മുളക്കുഴ : ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരള സ്റ്റേറ്റ് സൺഡേ സ്കൂൾ ഡിപ്പാർട്ട്മെന്റ് പ്രീ സ്കൂൾ മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കായി ജൂൺ 21 ഞായറാഴ്ച മുതൽ യൂട്യൂബിൽ ഓൺലൈൻ ക്ലാസുകൾ നടത്തുന്നു.
കോവിഡ് 19 എന്ന മാരക രോഗ വ്യാപനത്താൽ രാജ്യത്ത് പ്രഖ്യാപിച്ച ലോക്ഡൗൺ മൂലം സഭകളിൽ സൺഡേ സ്കൂൾ ക്ലാസുകൾ നടത്തുവാൻ കഴിയാത്ത സാഹചര്യത്തിലാണ് ഓൺലൈൻ ക്ലാസുകൾ ആരംഭിക്കുന്നത്. നിശ്ചിത അധ്യാപകർ മുൻകൂട്ടി തയ്യാറാക്കുന്ന 13 ക്ലാസ്സുകളിലേക്കുള്ള 30 മിനിറ്റ് വീഡിയോ ക്ലാസുകൾ ഞായറാഴ്ചകളിൽ രാവിലെ 9 മണിക്ക് മുമ്പായി സൺഡേ സ്കൂൾ ഡിപ്പാർട്ട്മെന്റ് ആരംഭിച്ച യൂട്യൂബ് ചാനലിൽ അപ് ലോഡ് ചെയ്യും.
സൺഡേ സ്കൂൾ മേഖലാ, ഡിസ്ട്രിക്റ്റ് ഭാരവാഹികൾ വഴി അധ്യാപകർക്കും വിദ്യാർഥികൾക്കും ക്ലാസ്സുകളിലേക്കുള്ള യൂട്യൂബ് ലിങ്ക് എത്തിക്കും. വിദ്യാർത്ഥിക്ക് മറ്റ് ഏതു സമയത്തും ഈ ക്ലാസ്സുകൾ ലിങ്ക് വഴി ദർശിക്കാവുന്നതാണ്. ഓരോ സഭയിലേയും കുട്ടികളെ ഈ ക്ലാസ്സുകളിൽ പങ്കെടുപ്പിക്കുന്നതിൽ സഭാ ശുശ്രൂഷകനും ഹെഡ്മാസ്റ്ററും അദ്ധ്യാപകരും പ്രത്യേകം ഉത്സാഹിക്കണമെന്ന് സ്റ്റേറ്റ് പ്രസിഡണ്ട് പാസ്റ്റർ ജെ. ജോസഫും ,സെക്രട്ടറി പാസ്റ്റർ സാലു വർഗീസും അറിയിച്ചു. ലോക് ഡൗൺ മൂലം പല ക്ലാസുകളും നഷ്ടമായതിനാൽ ഈ അദ്ധ്യയന വർഷം പഠിപ്പിക്കേണ്ടത് 30 പാഠങ്ങളായി കുറയ് ക്കുവാനും തീരുമാനിച്ചു.
നവംബർ അവസാന ഞായറാഴ്ചകളിൽ നടത്തിവന്നിരുന്ന വാർഷിക പരീക്ഷ ജനുവരി രണ്ടാം ഞായറാഴ്ചയായിരിക്കും ഇനി മുതൽ നടത്തുക. മെരിറ്റ് പരീക്ഷ ഫെബ്രുവരി ആദ്യ ആഴ്ചയിൽ നടത്തും. വിജയികൾക്കുള്ള അവാർഡുകളും പന്ത്രണ്ടാം ക്ലാസ്സ് പൂർത്തിയാക്കുന്ന വർക്കുള്ള ഗ്രാജുവേഷനും ഫെബ്രുവരി അവസാനം മുളക്കുഴയിൽ ക്രമീകരിക്കുന്ന പ്രത്യേക സമ്മേളനത്തിൽ നൽകും.
ജൂൺ പത്തിന് സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ സി. സി. തോമസിന്റെ സാന്നിധ്യത്തിൽ നടന്ന സൺഡേ സ്കൂൾ സ്റ്റേറ്റ് ബോർഡിന്റെയും മേഖലാ, ഡിസ്ട്രിക്ട്, ഭാരവാഹികളുടെയും സംയുക്ത മീറ്റിങ്ങിലാണ് തീരുമാനങ്ങൾ കൈക്കൊണ്ടത്.