വനിതകള്‍ വിവിധ മേഖലകളില്‍ ജോലിചെയ്യുന്ന കാലഘട്ടമാണിത്. എന്നാല്‍ വന്‍കിട ബിസിനസ് കമ്പനികളുടെ തലപ്പത്തിരിക്കുന്ന വനിതകള്‍ വളരെ കുറവാണ്. പ്രത്യേകിച്ചും അതിവേഗ വില്‍പനയുള്ള ഉപഭോക്തൃ ഉല്‍പന്നങ്ങള്‍ വില്‍ക്കുന്ന കമ്പനികളുടെ തലപ്പത്തിരിക്കുന്നവര്‍ ഏറെയും പുരുഷന്മാരാണ്. എന്നാല്‍ ആ പതിവിന് മാറ്റം വരുത്തിക്കൊണ്ട് ചരിത്രം തിരുത്തുകയാണ് എം.ആര്‍.ജ്യോതി എന്ന നാല്‍പതുകാരി.
പ്രമുഖ എഫ്.എം.സി.ജി കമ്പനിയായ ജ്യോതി ലാബ്‌സ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറായി ഏപ്രില്‍ ഒന്നിന് അവര്‍ ചുമതലയേല്‍ക്കും. ഉജാല, മാക്സോ, പ്രില്‍, ഹെന്‍കോ, മാര്‍ഗോ, എക്‌സോ, തുടങ്ങിയ നിരവധി ഉല്‍പന്നങ്ങള്‍ ഉല്‍പാദിപ്പിക്കുന്ന ജ്യോതി ലാബോറട്ടറീസ് മാലയാളികള്‍ക്ക് സുപരിചിതമാണ്.
തൃശ്ശൂർ സ്വദേശിയായ എം.പി രാമചന്ദ്രന്‍ 1983ല്‍ ആരംഭിച്ച സ്ഥാപനമാണ് ജ്യോതി ലാബ്‌സ്. എം.പി രാമചന്ദ്രന്റെ മകളാണ് ജ്യോതി. ഹാര്‍വഡ് സര്‍വകലാശാലയില്‍ നിന്നും ഉപരിപഠനം കഴിഞ്ഞ ജ്യോതി 2005 മുതല്‍ കമ്പനിയുടെ ഡയറക്ടറായി പ്രവര്‍ത്തിക്കുകയായിരുന്നു. ജ്യോതിയുടെ അനുജത്തി എം.ആര്‍ ദീപ്തി ഏപ്രില്‍ ഒന്നു മുതല്‍ കമ്പനിയുടെ ഡയക്ടറായി ചുമതലയേല്‍ക്കും. നിലവില്‍ കമ്പനിയുടെ ഫിനാന്‍സ് വിഭാഗം മാനേജറാണ് അവര്‍.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് 5000 രൂപ മൂലധനവും ഉജാല എന്ന ഉല്‍പ്പന്നവുമായി ആരംഭിച്ച സ്ഥാപനമാണ് ജ്യോതി ലാബ്‌സ്. എന്നാല്‍ ഇന്ന് 1600കോടി രൂപ വരുമാനമുള്ള വമ്പന്‍ ബിസിനസ് ഗ്രൂപ്പാണ് അവര്‍.