ദില്ലി : അതിഥി തൊഴിലാളികള്‍ക്കായി ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പാക്കേജുകള്‍ പ്രഖ്യാപിച്ചു. കൂടുതല്‍ തൊഴിലവസരങ്ങള്‍ ഒരുക്കുന്ന പാക്കേജാണിത്. ഗരീബ് കല്യാണ്‍ റോസ്ഗര്‍ അഭിയാന്‍ പദ്ധതിയാണ് പ്രഖ്യാപിച്ചത്. ഇതിലൂടെ തിരിച്ചെത്തിയ അതിഥി തൊഴിലാളികള്‍ക്ക് കൂടുതല്‍ തൊഴില്‍ നല്‍കാന്‍ സാധിക്കും. ഇതിനായി 50000 കോടിയാണ് ധനമന്ത്രി അനുവദിച്ചത്.
രാജ്യത്തെ ആറ് സംസ്ഥാനങ്ങളിലെ 116 ജില്ലകളിലായിട്ടുള്ള അതിഥി തൊഴിലാളികള്‍ക്കാണ് ഇതിലൂടെ നേട്ടമുണ്ടാവും. അതേസമയം തൊഴിലാളികള്‍ക്ക് ലോക്ഡൗണ്‍ കാലത്ത് നേരിട്ട് പണം അക്കൗണ്ടുകളിലെത്തിക്കണമെന്ന ആവശ്യം ശക്തമായിരിക്കെയാണ് സര്‍ക്കാരിന്റെ പ്രഖ്യാപനം വന്നിരിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഗരീബ് കല്യാണ്‍ അഭിയാന്‍ പദ്ധതി ഈ മാസം 20ന് ബീഹാറില്‍ ലോഞ്ച് ചെയ്യും.വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തിയ തൊഴിലാളികളെ കഴിവിനനുസരിച്ച് തരംതിരിക്കുന്നത് കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും ഒരുമിച്ചാണ് നടപ്പാക്കുക. ഇതില്‍ സ്‌കില്‍ മാപ്പിംഗ് നടത്തും. തിരിച്ചെത്തുന്ന എല്ലാ തൊഴിലാളികള്‍ക്കും ഈ പദ്ധതി പ്രകാരം തൊഴില്‍ നല്‍കും. 25 മേഖലകളിലായിട്ടാണ് തൊഴില്‍ സാധ്യതകള്‍ ഉണ്ടാക്കുക. കമ്മ്യൂണിറ്റി സാനിറ്റേഷന്‍ കോംപ്ലക്‌സ്, ഗ്രാമപഞ്ചായത്ത് ഭവന്‍, ദേശീയപാതാ അറ്റകുറ്റപണികള്‍, കിണര്‍, ഹോര്‍ട്ടികള്‍ച്ചര്‍ തൊഴില്‍ എന്നിവ ഇതില്‍ ഉള്‍പ്പെടും.
125 ദിവസത്തിനുള്ളില്‍ ഓരോ പദ്ധതികളും പൂര്‍ത്തീകരിക്കുമെന്നാണ് ധനമന്ത്രി ധനമന്ത്രി നിര്‍മ്മല സീതാരാമന്റെ പ്രഖ്യാപനം. ജല ജീവന്‍ മിഷന്‍, ഗ്രാമ സഡക് യോജന എന്നിവയില്‍ തൊഴിലാളികളെ ആവശ്യപ്പെടുന്നുണ്ട്. ഇവയുടെ ഭാഗമായുള്ള പദ്ധതികളിലൂടെ നിരവധി തൊഴിലവസരങ്ങള്‍ ഉണ്ടാവുമെന്നും നിര്‍മല പറഞ്ഞു. ഗ്രാമീണ മേഖലയിലെ പൊതുജന പദ്ധതികള്‍ പ്രധാനമന്ത്രി വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ഉദ്ഘാടനം ചെയ്യുമെന്നും ധനമന്ത്രി വ്യക്തമാക്കി.
ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദി എന്നിവരും ചടങ്ങിലുമ്ടാവും. ബീഹാറിലെ കഗാരിയ ജില്ലയിലെ ബേല്‍ദോര്‍ ബ്ലോക്കിലെ തെലിഹാര്‍ ഗ്രാമത്തിലാണ് ഈ പദ്ധതി ആദ്യം നടപ്പാക്കുക.
ബീഹാര്‍, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാന്‍, ജാര്‍ഖണ്ഡ്, ഒഡിഷ, എന്നിവയാണ് ക്യാമ്പയിന്റെ ഭാഗമായിരിക്കുന്നത്. ഇതില്‍ 27 ജില്ലകളെ സുപ്രധാനമായി കാണിക്കുന്നുണ്ട്. ഗ്രാമീണ സമ്പദ് വ്യവസ്ഥ ശക്തിപ്പെടുത്തുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം.
12 മന്ത്രാലയങ്ങള്‍ ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. ഗ്രാമീണ വികസന മന്ത്രാലയം, പഞ്ചായത്തീ രാജ്, റോഡ് ഗതാഗതം, കല്‍ക്കരി, ശുദ്ധജല, ശുചീകരണ, പരിസ്ഥിതി, റെയില്‍വേ, പെട്രോളിയം, എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടും.