ന്യൂഡല്‍ഹി : കാണ്‍പൂര്‍-ദീന്‍ ദയാല്‍ ഉപാധ്യായ റെയില്‍വേ സെക്ഷന്റെ കിലോമീറ്റര്‍ സിഗ്‌നലിങും ടെലികോം കരാറും റെയിൽവേ റദ്ദാക്കി. ലഡാക്കിലെ സൈനിക ഏറ്റുമുട്ടലാണ് ചൈനീസ് കമ്പനിയുമായുള്ള കരാർ റദ്ദാക്കാൻ റെയിൽവേയെ പ്രേരിപ്പിച്ചത്. 471 കോടി രൂപയുടെ കരാറാണ് റെയില്‍വേ ചൈനീസ് കമ്പനിയുമായി ഒപ്പിട്ടിരുന്നത്.
അതേസമയം ലഡാക്ക് സംഘര്‍ഷമല്ല നടപടിക്ക് കാരണമെന്നാണ് റെയില്‍വേ നല്‍കുന്ന വിശദീകരണം.ലോക ബാങ്കിന്റെ ഫണ്ട് ഉപയോഗിച്ച് നടപ്പാക്കുന്ന പദ്ധതിയുടെ നടത്തിപ്പിന് ബീയ്ജിങ് നാഷണൽ റെയില്‍വേ റിസേര്‍ച്ച് ആന്‍ഡ് ഡിസൈന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സിഗ്നല്‍ ആന്‍ഡ് കമ്മ്യൂണിക്കേഷനുമായാണ് റെയില്‍ മന്ത്രാലയം കരാര്‍ ഒപ്പിട്ടത്. പദ്ധതി നടപ്പാക്കുന്നതിലെ കാലതാമസം കണക്കിലെടുത്താണ് കരാര്‍ അവസാനിപ്പിക്കുന്നതെന്ന് റെയില്‍വേ അറിയിച്ചു. നാല് വര്‍ഷം പിന്നിട്ടിട്ടും പദ്ധതിയുടെ 20 ശതമാനം പ്രവര്‍ത്തനമാണ് പൂര്‍ത്തീകരിച്ചിട്ടുള്ളത്.
അതേസമയം കേന്ദ്രത്തിന്റെ തീരുമാനം ലോകബാങ്ക് അംഗീകരിക്കുമോയെന്ന് കാത്തിരുന്നു കാണണമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ഇന്ത്യ-ചൈന അതിര്‍ത്തി വീണ്ടും സംഘര്‍ഷഭരിതമായതോടെ ചൈനീസ് ഉല്‍പ്പന്നങ്ങളും ആപ്ലിക്കേഷനുകളും അടക്കം നിരോധിക്കണമെന്ന ക്യാമ്പയിൻ രാജ്യത്തിലുടനീളം നടക്കുന്നുണ്ട്.