ഇന്ധന വിലവർദ്ധനവ് ജനങ്ങളോടുള്ള വെല്ലുവിളി: കാലിക്കറ്റ് ചേംബർ

കോഴിക്കോട് : അന്താരാഷ്ട്ര മാർക്കറ്റിൽ ക്രൂഡോയിൽ വില കുറയുന്ന സാഹചര്യത്തിൽ പോലും അന്യായമായി എക്‌സൈസ് ഡ്യൂട്ടി വർധിപ്പിക്കുകയും ഇന്ധനവിലയിൽ കൊള്ള നടത്തുന്നതിനുമെതിരെ കാലിക്കറ്റ് ചേംബർ ഓഫ് കൊമേഴ്‌സ് ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും. അന്താരാഷ്ട്ര വിപണിയിൽ അസംസ്‌കൃത എണ്ണ വില ഇടിയുമ്പോഴെല്ലാം ആഭ്യന്തര വിപണിയിൽ ക്രമാതിതമായി നികുതി വർധിപ്പിക്കുക എന്ന നയം 2014 മുതൽ കേന്ദ്ര ഗവൺമെൻറ് അനുവർതിക്കുന്നതാണ്. നികുതി ലാഭം മാത്രം ലക്ഷ്യം വെക്കുന്ന സർക്കാർ നിലപാടും നിശബ്ദ പ്രതിപക്ഷ നിലപാടും ഒരു പോലെ പ്രതിഷേധാർഹമാണ്. തുടർച്ചയായുണ്ടാകുന്ന ഇന്ധന വിലവർദ്ധനവ് അവശ്യസാധനങ്ങളുടെ വിലയിൽ ക്രമാതീത വർദ്ധനവ് ഉണ്ടാക്കുകയും പ്രതിസന്ധി കാലഘട്ടത്തിലും സാധാരണക്കാരെ കൂടുതൽ ദുരിതത്തിലാക്കുകയും ചെയ്യുന്നു. കൊറോണ വൈറസുമായി ബന്ധപ്പെട്ട് അപ്രതീക്ഷിതമായി രാജ്യത്തുണ്ടായ പ്രതിസന്ധിയിലും തുടർച്ചയായ ലോക്ഡൗണിലും രാജ്യത്തുടനീളം നിരവധി സംരംഭകർ കടക്കെണിയിൽ അകപ്പെടുകയും ലക്ഷക്കണക്കിന് സാധാരണക്കാർക്ക് തൊഴിൽ നഷ്ടപ്പെടുകയും ചെയ്ത സാഹചര്യത്തിൽ പോലും ലാഭ കൊയ്ത്ത് മാത്രം ലക്ഷ്യം വെക്കുന്ന സർക്കാർ നയം സാധാരണക്കാരോടുള്ള വെല്ലുവിളിയാണ്. തുടർച്ചയായ ഇന്ധന വിലവർദ്ധനവ് ഉൽപന്നങ്ങളുടെ കടത്തുകൂലിയെ കാര്യമായി ബാധിച്ചത് മൂലം പൊതുജനങ്ങൾക് അവശ്യ സാധനങൾ പോലും നിഷേധിക്കുന്ന സാഹചര്യം സംജാതമായിരിക്കയാണ്. ഈ സാഹചര്യത്തിലാണ് പൊതുജന പങ്കാളിത്തത്തിൽ അന്യായമായ ഇന്ധനവില വർദ്ധനവിനെതിരെ ശക്തമായ പ്രതിഷേധ സമര പരിപാടികൾക്ക് സംഘടന രൂപംനൽകിയത്. ഇന്ധനവില വർദ്ധനവിനെതിരെയുള്ള പ്രതിഷേധങ്ങളുടെ ക്യാമ്പയിൻ ഉദ്ഘാടനം എഴുത്തുകാരൻ എൻ എം. കാരശ്ശേരി 15ന് നിർവഹിച്ചു. പ്രതിഷേധ വാഹന റാലി  18ന് വ്യാഴം 10.30 ന് കോഴിക്കോട് ബീച്ചിൽ നിന്നും ആരംഭിച്ച് മാനാഞ്ചിറ ഇൻകം ടാക്‌സ് ഓഫീസിനു മുമ്പിൽ അവസാനിക്കും. പരിപാടി എളമരം കരീം എംപി ഉദ്്ഘാടനം ചെയ്യും. ഈ സമയം പ്രതിഷേധ സൂചകമായി കേരളത്തിലുടനീളം ക്യത്യം 12 മണിക്ക് വാഹനങ്ങൾ നിർത്തിയിട്ട് സൂചക പ്രതിഷേധം പ്രകടിപ്പിക്കണമെന്ന് പൊതുജനങളോട് സംഘടന ആഹ്വാനം ചെയ്തു. കോവിഡ് 19 പകർച്ചവ്യാധി സമയത്ത് ഗവൺമെൻറ് നിർദേശിക്കുന്ന സാമൂഹിക അകലം കർശനമായി പാലിച്ചായിരിക്കും പ്രതിഷേധം.

Share

Leave a Reply

Your email address will not be published. Required fields are marked *