തുക ഡിവൈസില്‍ത്തന്നെ രേഖപ്പെടുത്തും. ഇത് പിന്നീട് വാഹന ഉടമയ്ക്ക് നോട്ടീസായി ലഭിക്കുമെന്നാണ് വിവരം. ഡ്രൈവിംഗ് ലൈസന്‍സിലെ ക്രമക്കേടുകളും യന്ത്രം കണ്ടെത്തും. നേരത്തെ ഡ്രൈവറോ വാഹനമോ കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നതും അറിയാം.
ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് ഇതരസംസ്ഥാന വാഹനങ്ങള്‍ക്കെതിരെയും ഡ്രൈവര്‍മാര്‍ക്കെതിരെയും നിയമനടപടികള്‍ സ്വീകരിക്കാന്‍ നിലവിലുണ്ടായിരുന്ന ചില തടസ്സങ്ങള്‍ ഇതോടെ ഇല്ലാതാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ സാങ്കേതികവിദ്യ പരമാവധി ഉപയോഗപ്പെടുത്തി ഫലപ്രദമായ, സമഗ്രമായ ഒരു ട്രാഫിക് എന്‍ഫോഴ്സ്മെന്‍റ് സംവിധാനമാണ് ഇചലാന്‍ എന്നാണ് ഈ മേഖലയിലുള്ളവര്‍ പറയുന്നത്. സംസ്ഥാനത്ത് കൊച്ചിക്ക് പിന്നാലെ അധികം വൈകാതെ തന്നെ ഇത് 14 ജില്ലകളിലേക്കും വ്യാപിപ്പിക്കാനാണ് തീരുമാനം.