കൊല്ലം: നിര്‍ബന്ധിത ഗൃഹ നിരീക്ഷണം അവഗണിക്കുന്നവരെ പിടികൂടാൻ പോലീസ്. കൊവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നതിനാല്‍ വിദേശത്ത് നിന്നും അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുമെത്തി നിരീക്ഷണത്തില്‍ കഴിയുന്നവര്‍ നിയന്ത്രണങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പ് വരുത്തുന്നതിനായി പൊലീസിന്റെ ബൈക്ക് പട്രോളിംഗ് ശക്തമാക്കി.
ആരോഗ്യ പ്രവര്‍ത്തകരുടെ പരിശോധനയും തുടരും. ചിലര്‍ നിയന്ത്രണങ്ങള്‍ എല്ലാം അവഗണിച്ച് വ്യാപാര കേന്ദ്രങ്ങളിലും റസ്റ്റോറന്റുകളിലും പോകുന്നതായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പരാതിയുണ്ട്. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ സൗകര്യമുണ്ടെങ്കില്‍ സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ കഴിയേണ്ടതില്ലെന്നാണ് പുതിയ നിര്‍ദേശം.
ഇതിന്റെ അടിസ്ഥാനത്തില്‍ മിക്കവരും വീടുകളിലേക്ക് പോവുകയാണ്. പക്ഷേ വീടുകളിലെത്തുന്നവരില്‍ ഒരു ചെറിയ വിഭാഗം നിയന്ത്രണങ്ങളും പ്രതിരോധങ്ങളും തെറ്റിക്കുന്നതായാണ് പരാതി. ഇത്തരക്കാര്‍ക്കെതിരെ കേസെടുക്കാനും ആവശ്യമെങ്കില്‍ സര്‍ക്കാര്‍ കേന്ദ്രങ്ങളിലേക്ക് മാറ്റാനുമാണ് തീരുമാനം.