കോഴിക്കോട് : കോവിഡ് മൂലം വിദേശത്ത് മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് പത്ത് ലക്ഷം രൂപയും ആശ്രിതർക്ക് സർക്കാർ ജോലിയും നൽകണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡൻ്റ് എം.സി. മായിൻഹാജി ആവശ്യപ്പെട്ടു. പ്രവാസി ലീഗ് സംസ്ഥാന കമ്മിറ്റി സംസ്ഥാനത്തുടനീളം സംഘടിപ്പിച്ച “ഇലയുണ്ട് സദ്യയില്ല”എന്ന പ്രതീകാത്മക സമരത്തിൻ്റെ ഉദ്ഘാടനം കോഴിക്കോട് കലക്ട്രേറ്റിന് മുമ്പിൽ നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.
വിദേശത്ത് മരണപ്പെടുന്ന കുടുംബങ്ങൾക്ക് യു.ഡി.എഫ് സർക്കാർ നോർക്ക മുഖേന നടപ്പിലാക്കിയ സാന്ത്വന പദ്ധതിയിലൂടെ രണ്ട് ലക്ഷം രൂപയുടെ ആനുകൂല്യം പോലും ഇതുവരെ നൽകിയിട്ടില്ല. കോവിഡിൻ്റ തുടക്കത്തിൽ നാട്ടിലേക്ക് വരാൻ തയ്യാറായ പ്രവാസികൾക്ക് ആവശ്യമായ യാത്രാ സൗകര്യം നിഷേധിച്ചത് കാരണമാണ് ആയിരക്കണക്കിന് മലയാളികൾ രോഗബാധിതരാവുകയും ഇരുനൂറിലധികം പേർ മരണമടയുകയും ചെയ്തത്. ഇത് അക്ഷന്തവ്യമായ കുറ്റമാണെന്ന് അദ്ദേഹം പറഞ്ഞു.
ഗൾഫിൽ ഇപ്പോഴും യാത്രാനുമതിക്കായി കാത്തിരിക്കുകയാണ് പ്രവാസികൾ. പ്രവാസികളെ രക്ഷിക്കാൻ നടപടിയുണ്ടായായില്ലെങ്കിൽ കനത്ത പ്രക്ഷോഭം നേരിടേണ്ടി വരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
പ്രവാസി ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.ഇമ്പിച്ചി മമ്മു ഹാജി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡൻ്റ് ഹുസ്സൈൻ കമ്മന. പി.കെ.മജീദ് ഹാജി വടകര. യു.കെ.ഹുസ്സൈൻ. എന്നിവർ പ്രസംഗിച്ചു. ജില്ലാ ജനറൽ സെക്രട്ടറി അഹമദ് കുറ്റിക്കാട്ടൂർ സ്വാഗതവും ജില്ലാ ട്രഷറർ കറാളത്ത് പോക്കർ ഹാജി നന്ദിയും പറഞ്ഞു.